Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിദേശ ജോലി വാഗ്ദാനം...

വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ

text_fields
bookmark_border
വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
cancel
camera_alt

റോയി ജോസഫ്

ചെറുതോണി: കോടിക്കണക്കിന് രൂപയുടെ വിസ തട്ടിപ്പ് നടത്തിയ പ്രതിയെ തട്ടിപ്പിനിരയായവരുടെ സഹായത്തോടെ ഇടുക്കി പൊലീസ് പിടികൂടി. കോട്ടയം പുതുപ്പള്ളി സ്വദേശി പുളിക്കൽ റോയി ജോസഫിനെയാണ് (44) ചെറുതോണിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. യൂറോപ്യൻ രാജ്യമായ ലക്സംബർഗിൽ ജോലി വാഗ്ദാനം ചെയ്ത് പണം കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. ഒരു വിസക്ക് 25 ലക്ഷം രൂപയാണ് ഈടാക്കിയിരുന്നത്.

അഡ്വാൻസായി 10 ലക്ഷം രൂപ നൽകണം. പിന്നീട് നടപടികൾ പൂർത്തിയാകുമ്പോൾ 13 ലക്ഷം രൂപയും വിദേശത്തേക്ക് പോകുമ്പോൾ ബാക്കി രണ്ടു ലക്ഷം രൂപയും നൽകണമെന്ന വ്യവസ്ഥയിലാണ് പലരിൽ നിന്നും പണം വാങ്ങിയത്. പണം വാങ്ങുമ്പോൾ നോട്ടറി വക്കീൽ നൽകിയ രസീതുകളും ഇയാൾ നൽകും. 13 ലക്ഷം രൂപയുടെ ചെക്കും ഉദ്യോഗാർഥികൾ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇടുക്കി മണിയാറൻകുടിയിലെ പത്തോളം പേരിൽനിന്ന് മാത്രം 87 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. മണിയാറൻകുടിയിലെത്തിയ ഇയാൾ രണ്ടു യുവാക്കളെ കണ്ടുമുട്ടി അവർക്കു സൗജന്യ വിസ വാഗ്ദാനം ചെയ്തു.

ഇവരിലൂടെ മറ്റു ആളുകളിൽനിന്ന് പണം വാങ്ങുകയായിരുന്നു. വീടും സ്ഥലവും പണയം വെച്ചും സ്വർണം വിറ്റുമാണ് പലരും പണം നൽകിയത്. വിസ ലഭിക്കാതായതോടെ വഞ്ചിക്കപ്പെട്ടവർ വാട്ട്സ് ആപ് കൂട്ടായ്മയുണ്ടാക്കി പരസ്പരം ബന്ധപ്പെട്ടു. ഇതിനിടെ വ്യാഴാഴ്ച ഇയാൾ ചെറുതോണിയിലെ ഒരു വക്കീലോഫീസിൽ പത്ത് പേരിൽനിന്ന് 10 ലക്ഷം രൂപ വീതം വാങ്ങാൻ എത്തുമെന്ന വിവരം ലഭിച്ചു. തുടർന്ന് പല സ്ഥലങ്ങളിലായി കാത്തുനിന്ന ആളുകൾ രാവിലെ പതിനൊന്നോടെ ഓഫിസിലെത്തിയ പ്രതിയെ തടഞ്ഞുവച്ചു.

പണം തിരികെ നൽകാൻ ഒരു മാസം സമയം ചോദിച്ചതോടെ പ്രശ്നം രൂക്ഷമായി. ഇതിനിടെ ഡൽഹിയിലുള്ള ഇയാളുടെ ഭാര്യ ഇടുക്കി ജില്ല പൊലീസ് മേധാവിയെ വിളിച്ച് ഭർത്താവിനെ തടഞ്ഞുവെച്ചതായി അറിയിച്ചു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ വലിയ വിസ തട്ടിപ്പ് സംഘത്തിലെ കണ്ണിയാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൂലമറ്റം, മണിയാറൻകുടി, കട്ടപ്പന, ഉപ്പുതറ, കോട്ടയം, മലപ്പുറം, തൊടുപുഴ, തൃശൂർ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഇയാൾ വിസ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
TAGS:Suspect arrested Foreign Jobs defrauding 
News Summary - Suspect arrested for defrauding crores by promising foreign jobs
Next Story