തിരുവാതുക്കൽ ഇരട്ടക്കൊല: പ്രതിക്ക് വൈരാഗ്യം വിജയകുമാറിനോട്, മകന്റെ മരണവുമായി ബന്ധമില്ലെന്ന് പൊലീസ്
text_fieldsകോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും കൊലപ്പെടുത്തിയ കേസിന് മകന്റെ മരണവുമായി ബന്ധമില്ലെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്. അറസ്റ്റിലായ പ്രതി അമിത് ഉറാങ്ങിന് വിജയകുമാറിനോടുണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതക കാരണം. മറ്റ് കാരണങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മകന്റെ മരണസമയത്ത് വിജയകുമാറിന് ശത്രുക്കൾ ഉള്ളതായി പൊലീസിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. അദ്ദേഹവും അത്തരം സംശയങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല.
മാർച്ചിൽ വിജയകുമാർ തന്നെ വന്നുകണ്ടിരുന്നു. മകന്റെ മരണത്തിലെ അന്വേഷണ ഫയലുകൾ സി.ബി.ഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. തുടർന്ന് കേസ് ഫയലുകൾ സി.ബി.ഐക്ക് നൽകി. അപ്പോഴും ഭീഷണിയെക്കുറിച്ചോ ശത്രുതയെക്കുറിച്ചോ പറഞ്ഞിരുന്നില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചിരുന്നു. അസ്വാഭാവിക ഇടപാടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എസ്.പി വ്യക്തമാക്കി.
ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം കൊലപാതകവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇനി അതിൽ പൊലീസിന് റോളില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴുവർഷം മുമ്പാണ് വിജയകുമാറിന്റെ മകൻ ഗൗതമിനെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കേസിന്റെ പേരിൽ പക
2024 ഫെബ്രുവരി മുതൽ അമിത് ഉറാങ്ങ് വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലുമായി ജോലി ചെയ്തുവരുകയായിരുന്നു. ആകസ്മികമായി കണ്ട അമിതിന് വിജയകുമാർ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. കട്ടപ്പനയിൽ ജോലി ചെയ്തിരുന്ന അമിത് ഉറാങ്ങും ഭാര്യയും ബംഗളൂരുവിലേക്ക് പോകാനായി കോട്ടയത്ത് എത്തിയപ്പോൾ വിജയകുമാറിന്റെ ലോഡ്ജിൽ താമസിച്ചു. അവിടെവെച്ച് ഇവരെ കണ്ട വിജയകുമാർ ഓഡിറ്റോറിയത്തിൽ സഹായിയുടെ ജോലി വാഗ്ദാനം ചെയ്യുകയും നിയമിക്കുകയുമായിരുന്നു.
ആറുമാസത്തോളം ഇവിടെ പ്രതി ജോലി ചെയ്തു. അവസാനമായപ്പോൾ 20 ദിവസത്തെ വേതനം വിജയകുമാർ നൽകാനുണ്ടായിരുന്നു. ഇതോടെ ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങി. പിന്നീട് വിജയകുമാർ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു. മടങ്ങിയെത്തിയശേഷം 15 ദിവസത്തോളം ജോലി ചെയ്തു. ഇതോടെ ശമ്പളകുടിശ്ശിക ഒരുമാസത്തേതായി. ഇത് അടുത്തമാസം നൽകാമെന്ന് വിജയകുമാർ പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യം പ്രതിക്ക് ഉണ്ടായിരുന്നു. ഒരുദിവസം ഒന്നും പറയാതെ ഇയാൾ ജോലി വിട്ടുപോയി. പിന്നീട് മടങ്ങിയ ഇയാൾ വിജയകുമാറിന്റെ ഫോൺ മോഷ്ടിക്കുകയും ഇതുപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് 2.79 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞയുടൻ വിജയകുമാർ ബാങ്കിൽ വിളിച്ച് പണം ഹോൾഡ് ചെയ്തു. ഇതോടെ പണം ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ പിടിക്കപ്പെടുമെന്നായപ്പോൾ വിജയകുമാറിനെ വിളിച്ച് പണം തിരിച്ചുനൽകാമെന്ന് പ്രതി പറഞ്ഞു. വിജയകുമാർ സമ്മതിച്ചില്ല. തുടർന്ന് വിജയകുമാറിന്റെ പരാതിയിൽ അറസ്റ്റിലായ ഇയാൾ അഞ്ചരമാസത്തോളം റിമാൻഡിൽ കഴിഞ്ഞു.
ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷവും പ്രതി വിജയകുമാറിനെ ബന്ധപ്പെട്ടു. കേസ് പിൻവലിക്കണമെന്നും പണം തിരികെ നൽകാമെന്നും അറിയിച്ചു. വിജയകുമാർ സമ്മതിച്ചില്ല. പ്രതി റിമാൻഡിൽ കഴിയുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ഇതിനിടെ ഗർഭം അലസി. ഇവർ അമിത് ഉറാങ്ങിൽനിന്ന് അകലുകയും ചെയ്തു. ഇതിനൊക്കെ കാരണക്കാരൻ വിജയകുമാറാണെന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത് -എസ്.പി പറഞ്ഞു.
പ്രഫഷനൽ രീതിയായിരുന്നില്ല
കൊല നടത്തിയത് പ്രഫഷനൽ സംഘമല്ലെന്ന് ആദ്യമേ വ്യക്തമായിരുന്നു. സി.സി ടി.വിയുടെ ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവ കൊണ്ടുപോയെങ്കിലും മറ്റ് നിരവധി തെളിവുകൾ അവിടെ അവശേഷിപ്പിച്ചിരുന്നുവെന്ന് എസ്.പി പറഞ്ഞു. കൊല നടത്താൻ ഉപയോഗിച്ച ആയുധവും വിരലടയാളങ്ങളും സംഭവസ്ഥലത്തുനിന്നുതന്നെ കിട്ടി. പിടിക്കില്ലെന്ന് കരുതിയാകും പ്രതി കേരളം വിടാതിരുന്നത്. ഒളിക്കാനുള്ള ഇടമെന്ന നിലയിലാണ് സഹോദരന്റെ അടുത്തേക്ക് പോയത്. സംഭവവുമായി സഹോദരന് ബന്ധമില്ല.
സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വീട്ടിൽ ഉണ്ടായിരുന്നിട്ടും ഒന്നും എടുത്തില്ല. വിജയകുമാറിനോട് പ്രതികാരമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് സാങ്കേതിക കാര്യങ്ങൾ പ്രതിക്ക് അറിയാമായിരുന്നു.
വിജയകുമാറിൽനിന്ന് പണം തട്ടിയെടുത്തതും മൊബൈൽ ഉപയോഗിച്ചാണ്. നിരവധി മൊബൈൽ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. പ്രതി അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ട്.
പ്രതി റിമാൻഡിൽ
കോട്ടയം: തിരുവാതുക്കലിൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അസം സ്വദേശി അമിത് ഉറാങ് (23) റിമാൻഡിൽ. മേയ് എട്ടുവരെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി-3 റിമാൻഡ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ പ്രതിയുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പ്രതി താമസിച്ച കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലും ഡ്രില്ല് വാങ്ങിയ കോട്ടയം കളരിക്കൽ ബസാറിലെ കടയിലുമാണ് പ്രതിയെ എത്തിച്ചത്. ഇതിനുശേഷം കോടതിയിൽ ഹാജരാക്കി. ബുധനാഴ്ച വൈകീട്ട് നടത്തിയ തെളിവെടുപ്പിനിടെ, സി.സി ടി.വി ഹാർഡ് ഡിസ്ക്, മൊബൈൽ ഫോൺ എന്നിവ തോട്ടിൽനിന്ന് കണ്ടെത്തിയിരുന്നു. തുടർതെളിവെടുപ്പ് അടക്കമുള്ള നടപടികൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.