ചിതറയിൽ മൂന്നുപേർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കടയ്ക്കൽ: ചിതറയിൽ മൂന്നു പേർക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. തടികയറ്റി വന്ന ലോറി വീട്ടിലേക്കുള്ള കേബിൾ പൊട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് മൂന്നുപേരെ വെട്ടി പരിക്കേൽപ്പിച്ചത്.
ചിതറ മാങ്കോട് ചരുവിള പുത്തൻവീട്ടിൽ വാലി ബിജു എന്നറിയപ്പെടുന്ന ബിജു (45), മാങ്കോട് ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു (36) , മാങ്കോട് ചരുവിളവീട്ടിൽ സുദർശൻ (65), മാങ്കോട് വയലിറകത്തുവീട്ടിൽ അശോകൻ (63), കല്ലുവെട്ടാംകുഴി നെല്ലിവിള പുത്തൻ വീട്ടിൽ നജുമുദീൻ (45) എന്നിവരാണ് ചിതറ പൊലീസ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10ഓടെ ചിതറ മാങ്കോടാണ് സംഘർഷം നടന്നത്. സംഘർഷത്തിൽ വെട്ടേറ്റ ദീപുവിന്റെ മാങ്കോടുള്ള വീട്ടിലേക്ക് പോകുന്ന കേബിൾ വെള്ളിയാഴ്ച പ്രതികൾ തടികയറ്റി വന്ന ലോറി തട്ടി പൊട്ടിയിരുന്നു.
ഇതിനെ ചൊല്ലി ദീപുവും പ്രതികളും തമ്മിൽ ശനിയാഴ്ച വാക്കേറ്റം ഉണ്ടായി. സംഭവത്തിൽ ദീപു ചിതറ പൊലീസിൽ പരാതി നൽകി. പൊലീസ് തൊട്ടടുത്ത ദിവസം പ്രതികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാൽ, പരാതി നൽകിയ അന്നേ ദിവസം വൈകിട്ട് ദീപുവും സുഹൃത്തുക്കളും ചേർന്ന് മാങ്കോട് വഴി കാറിൽ പോകവേ പ്രതികൾ കാർ തടഞ്ഞു നിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടേറ്റ ദീപുവിനെയും, ദീപുവിന്റെ കൂടെയുണ്ടായിരുന്ന നിരവധി കേസുകളിൽ പ്രതിയായ വാള ബിജുവിനെയും, ഷഫീക്കിനേയും ആദ്യം കടയ്ക്കൽ തലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ ദീപുവിന്റെ മൊഴി രേഖപ്പെടുത്തിയ ചിതറ പൊലീസ് വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ചിതറ എസ്.എച്ച്.ഒ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.