എം.ഡി.എം.എ കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കാഞ്ഞങ്ങാട്: കാറിൽ കടത്തിയ കാൽകിലോ എം.ഡി.എം.എ പിടികൂടിയ കേസിൽ ബേക്കൽപൊലീസ് മൂന്നുപേരെക്കൂടി ബംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവർ ആറായി. കൂത്തുപറമ്പ് അടിയറപ്പാറ കെ.പി. മുഹമ്മദ് അജ്മൽ കരീം (26), പാലക്കാട് മണ്ണാർക്കാട് കോൾപ്പാടം തെങ്കര വി.പി. ജംഷാദ് (31), മണ്ണാർക്കാട് കുഞ്ചക്കോട് തെങ്കര ഫായിസ് (26) എന്നിവരാണ് ഒടുവിൽ പിടിയിലായത്.
ബേക്കൽ പൊലീസ് ബംഗളൂരുവിലെത്തി ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച പെരിയ മുത്തനടുക്കത്തുവെച്ച് കാറിൽ കടത്തിയ 256.02 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പിടികൂടിയിരുന്നു. കൂടരഞ്ഞി കുമ്പാറയിലെ സാദിഖലി കൂമ്പാറ (36)യെ കഴിഞ്ഞ ദിവസം വയനാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തിരുന്നു. എം.ഡി.എം.എയുമായി ആദ്യം അറസ്റ്റിലായ രണ്ടുപേർ കടത്തുകാർ മാത്രമാണ്.
ബംഗളൂരുവിൽ നിന്നും പിടിയിലായ മൂന്നുപേരാണ് മയക്കുമരുന്ന് ഏർപ്പാടാക്കി നൽകിയത്. വയനാടിൽ പിടിയിലായ പ്രതിക്ക് വേണ്ടിയായിരുന്നു എം.ഡി.എം.എ കൊണ്ടുവന്നത്. സുള്ള്യയിലേക്ക് മറ്റ് ചിലർ എത്തിച്ച എം.ഡി.എം.എ ഇവിടെ നിന്ന് ആദ്യം പിടിയിലായ പ്രതികൾ കാർ മാർഗം പെരിയയിലെത്തിക്കുകയായിരുന്നു.