പൊങ്കാലക്കെത്തിയ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്ന തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
text_fieldsമീന, മീനാക്ഷി, റോസ്നി, ശാന്തി
നേമം: പൊങ്കാല കഴിഞ്ഞ് മടങ്ങിയ വീട്ടമ്മമാരുടെ സ്വര്‍ണം കവര്‍ന്ന തമിഴ്നാട് സ്വദേശിനികളെ തമ്പാനൂര്‍ പൊലീസ് പിടികൂടി. ഊട്ടി മേട്ടുപ്പാളയം സ്വദേശിനി ശാന്തി (37), മേട്ടുപ്പാളയം സ്വദേശിനി റോസ്നി (40), കോയമ്പത്തൂര്‍ കാളിയമ്മന്‍ തെരുവ് സ്വദേശിനി മീനാക്ഷി (49), കോയമ്പത്തൂര്‍ പോത്തന്നൂര്‍ സ്വദേശിനി മീന (55) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചക്ക് 2.10, വൈകീട്ട് 5.15 എന്നീ സമയങ്ങളില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നിലാണ് സംഭവം. മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് കുറിയപടി സ്വദേശിനി കാളിയുടെ മകള്‍ പത്മാവതി (60), തിരുവനന്തപുരം നാവായിക്കുളം കടമ്പാട്ടുകോണം എസ്.കെ.വി ഹൈസ്കൂളിനു സമീപം കരിക്കകത്തില്‍ വീട്ടില്‍ ശാന്തമ്മയുടെ മകള്‍ രമണി എസ്. നായര്‍ (58) എന്നിവരുടെ സ്വർണാഭരണങ്ങളാണ് നാലംഗസംഘം കവര്‍ന്നത്. പത്മാവതിയുടെ ഒന്നേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാലയും രമണി എസ്. നായര്‍ കഴുത്തിലണിഞ്ഞിരുന്ന ഏലസും രണ്ടരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയുമാണ് അപഹരിച്ചത്.
റെയില്‍വേ സ്റ്റേഷനു മുന്നിലെ തിരക്കിനിടെ പ്രതികള്‍ മാല പൊട്ടിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. മാല നഷ്ടപ്പെട്ടവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനു മുന്നിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരമറിയിച്ചു. സി.ഐ ജിജുകുമാര്‍, എസ്.ഐമാരായ ബിനുമോഹന്, ചന്ദ്രകുമാര്‍, സി.പി.ഒമാരായ രമ്യ, ഹെല്‍മ, റൂബി എന്നിവര്‍ ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. നാലംഗ തമിഴ് സംഘം പൊങ്കാല സമയത്ത് സ്ഥിരമായി തിരുവനന്തപുരത്ത് എത്താറുണ്ടെന്നും മാലമോഷ്ടിച്ച് കടക്കാറുണ്ടെന്നുമാണ് പൊലീസ് നല്കുന്ന സൂചന. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.


