196 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsഅബ്ദുൽ അസീസ്, ഷമീർ ബാബു
കീഴുപറമ്പ്: കീഴുപറമ്പ് പഞ്ചായത്തിലെ തേക്കിൻചുവട് ലഹരി മരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിൽ. പുവത്തിക്കൽ സ്വദേശി അബ്ദുൽ അസീസ് എന്ന അറബി അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷമീർ ബാബു (42) എന്നിവരെയാണ് അരീക്കോട് എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്. കാറിൽ രഹസ്യമായി സൂക്ഷിച്ച 196.90 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബുധനാഴ്ച ഉച്ചക്ക് ഏകദേശം 12 ഓടെയാണ് സംഭവം. ബംഗളൂരുവിൽനിന്ന് ടയോട്ടയുടെ ഫോർച്യൂണർ കാറിൽ മയക്കുമരുന്നുമായി ഒരാൾ അരീക്കോട് ഭാഗത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അരീക്കോട് പൊലീസും ഡാൻസാഫ് അംഗങ്ങളും നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അസീസ് ബംഗളൂരുവിൽനിന്ന് എത്തിച്ച മയക്കുമരുന്ന് പത്തനാപുരം അങ്ങാടിക്കടുത്ത തേക്കിൻചുവടിൽ കൈമാറ്റം ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇത് വാങ്ങാനെത്തിയതായിരുന്നു മുണ്ടേങ്ങര സ്വദേശി ഷമീർ ബാബു. ഇതിനിടയിൽ പൊലീസിനെ തിരിച്ചറിഞ്ഞ് ഇരുവരും രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഡാൻസാഫും അരീക്കോട് പൊലീസും ചേർന്ന് വലയിലാക്കുകയായിരുന്നു. കടത്താൻ ഉപയോഗിച്ച കാറുകളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇവരിൽനിന്ന് പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ ഏകദേശം എട്ട് ലക്ഷം രൂപയോളം വിലമതിപ്പുണ്ട് എന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന പ്രാഥമിക നിഗമനം. അറബി അസീസിനെതിരെ ലഹരി കച്ചവടം ഉൾപ്പെടെ 21 കേസുകൾ നിലവിലുണ്ട്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സമയത്താണ് വീണ്ടും പിടിയിലായത്. അരീക്കോട് എസ്.എച്ച്.ഒ വി. സുജിത്തിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച മഞ്ചേരി എൻ.ഡി.പിഎസ് കോടതിയിൽ ഹാജരാക്കും. അരീക്കോട് എസ്.എച്ച്.ഒ വി. സിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നവീൻ ഷാജ്, അനീഷ്, രാജശേഖരൻ, വിഷ്ണു, എ.എസ്.ഐ സ്വയംപ്രഭ, സിവിൽ പൊലീസ് ഓഫിസർമാരായ സിസിത്ത്, മനുപ്രസാദ്, അഖിൽദാസ് എന്നിവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.