കോഴിവളര്‍ത്തല്‍ കേന്ദ്രത്തിൽ മോഷണം; 4.80 ലക്ഷവും സ്വർണവും നഷ്ടപ്പെട്ടു
text_fieldsമോഷണം നടന്ന കോഴിവളർത്തൽ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തുന്നു
പാറശ്ശാല: കരുമാനൂരില്‍ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലും സമീപത്തെ പെട്ടിക്കടയിലും മോഷണം.
കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 4.80 ലക്ഷം രൂപയും രണ്ട് മോതിരവും മോഷണം പോയി.
കരുമാനൂര്‍ രാജന് നിവാസില്‍ രാജന്റെ ഉടമസ്ഥതയിലുള്ള കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് തിങ്കളാഴ്ച രാവിലെ മോഷണം നടന്നത്.
പെട്ടിക്കടയില്‍നിന്ന് അയ്യായിരത്തോളം രൂപയും മോഷ്ടിക്കപ്പെട്ടു.രാജനും മകനും രാത്രിയില്‍ കോഴിവളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്. രാജന്റെ മകന് വെളുപ്പിന് മൂന്നോടെ പുത്തന്‍കടയിലെ കോഴിക്കടയിലേക്ക് പോയി. കുറച്ച് സമയത്തിനുശേഷം വിതരണക്കാര്‍ക്ക് നല്‍കാനുള്ള പണം എടുക്കുന്നതിനായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
കോഴിവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്തെ പെട്ടിക്കടയുടെ പൂട്ടുപൊളിച്ചനിലയില് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇരുവരുടെയും പരാതിയില്‍ പാറശ്ശാല പൊലീസ് കേസെടുത്തു.