ലഹരിമാഫിയ കീഴടക്കുന്ന ഐ.ടി നഗരം
text_fieldsകാക്കനാട്: ഐ.ടി നഗരമായ കാക്കനാട് ചെറിയ അളവിൽ കഞ്ചാവ് പിടികൂടുന്നതും മറ്റുമായിരുന്നു ഏതാനും വർഷം മുമ്പ് വരെ വന്നിരുന്ന ലഹരി വാർത്ത. ഇന്ന് അതിന് വലിയ മാറ്റം വന്നിരിക്കുന്നു. രാസലഹരി കച്ചവടവും ലഹരി ഉപയോഗിച്ച് ദിനംപ്രതി നടത്തുന്ന അക്രമവും ഐ.ടി നഗരത്തിന്റെ ഉറക്കം കെടുത്തുകയാണ്.
സ്ത്രീപുരുഷ ഭേദമില്ലാതെയാണ് ലഹരിയുടെ ഉപയോഗം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ലഹരിയെത്തുന്നയിടമായി കാക്കനാട് മാറിക്കഴിഞ്ഞു. കുറച്ചു മാസങ്ങൾക്കിടെ എടുത്ത വിവിധ ലഹരിമരുന്ന് കേസുകളുടെ എണ്ണം മാത്രം മതി ഐ.ടി നഗരത്തിന്റെ ‘റേഞ്ച്’ മാറിയെന്ന് മനസ്സിലാക്കാൻ. ശക്തമായ പരിശോധന ഇല്ലാത്തതാണ് കാക്കനാടിനെ ലഹരി കച്ചവടക്കാരുടെ ഇഷ്ടയിടമായി മാറ്റുന്നത്.
ലഹരി വിപണനത്തിന്റെ കണ്ണി പൊട്ടിക്കാൻ ജില്ല ആസ്ഥാനം കേന്ദ്രമാക്കി എക്സൈസ് റേഞ്ച് ഓഫിസ് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. എറണാകുളം എക്സൈസ് സർക്കിൾ ഓഫിസ് പരിധിയിലാണ് തൃക്കാക്കരയും പരിസര പ്രദേശവും. ഈ മേഖലകളിൽ ലഹരി മാഫിയ സംഘങ്ങൾ സജീവമാണ്. കഞ്ചാവ്, ലഹരി മരുന്നുകൾക്ക് പുറമേ വ്യാജ മദ്യവിൽപനയും കേന്ദ്രങ്ങളും പ്രദേശത്ത് പെരുകുന്നുണ്ട്.
ലഹരിസംഘങ്ങളുടെ ഏറ്റുമുട്ടലും പതിവാണ്. കാക്കനാട്ടെ രണ്ട് പൊലീസ് സ്റ്റേഷനുകളായ തൃക്കാക്കരയും ഇൻഫോപാർക്കും എറണാകുളത്ത് നിന്നുള്ള പ്രത്യേക സംഘത്തോടൊപ്പം ലഹരിമരുന്ന് പിടികൂടുന്നുണ്ടെങ്കിലും കാര്യമായ തുടർ അന്വേഷണമുണ്ടാകുന്നില്ല.
ഞെട്ടിച്ച് കണക്കുകൾ
2025 ജനുവരി, ഫെബ്രുവരി മാസത്തിൽ 50 ദിവസത്തിനിടെ 314 ലഹരിമരുന്ന് കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ശരാശരി ഒരു ദിവസം ആറു കേസുകൾ വീതം ഉണ്ടാകുന്നു. 314 കേസുകളിലായി 365 പേരെ അറസ്റ്റ് ചെയ്തതു. 99.396 കിലോ കഞ്ചാവും 622.5039 ഗ്രാം എം.ഡി.എം.എയും 29 ഗ്രാം ഹാഷിഷും 2.36 ഗ്രാം ബ്രൗൺഷുഗറും 17.58 ഗ്രാം ഹഷീഷ് ഓയിലും, .041 ഗ്രാം എൽ.എസ്.ഡി, 18.457 ഗ്രാം എൽ.എസ്.ഡി പഞ്ചസാര ക്യൂബ് ഇങ്ങനെ നിരവധി ലഹരി മരുന്നുകളാണ് രണ്ടു മാസത്തിനിടെ പിടികൂടിയത്.
2024ൽ കേസുകളുടെ എണ്ണം 2,475 ആണ്. ഇതിൽ 2795 പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇക്കാലയളവിൽ 333.51 കിലോ കഞ്ചാവ്, 1890 ഗ്രാം എം.ഡി.എം.എ ഉൾപ്പെടെ 18 ഓളം മയക്കുമരുന്ന് കേസുകളാണ് പിടികൂടിയത്. കോളജ് വിദ്യാർഥികൾ, യുവതീ യുവാക്കൾ, സിനിമ, ഐ.ടി. മേഖലകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയയുടെ പ്രവർത്തനം.
