നാട്ടികയിൽ അടച്ചിട്ട വീട്ടിലെ കവർച്ച: പ്രതി പിടിയിൽ
text_fieldsഅസ്ലം
തൃപ്രയാർ: നാട്ടിക പന്ത്രണ്ടാം കല്ലിൽ അടച്ചിട്ടിരുന്ന ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവർന്ന കേസിലെ പ്രതി പ്രത്യേക അന്വേഷണ സംഘത്തിെൻറ പിടിയിലായി.
ചേറ്റുവ ചുള്ളിപ്പടി മമ്മ സ്രായില്ലത്ത് അസ്ലമിനെ (46)നെയാണ് ഡിവൈ.എസ്.പി എൻ.എസ്. സലീഷിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാൾ ബംഗാളി അസ്ലം എന്നാണ് അറിയപ്പെടുന്നത്. മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ ആർഭാട ജീവിതം നയിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യും. അടച്ചിട്ട വീടുകൾ കണ്ടെത്തിയാണ് കവർച്ച നടത്തുകയെന്നും പൊലീസ് പറഞ്ഞു.
മോഷണം നടത്തിയ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ദേശീയപാത 66 നാട്ടിക എം.എ പ്രോജക്റ്റിന് എതിർവശം എരണേഴത്ത് വെങ്ങാലി മുരളിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ പത്താം തീയതി രാവിലെ വീട്ടുജോലിക്കായെത്തിയ സ്ത്രീയാണ് മോഷണം ആദ്യം അറിയുന്നത്.
മുരളിയും കുടുംബവും വിദേശത്താണ് താമസം. വീടിെൻറ സുരക്ഷക്കായി സി.സി.ടി.വി കാമറകൾ മൊബൈൽഫോണുമായി ബന്ധിപ്പിച്ചിരുന്നു. സി.സി.ടി.വിയിൽ ദൃശ്യങ്ങൾ കാണാതിരുന്നതിനെ തുടർന്ന് വീട്ടുടമ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധു വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സി.സി.ടി.വിയുടെ മോണിറ്ററും കാണാതായിരുന്നു. ടി.വി നശിപ്പിക്കാൻ ശ്രമിച്ചതായും കണ്ടെത്തി.
താഴത്തെ മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ഇരുനിലവീടിെൻറ മുകൾവശത്തെ പ്ലാസ്റ്റിക് നിർമിത വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. ഒരുമാസം മുമ്പാണ് മുരളിയും കുടുംബവും നാട്ടിലെത്തി മടങ്ങിയത്. ഡിവൈ.എസ്.പി സലീഷ് എസ്. ശങ്കറിനൊപ്പം വലപ്പാട് എസ്.എച്ച്.ഒ സുശാന്ത്, എസ്.ഐ ബിജു പൗലോസ് എന്നിവരും സി.ആർ. പ്രദീപ്, രാജി, അജയഘോഷ്, അരുൺ നാഥ്, ബാലകൃഷ്ണൻ, ലെനിൻ, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.