ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തിയ മൂന്നുപേർ അറസ്റ്റിൽ
text_fieldsഷിജിത്ത്, ബിജു, രമ്യ
നീലേശ്വരം: കരിന്തളം സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവതി ഉൾപ്പെടെയുള്ള മൂന്നുപേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലമ്പാറ വാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി. രമ്യ, കണ്ണൂർ ഇരിട്ടി പടിയൂർ സ്വദേശിയും ചെറുവത്തൂർ പുതിയ കണ്ടത്ത് താമസിക്കുന്ന ഷിജിത്ത്, നീലേശ്വരം ദേവനന്ദ ഗോൾഡ് ഉടമയും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയുമായ ബിജു എന്നിവരെയാണ് എസ്.ഐ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്കാണ് ഈ സംഘം 26.400 ഗ്രാം മുക്കുപണ്ടം ബാങ്കിൽ പണയപ്പെടുത്താൻ ശ്രമിച്ചത്. പണയം വെക്കാൻ കൊണ്ടുവന്ന ആഭരണങ്ങൾ വാങ്ങിയപ്പോൾ ബാങ്ക് അപ്രൈസർ സംശയം തോന്നി ഉരച്ച് നോക്കിയപ്പോഴാണ് മൂക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.
40 ശതമാനം മുക്കുപണ്ടത്തിന്റെ മുകളിൽ സ്വർണം പൂശി തിരിച്ചറിയാൻ പറ്റാത്ത വിധത്തിലായിരുന്നു പ്രതികൾ വ്യാജ സ്വർണം തയാറാക്കിയത്. പണയ ആഭരണത്തിന് മുകളിൽ 916 എന്ന് വ്യാജ ലേബൽ പതിച്ചാണ് പണയ തട്ടിപ്പ് നടത്തിയത്. ഷിജിത്തും രമ്യയുമാണ് പണയം വെക്കാൻ ബാങ്കിൽ എത്തിയത്. ഇവർക്ക് മുക്കുപണ്ടത്തിന് മുകളിൽ 916 വ്യാജ സീൽ പതിപ്പിച്ചത് നീലേശ്വരത്തെ ഫാൻസി ഷോപ്പ് ഉടമ ബിജുവാണ്. ബാങ്ക് സെക്രട്ടറി വി. മധുസൂതനന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.