ഹൗസ് ബോട്ടിലെ മേശയുടെ ഗ്ലാസ് പൊട്ടി, ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടി, വിനോദസഞ്ചാരി കുഴഞ്ഞു വീണുമരിച്ചു
text_fieldsRepresentational Image
ആലപ്പുഴ: ഹൗസ് ബോട്ടിൽ ഗ്ലാസ് പൊട്ടിയതിനെതുടർന്നുണ്ടായ തർക്കത്തിനിടെ വിനോദസഞ്ചാരി കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ വർഷമേൽപട്ട് മുഹമ്മദ് ഗാവുസ് സ്ട്രീറ്റിൽ വൈ. മുഹമ്മദ് സുൽത്താനാണ് (48) മരിച്ചത്.
പുന്നമട സ്വദേശി ജോസഫ് ജോണിന്‍റെ ഉടമസ്‌ഥതയിലുള്ള കാലിപ്സ് ഹൗസ് ബോട്ടിൽ ചൊവ്വാഴ്ച രാവിലെ 8.30ന് പുന്നമട ഫിനിഷിങ് പോയന്‍റിലാണ് സംഭവം. ചെന്നെയിൽ നിന്ന് 26പേരാണ് തിങ്കളാഴ്‌ച ആലപ്പുഴയിൽ എത്തിയത്.
ബോട്ടിങ് കഴിഞ്ഞ് തിരികെ ഇറങ്ങാനുള്ള തയാറെടുപ്പിനിടെ ഹൗസ് ബോട്ടിലെ മേശയുടെ ഗ്ലാസ് പൊട്ടിയതുമായി ബന്ധപ്പെട്ട് ഹൗസ് ബോട്ട് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കുതർക്കായി. ഇത് കൈയേറ്റത്തിൽ കലാശിച്ചതിന് പിന്നാലെ സുൽത്താൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. കൈയേറ്റത്തിനിടെ ജീവനക്കാരായ അഭിജിത്തിനും പരിക്കേറ്റെന്ന് ടൂറിസം പൊലീസ് പറഞ്ഞു. തലക്ക് പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി വിട്ടയച്ചു. ആലപ്പുഴ നോർത്ത് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.


