കണ്ണപുരം സ്ഫോടനം; ഒമ്പതു വർഷമായി കൂടെയുണ്ട്; എല്ലാം ചെയ്തത് അയാളെന്ന് അനൂപ് മാലിക്കിന്റെ മൊഴി
text_fieldsഅനൂപ് മാലിക്
കണ്ണൂർ: ജില്ലയെ വിറപ്പിച്ച കണ്ണപുരം കീഴറ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യാസഹോദരനെ പഴിചാരി അറസ്റ്റിലായ അനൂപ് മാലിക്. കാഞ്ഞങ്ങാട്ട് അറസ്റ്റിലായ പ്രതിയെ കണ്ണൂർ എ.സി.പിയുടെ ചുമതലയുള്ള നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി. രാജേഷിന്റെ മേൽനോട്ടത്തിൽ കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് മൊഴി നൽകിയത്.
തനിക്ക് ഒന്നും അറിയില്ല. ഒമ്പതു വർഷമായി അയാൾ കൂടെയുണ്ട്. എല്ലാം ചെയ്തത് അയാളാണ്. തുടങ്ങിയ കാര്യങ്ങളാണ് കൊല്ലപ്പെട്ട ഭാര്യാസഹോദരൻ മുഹമ്മദ് അഷമിനുമേൽ പഴിചാരി അനൂപ് മാലിക് പറഞ്ഞത്. അവന്റെ ഇടപാടുകളെപ്പറ്റി അറിയില്ല. താൻ വീട് വാടകക്കെടുക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തത്... ഇത്രയും പറഞ്ഞപ്പോഴേക്കും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം കൊല്ലപ്പെട്ടയാളിൽ മാത്രം ചുമത്താനുള്ള അനൂപ് മാലിക്കിന്റെ ശ്രമമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ, ഈ മൊഴികൾ പൊളിച്ചടുക്കിയാണ് പൊലീസ് തെളിവുകൾ നിരത്തി പ്രതിയെ പ്രതിരോധത്തിലാക്കിയത്. എന്നിട്ടും പറഞ്ഞു പഠിപ്പിച്ചപോലെ ഒന്നുമറിയില്ലെന്ന മൊഴിയിൽ മാലിക് ഉറച്ചുനിൽക്കുകയായിരുന്നു.
പഴയ സ്ഫോടനക്കേസുകളടക്കം സംഘം നിരത്തുകയും ചെയ്തു. മറ്റൊരു പ്രധാന തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടനത്തിൽ തകർന്ന റിട്ട. അധ്യാപകൻ ഗോവിന്ദന്റെ വീടിനുള്ള മാസവാടകയായ 4000 രൂപ നൽകിയത് അനുപ് മാലിക്ക് സ്വന്തം ഗൂഗ്ൾ പേ വഴിയാണെന്ന കാര്യമാണ് പൊലീസ് കണ്ടെത്തിയത്. സംഭവദിനം കാഞ്ഞങ്ങാട്ടേക്ക് രക്ഷപ്പെട്ട പ്രതി അഭിഭാഷകനെ കണ്ടു. അവിടെനിന്ന് ലഭിച്ച നിർദേശമനുസരിച്ചാണ് പ്രതിയുടെ മൊഴിയെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ഇനി ഫോൺ കാളുകളും അക്കൗണ്ടുകളും പരിശോധിക്കും.
ഉൾപ്പെട്ടത് ഒമ്പതു കേസിൽ; കാപ്പ ചുമത്തും
സ്ഫോടക വസ്തുക്കളുടെ നിർമാണവും ശേഖരവും വിൽപനയും വഴി അനൂപ് മാലിക് വൻ സമ്പാദ്യമുണ്ടാക്കിയതായി പൊലീസിന് വിവരം. 2010 മുതൽ ഇയാൾ കേസുകളിൽ ഉൾപ്പെട്ടതായാണ് വിവരം. പൊടിക്കുണ്ടിലെ വൻ സ്ഫോടനമടക്കം നടന്ന് എട്ട് കേസുകളിൽപെട്ടിട്ടും മാലിക് ബിസിനസ് തുടർന്നു.
പലയിടത്തും വീടുകൾ വാടകക്കെടുത്താണ് ഗുണ്ട് നിർമാണവും വില്പനയും തുടർന്നത്. എന്നിട്ടും ഇയാളെപ്പറ്റി തുടരന്വേഷണമുണ്ടായില്ലെന്നത് വലിയ വീഴ്ചയാണ്. ജില്ലയിൽ നിരവധി പേർക്കെതിരെ ഗുണ്ട ആക്ട് ചുമത്തുകയും കാപ്പയിൽ ജയിലിലാക്കുകയും ചെയ്തപ്പോഴൊന്നും രഹസ്യാന്വേഷണ വിഭാഗമടക്കം അനൂപ് മാലിക്കിനെ കണ്ടില്ലെന്നത് ചർച്ചയായിട്ടുണ്ട്.
ശനിയാഴ്ചത്തെ സ്ഫോടനത്തോടെയാണ് ഇയാളെ വീണ്ടും പുറംലോകമറിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ കീഴറയിൽ വീട് വാടകക്കെടുത്ത് അനധികൃത സ്ഫോടകവസ്തു നിർമാണവും വിൽപനയും തുടർന്നിട്ടും രഹസ്യാന്വേഷണ വിഭാഗം ഇതറിഞ്ഞില്ല. നാട്ടുകാർക്ക് സംശയമുണ്ടായിട്ടും അധികൃതർ അത് ഗൗനിച്ചതുമില്ല. നിലവിൽ ഒമ്പത് കേസുകളിൽ ഉൾപ്പെട്ടതോടെ അനൂപിനെതിരെ കാപ്പ ചുമത്താനാണ് പൊലീസിന്റെ തീരുമാനം.
ജിമ്മും രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധങ്ങളും
അനൂപ് മാലിക്ക് ജിമ്മിന്റെ മറവിലാണ് സ്ഫോടക വസ്തു നിർമാണവും വിൽപനയും വ്യാപിപ്പിച്ചത്. ജിം പരിശീലകനായി കുറച്ചുകാലം പ്രവർത്തിച്ചതിന്റെ മറവിലാണ് ഇയാൾ വലിയ സ്വാധീനമുണ്ടാക്കിയത്. ആളുകളോട് സൗമ്യമായി, വാക്ചാതുരിയോടെ സംസാരിച്ച് പോകുന്നതിനാൽ ഇയാളെ പെട്ടെന്ന് ആർക്കും സംശയം തോന്നിയിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറമുള്ള ചില ബന്ധങ്ങൾ ഉണ്ടാക്കിയെടുത്തതായും വ്യക്തമായിട്ടുണ്ട്.