പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് ഭീഷണി
text_fieldsപ്രതി ഇൻജമാം ഉൾ ഹക്ക് എന്ന രാജീവൻ
കാഞ്ഞങ്ങാട്: പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് ഹൈകോടതിയിൽ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ട് ഭീഷണി. 61 വർഷം തടവിന് ശിക്ഷിച്ച പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. പ്രതിയുടെ ഭീഷണി സന്ദേശമെത്തിയത് ജയിലിൽ നിന്നാണെന്ന് സംശയം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന അതിഥി തൊഴിലാളി പശ്ചിമ ബംഗാൾ ചാർമ ധുരാപൂർ സ്വദേശി ഇൻജമാം ഉൾ ഹക്ക് എന്ന രാജീവനാണ് (28) ഇരയുടെ പിതാവിനെ മൊബൈൽ ഫോണിൽ വിളിച്ച് രണ്ട് തവണ ഭീഷണിപ്പെടുത്തിയത്. കണ്ണൂർ ജയിലിൽ കഴിയുന്ന പ്രതി കഴിഞ്ഞ ഡിസംബർ 25നും ജനുവരി 16നുമാണ് ഭീഷണിപ്പെടുത്തിയത്.
അപ്പീൽ നൽകിയിട്ടുണ്ടെന്നും ഹൈകോടതി കേസ് പരിഗണിക്കുമ്പോൾ മൊഴിമാറ്റി പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഏതാനും മാസം മുമ്പാണ് ഹോസ്ദുർഗ് പോക്സോ കോടതി പ്രതിയെ 61 വർഷം തടവിനും 2,10,000രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2017 ആഗസ്റ്റിൽ ചിറ്റാരിക്കാൽ സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.