20 കിലോമീറ്റർ പിന്തുടർന്ന് ലഹരി കേസിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി
text_fieldsലഹരികേസിലെ പ്രതിയെ പൊലീസ് പിടികൂടുന്നു
വാഴക്കാട്: വാഹന പരിശോധനക്കിടെ നിർത്താതെപോയ കാർ പിന്തുടർന്ന് പിടികൂടി വാഴക്കാട് പൊലീസ്. പ്രതി ഓമാനൂർ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് (42) വാഴക്കാട് പൊലീസ് സാഹസികമായി പിടികൂടിയത്. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴക്കാട്ടുനിന്നാരംഭിച്ച ചേസിങ് പുളിക്കൽ പള്ളിക്കൽ ബസാറിലാണ് അവസാനിച്ചത്.
വാഴക്കാട് പൊലീസ് ഇൻസ്പെക്ടർ കുഞ്ഞിമോയിൻകുട്ടിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ വാഹന പരിശോധന നടത്തുന്നതിനിടെ ചുവന്ന ആൾട്ടോ കാറിൽ എത്തിയ ഇയാൾ പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. തുടർന്നാണ് പിന്തുടർന്ന് പിടികൂടിയത്. ഉൾപ്രദേശങ്ങളിലൂടെയും അങ്ങാടികളിലൂടെയും പോക്കറ്റ് റോഡുകളിലൂടെയുമെല്ലാം അമിത വേഗത്തിൽ പ്രതി വാഹനമോടിച്ചെങ്കിലും പൊലീസിനെ വെട്ടിച്ച് കടന്നുകളയാനായില്ല. നേരത്തേ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി പൊലീസിൽ ഇയാൾക്കെതിരെ കേസുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇയാളെയും കാറും കൊണ്ടോട്ടി പൊലീസിന് കൈമാറി.