മോഷ്ടിച്ച ബൈക്കിന് ട്രാഫിക് പിഴ; ചലാനിൽ തെളിഞ്ഞത് കള്ളന്റെ ഫോട്ടോ
text_fieldsഹൈദരാബാദ്: മാസങ്ങൾക്ക് മുമ്പ് മോഷണം പോയ ബൈക്കിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ വിഷമിച്ചിരുന്ന ഉടമക്ക് അപ്രതീക്ഷിതമായി ഒരു മെസേജ് എത്തി. ബൈക്ക് ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ അടക്കണമെന്നായിരുന്നു സന്ദേശം. മെസേജിനൊപ്പമുള്ള ലിങ്കിൽ കയറി നോക്കിയപ്പോൾ ട്രാഫിക് കാമറയിൽ പതിഞ്ഞ ചിത്രത്തിൽ കള്ളൻ തന്റെ ബൈക്ക് ഓടിക്കുന്നതായി വ്യക്തമായി.
ഫൈസൽ റഹ്മാൻ എന്ന യുവാവ് ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വാർത്ത ശ്രദ്ധ നേടിയത്. മൂന്നു മാസം മുമ്പ് മോഷണം പോയ വാഹനത്തിന് ഇപ്പോൾ പിഴ ലഭിച്ചിരിക്കുകയാണെന്നും ചിത്രത്തിൽ കള്ളന്റെ മുഖം വ്യക്തമാണെന്നും കാണിച്ച് ഫൈസൽ ഹൈദരാബാദ് പൊലീസിനെ ടാഗ് ചെയ്യുകയായിരുന്നു. നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകളാണ് ഈ പോസ്റ്റ് കണ്ടത്. ഹബീബ് നഗർ പൊലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ മോഷണത്തിന് പരാതി നൽകിയിരുന്നതായും ഫൈസൽ വ്യക്തമാക്കി.
എന്നാൽ, സംഭവം വൈറലായതോടെ വിഷയത്തിൽ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ഫൈസൽ റഹ്മാനല്ല യഥാർഥത്തിൽ ബൈക്കിന്റെ ഉടമയെന്ന് ഹബീബ് നഗർ എസ്.എച്ച്.ഒ ടി. പുരുഷോത്തം റാവു വെളിപ്പെടുത്തി. മുഹമ്മദ് ഷാക്കിർ എന്നയാളുടെ ബൈക്കാണ് ജനുവരി 24ന് മോഷണം പോയത്. ഷാക്കിറിന്റെ സുഹൃത്തായ ഫൈസൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി വാർത്ത പങ്കുവെക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
മാർച്ച് ഒന്നിനാണ് കള്ളൻ ട്രാഫിക് നിയമം ലംഘിച്ചത്. ട്രാഫിക് ചലാനിലെ ചിത്രം ലഭിച്ചെങ്കിലും സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞതിനാൽ ഉടൻ തന്നെ കള്ളനെ പിടികൂടുക പ്രായോഗികമല്ലെന്ന് പൊലീസ് പറഞ്ഞു. എങ്കിലും കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ബൈക്ക് കണ്ടെത്താനും മോഷ്ടാവിനെ പിടികൂടാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.


