22 ലക്ഷവുമായി മുങ്ങിയ പ്രതി 20 വര്‍ഷത്തിനുശേഷം പിടിയിൽ
text_fieldsബിജു
അഞ്ചല്‍ : ഇരുപത് വർഷം മുമ്പ് മൂന്നുപേരില്‍ നിന്നായി 22 ലക്ഷം രൂപ കടംവാങ്ങിയ ശേഷം മടക്കിനൽകാതെ മുങ്ങിയ ആളിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമണ്‍കാവ്, തെക്കേക്കര, അങ്ങാടിയില്‍ ബിജു (55)വാണ് പിടിയിലായത്. അഞ്ചൽ കേന്ദ്രീകരിച്ച് ചിട്ടിക്കമ്പനി നടത്തവേ 2005 ൽ കൂടല്‍ സ്വദേശികളായ രണ്ടുപേരില്‍ നിന്നും അടൂര്‍ സ്വദേശിയില്‍ നിന്നുമായി 22 ലക്ഷം രൂപ ബിജു വാങ്ങുകയും തിരികെ നല്‍കാതെ മുങ്ങുകയുമായിരുന്നു.
പണം നഷ്ടമായവർ അഞ്ചൽ പൊലീസില്‍ പരാതി നൽകി. എന്നാൽ, ഇയാളെ കുറിച്ച് ഒരുവിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനിടെ 2009 ല്‍ ബിജുവിനെ പുനലൂര്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. പലയിടങ്ങളിലായി മാറിമാറി താമസിച്ചുവന്ന ബിജു,
മൈസൂരില്‍ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം മൈസൂരിൽ നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ചലില്‍ എത്തിച്ച് പുനലൂർ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.