വിദേശത്തുനിന്ന് അതിർത്തി കടത്തിയാണ് നേരത്തെ രാസലഹരി എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗോവ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ ലഹരിനിർമാണ കേന്ദ്രങ്ങൾ ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടൽ മുറികളും ഫ്ലാറ്റുകളും സുരക്ഷിത കേന്ദ്രങ്ങൾ
ലഹരിയിടപാടുകള്ക്കും ഉപയോഗത്തിനുമുള്ള സുരക്ഷിത കേന്ദ്രങ്ങളാക്കുന്നത് ഫ്ലാറ്റുകളും ഹോട്ടല്‍ മുറികളുമാണ്. ഐ.ടി, മെട്രോ നഗരങ്ങളിൽ നിരവധി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചാണ് ഉപയോഗവും വിൽപനയും നടക്കുന്നത്. എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ വ്യാപകമായതോടെ ഒളിയും മറയുമില്ലാതെ ലഹരി ഉപയോഗിക്കാവുന്ന രീതിയില്‍ ജില്ല വളരുകയാണ്.
സാധാരണക്കാര്‍ക്കൊപ്പം നീതിപാലനത്തിന് ചുമതലപ്പെട്ട പൊലീസുകാര്‍ക്കും ലഹരിക്കടിമപ്പെടുന്നവരുടെ ആക്രമത്തില്‍ നിന്നും രക്ഷയില്ല. ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടത്തി വരുമാനമുണ്ടാക്കുന്നവർ ഏറിയെന്നും യുവതലമുറയെ ലഹരിയിലേക്ക് എത്തിക്കുന്ന ഘടകങ്ങള്‍ ജില്ലയിൽ നിരവധിയാണെന്നുമാണ് പൊലീസ് പറയുന്നത്. ദമ്പതികളെന്ന വ്യാജേന അധികവാടക ഈടാക്കി ലഹരി ഉപയോഗത്തിന് ഹോട്ടലുകളും സൗകര്യമൊരുക്കി നല്‍കുന്നുണ്ടെന്ന ആക്ഷേപവുമുണ്ട്.
വീടുകളും ഫ്ലാറ്റുകളും വാടകക്ക് നല്കുന്ന വിവരം ഉടമസ്ഥര്‍ പൊലീസിനെ അറിയിക്കാത്തതും ലഹരിമാഫിയ മുതലെടുക്കുന്നുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ലഹരിക്ക് അടിപ്പെടുന്ന യുവതികളുടെ എണ്ണം കൂടിവരുന്നത് ഏറെ ആശങ്കാജനകമാണ്. ലഹരി കടത്തിന്റെ കണ്ണികളായും ലഹരിമാഫിയയെ നിയന്ത്രിക്കുന്ന ശക്തിയായും സ്ത്രീകള്‍ മാറുന്നു.
യുവതലമുറ ഭീതി ജനിപ്പിക്കുന്നു
മുൻ കാലങ്ങളെ അപേക്ഷിച്ച് യുവതലമുറ ലഹരിമരുന്നും മദ്യവും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുമായി തങ്ങളുടെ ഭാവി നശിപ്പിക്കുകയാണ്. ലഹരി ഉപയോഗിച്ച് ഗതാഗത നിയമങ്ങൾ തെറ്റിച്ച് അപകടം ക്ഷണിച്ച് വരുത്തുന്നു. 40 ശതമാനം കുറ്റകൃത്യങ്ങളും ചെയ്യുന്നത് 18നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചു.
കുട്ടിക്കാലത്തെ സാഹചര്യങ്ങള്‍, മാതാപിതാക്കളുടെ സ്വാധീനം, കുടുംബ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവയെല്ലാം വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിൽ ബാധിക്കുന്നതായി മന:ശാസ്ത്രജ്ഞര്‍ പറയുന്നു. സ്മാര്‍ട്ട് ഫോണുകള്‍ക്ക് അടിമകളായവര്‍ അനുദിനം വർധിക്കുകയാണ്.
പുസ്തകങ്ങള്‍ വായിക്കുകയോ വിനോദങ്ങളിൽ ഏര്‍പ്പെടുകയോ ചെയ്യുന്നതിന് പകരം മൊബൈൽ ഫോണുകൾക്ക് അടിമകളാവുകയാണ്. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റ രീതികള്‍ തിരിച്ചറിഞ്ഞ് അവരെ ശരിയായ പാതയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും അവര്‍ നല്ല പൗരന്മാരായി മാറുക തന്നെ ചെയ്യും.