പട്ടാപ്പകൽ മോഷണം; സ്ത്രീ ഉൾപ്പെടെ മൂന്നുപേർകൂടി പിടിയിൽ
text_fieldsപൊന്നുത്തായി, മണികണ്ഠൻ, അനീഷ്
കുമളി: പട്ടാപ്പകൽ വീട് വെട്ടിപ്പൊളിച്ച് സ്വർണവും പണവും കവർന്ന കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇതോടെ മോഷണക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കുമളി മുരിക്കടി സ്വദേശി മണികണ്ഠൻ മാടസ്വാമി (38), പീരുമേട് പട്ടുമല സ്വദേശി അനീഷ് (23), മധുര ചൊക്കാനൂർണി സ്വദേശി പൊന്നുത്തായി (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമളി ഓടമേട്ടിൽ ജൂൺ 29ന് പകലാണ് തയ്യിൽ തോമസിന്റെ വീട്ടിൽ മോഷണം നടന്നത്. 13 പവനും 40,000 രൂപയും സംഘം മോഷ്ടിച്ചു.
പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസണിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐമാരായ ജെഫി ജോർജ്, അനന്ദു മോഹൻ, സുബൈർ, സലിൽ രവി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണവുമായി ബന്ധപ്പെട്ട് നേരത്തേ കോന്നി സ്വദേശികളായ സോണി (26), ജോമോൻ (36) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ജോമോന്റെ ഭാര്യയുടെ മാതാവാണ് ഇപ്പോൾ അറസ്റ്റിലായ പൊന്നുത്തായി. ഓടമേട്ടിലെ വീട്ടിൽനിന്ന് തോമസിന്റെ കുടുംബം നാട്ടിൽ പോയ തക്കംനോക്കിയായിരുന്നു മോഷണം.
തടിവ്യാപാരിയായ തോമസിന്റെ സഹായിയായി നടന്നിരുന്ന ജോമോൻ സംഭവ ദിവസം അമരാവതിയിൽ മരം വാങ്ങാനെന്ന പേരിൽ തോമസിനെ വീട്ടിൽനിന്ന് കൂട്ടിപ്പോവുകയും മറ്റുള്ളവർ ഈ സമയത്ത് വീട്ടിൽ കയറി മോഷണം നടത്തുകയുമായിരുന്നു. പിന്നീട്, മോഷണസംഘത്തെ ഓട്ടോയിൽ ജോമോൻ കുമളിയിലെത്തിച്ചു. സംഘത്തിലെ ജോമോനും ജോൺസണും റാന്നിയിലേക്ക് ബൈക്കിലും മറ്റു രണ്ടുപേർ വേളാങ്കണ്ണിയിലേക്കും കടന്നു.
പോകുംവഴി മധുരയിൽ വെച്ചാണ് പൊന്നുത്തായിയെ സ്വർണം ഏൽപിച്ച് കുറച്ച് തുക കൈപ്പറ്റിയത്. റാന്നിയിലേക്ക് പോയ ജോമോനും ജോൺസണും സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് അപകടം ഉണ്ടായതോടെ പൊലീസ് ഇവരെ കണ്ടെത്തി കുമളി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മറ്റ് രണ്ടുപേരെ വേളാങ്കണ്ണിയിൽനിന്നും പൊന്നുത്തായിയെ മധുരയിൽനിന്നുമാണ് പൊലീസ് സാഹസികമായി പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണമുതലിൽ മൂന്നുപവനും 35,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവർ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ്.