എം.ഡി.എം.എ വിൽപന; രണ്ടുപേർ പിടിയിൽ
text_fieldsരഞ്ജുമോൻ, ഷാജി
മഞ്ചേരി: പുൽപറ്റയിൽ ടർഫ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. പുൽപറ്റ മുത്തന്നൂർ പൂതന പാട്ടിൽ വീട്ടിൽ രഞ്ജുമോൻ (34), സൗത്ത് തൃപ്പനച്ചി അമ്പലപ്പടി സ്വദേശി തളിയാരിൽ വീട്ടിൽ ഷാജി (45) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമീഷനർ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിളും സംയുക്തമായി മുത്തന്നൂരിൽ സ്ഥിതി ചെയ്യുന്ന ടർഫിൽ പരിശോധന നടത്തിയതിൽ 5.680 ഗ്രാം മെത്താഫിറ്റമിനുമായി രഞ്ജുവിനെ പിടികൂടി.
ടർഫിന്റെ നടത്തിപ്പുകാരനാണ് ഇയാൾ. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ നൽകിയ ഷാജിയെ പിടികൂടിയത്. രണ്ടു പ്രതികളിൽ നിന്നായി 29,000 രൂപയും 12.280 ഗ്രാം മെത്താഫിറ്റമിനും കണ്ടെടുത്തു.
മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലേക്കയച്ചു. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ നാസർ, ഇ.ഐ ആൻഡ് ഐ.ബി ഇൻസ്പെക്ടർ ടി. ഷിജു മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ഷബീർ അലി, സച്ചിൻദാസ്, അഖിൽദാസ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.