ക്ഷേത്ര കവർച്ച; പ്രതികൾ പൊലീസ് പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
വടുവഞ്ചാൽ: ചെല്ലങ്കോട് കരിയാത്തൻ ക്ഷേത്രത്തിൽ മോഷണം. പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്നു പേർ കൽപറ്റയിൽ പൊലീസിന്റെ പിടിയിലായി. നാലാമത്തെ പ്രതി ഓടി രക്ഷപ്പെട്ടു. കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. മുഹമ്മദ് സിനാൻ (20), കോഴിക്കോട് കരുവട്ടൂർ പറമ്പിൽ ബസാർ സ്വദേശി റിഫാൻ (20) എന്നിവരും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്. മൂന്ന് പ്രതികളെയും മേപ്പാടി സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു.
ഇവരെ കൽപറ്റ കോടതിയിൽ പിന്നീട് ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണവും ഓഫിസ് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു. കൽപറ്റ പൊലീസ് ചൊവ്വാഴ്ച പുലർച്ചെ നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണത്തിന്റെ സൂത്രധാരനായ പ്രധാന പ്രതിയാണ് ഓടി രക്ഷപ്പെട്ടത്.
പ്രതികൾ സഞ്ചരിച്ച കാറിൽനിന്നും കുറെ ചില്ലറ നാണയങ്ങളും ഭണ്ഡാരം കുത്തിത്തുറക്കാനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൽപറ്റയിൽ നടത്തിയ മോഷണത്തോടൊപ്പം വടുവഞ്ചാൽ ക്ഷേത്രത്തിലെ മോഷണവും തങ്ങളാണ് നടത്തിയതെന്ന് പിടിയിലായ പ്രതികൾ സമ്മതിച്ചതിനെത്തുടർന്ന് മേപ്പാടി പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങി സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി.


