സഹപ്രവർത്തകരുടെ മർദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് വിനേഷിന്റെ നില അതീവ ഗുരുതരം; രക്ഷപ്പെട്ടാലും കോമയിലാകാൻ സാധ്യതയെന്ന് ഡോക്ടർ
text_fieldsഅറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാക്കൾ, പരിക്കേറ്റ വിനേഷ്
പാലക്കാട്: ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ക്രൂരമായ മർദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് വിനേഷിന്റെ നില ഗുരുതരമായി തുടരുന്നു. പാലക്കാട് വാണിയംകുളത്താണ് പനയൂർ സ്വദേശി വിനേഷിന് സഹപ്രവർത്തകരിൽ നിന്ന് ക്രൂരമർദനമേറ്റത്. തലക്ക് ഗുരുതര പരിക്കുള്ള വിനേഷ് വെന്റിലേറ്ററിലാണ്.
വിനേഷിന്റെ തലച്ചോറിൽ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടർ ബിജു ജോസ് പറഞ്ഞു. വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാനാണ് സാധ്യതയെന്നും ഡോക്ടർ പറഞ്ഞു.
വിനേഷിനെ കൂർത്ത ആയുധം കൊണ്ട് അടിച്ച സൂചനയില്ല. എന്നാൽ നിലത്ത് വീണുണ്ടായ പരുക്കുമല്ല. ഇടത്തെ കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. ശരീരത്തിൽ ചിലയിടങ്ങളിൽ ചതവുണ്ട്. ശരീരത്തിൽ പുറമെയ്ക്ക് വലിയ പരുക്കില്ല. ആന്തരിക ക്ഷതമാണ് പ്രധാനമെന്നും ഡോക്ടർ പറയുന്നു.
സംഭവത്തിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗം ഹാരിസ്, കൂനത്തറ മേഖല കമ്മിറ്റി ഭാരവാഹികളായ സുർജിത്, കിരൺ എന്നിവരെ ഇന്നും വിശദമായി ചോദ്യം ചെയ്യും . പ്രധാന പ്രതിയായ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി രാകേഷിനും മറ്റു രണ്ടു പ്രതികൾക്കുമായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇവർ ഒളിവിൽ പോയെന്നാണ് വിവരം. വാണിയംകുളത്ത് യുവാവിനെ ആക്രമിച്ചതില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ തള്ളി സി.പി.എം. പ്രതികളായ നേതാക്കള്‍ക്കെതിരെ സംഘടന നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.അജയകുമാര്‍ പറഞ്ഞു.
വിനീഷ് പനയൂർ യൂനിറ്റ് അംഗവും വാണിയംകുളം മേഖലാ കമ്മിറ്റിയംഗവുമായിരുന്നു. സംഘടനാ ക്രമീകരണത്തിന്‍റെ ഭാഗമായി വാണിയംകുളം, കൂനത്തറ എന്നീ രണ്ട് മേഖലകളായി തിരിച്ചു. വാണിയംകുളം മേഖലയിൽ നിന്ന് വിനീഷ് കൂനത്തറ മേഖലയിലേക്ക് മാറി. ഒപ്പം പനയൂർ യൂനിറ്റും കൂനത്തറയിലേക്ക് മാറി.
ഇവിടെ വിനീഷ് ഡി.വൈ.എഫ്.ഐ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. ഈ സമയത്ത് പനയൂർ ഉൾപ്പെടെയുള്ള യൂനിറ്റ് കമ്മിറ്റികൾ വാണിയംകുളം മേഖലയിലേക്ക് വീണ്ടും തിരിച്ചുമാറ്റി. ഇതിൽ വാണിയംകുളം മേഖല കമ്മിറ്റിയുമായി വിനീഷിന് വിയോജിപ്പ് ഉണ്ടാവുകയും അക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു.
പിന്നാലെ വാണിയംകുളം മേഖല കമ്മിറ്റിയംഗമായ വിനീഷ് സംഘടനാ ചുമതലയിൽ നിന്ന് പൂർണമായി മാറിനിന്നു. പിന്നീട് ഡി.വൈ.എഫ്.ഐയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ എതിർക്കുന്നതിലേക്ക് വിനീഷ് കടന്നു. കഴിഞ്ഞ ദിവസം വാണിയംകുളം മേഖല സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിനീഷ് കമന്‍റിടുകയും ഇതിന് മറുപടിയായി പ്രാദേശിക നേതാക്കൾ തിരിച്ചും കമന്‍റിട്ടു.
താൻ വാണിയംകുളത്ത് ഉണ്ടെന്നും ആക്രമിക്കേണ്ടവർക്ക് വരാമെന്നും വിനീഷ് വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിൽ വിനീഷിന് നേരെ വാണിയംകുളം, പനയൂർ ഭാഗങ്ങളിൽ നിന്ന് ആക്രമണം ഉണ്ടാവുകയായിരുന്നു.
മൂന്നു വർഷം മുമ്പ് പരാതിയുടെ അടിസ്ഥാനത്തിൽ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് വിനീഷിനെ പുറത്താക്കിയിരുന്നു. ഡി.വൈ.എഫ്.ഐ കൂനത്തറ മേഖലാ കമ്മിറ്റി രൂപീകരിച്ചതോടെ ജോയിന്‍റ് സെക്രട്ടറിയായ വിനീഷ് സംഘടനയിൽ വലിയ തിരിച്ചുവരവാണ് നടത്തിയിരുന്നത്.