മൂന്ന് സ്ത്രീകളുടെ തിരോധാനം; സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി
text_fieldsസെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തുന്നു
ചേർത്തല: മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് റിമാന്‍റിൽ കഴിയുന്ന സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കുളം വറ്റിച്ച് പരിശോധന നടത്തി. വാരനാട് സ്വദേശിനിയായ റിട്ട. പഞ്ചായത്ത് ജീവനക്കാരി ഹയറുമ്മ(ഐഷ-62) യുടെ കൊലപാതക കേസില്‍ ചേർത്തല പൊലീസാണ് തെളിവെടുപ്പ് നടത്തിയത്.
ഡിവൈ.എസ്.പി പി.ടി അനിൽ കുമാർ, സർക്കിൾ ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, ആലപ്പുഴ ഫോറൻസിക് ഉദ്യോഗസ്ഥ ദീപ അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ചരാവിലെ ആരംഭിച്ച തിരച്ചിൽ ഒന്നരവരെ നീണ്ടു. മണ്ണ് മാന്ത്രി യന്ത്രവും മോട്ടോർ പമ്പും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഒന്നും തെളിവിനായി ലഭിച്ചില്ല.
കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭൻ, ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരുടെ കൊലപാതകകേസിൽ അറസ്റ്റിലായ സെബാസ്റ്യൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.ചേർത്തല ലോക്കൽ പൊലീസാണ് ഐഷയുടെ തിരോധന കേസ് അന്വഷിക്കുന്നത്. 2006 മുതലാണ് ബിന്ദു പത്മനാഭനെ കാണാതായത്.
പള്ളിപ്പുറത്തെ സെബാസ്റ്റ്യന്‍റെ വീട്ടിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തിരുന്നു. ബിന്ദുവിന്‍റെ ശരീര അവശിഷ്ടങ്ങൾ കത്തിച്ച ശേഷം തണ്ണീർ മുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിൽ തള്ളിയെന്നാണ് സെബാസ്റ്റ്യൻ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി.


