സ്കൂട്ടറിൽ ചാരായം കടത്തിയ രണ്ടു പേർ അറസ്റ്റിൽ
text_fieldsരാജൻ, അശോകൻ
താമരശ്ശേരി: സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 ലിറ്റർ ചാരായം പിടികൂടിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പൂവൻ മല വീട്ടിൽ രാജൻ (47), ചമൽ കാരപ്പറ്റ വീട്ടിൽ അശോകൻ (56) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രി 9.15ന് എക്സൈസ് ഇൻസ്പെക്ടർ തമ്പി എ.ജിയും പാർട്ടിയും ചേർന്ന് ചമലിൽവെച്ചാണ് പ്രതികളെ പിടികൂടിയത്.
ചാരായം പിടികൂടാനെത്തിയ വനിത എക്സൈസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്ത് അസഭ്യം പറഞ്ഞയാൾക്കെതിരെയും കേസെടുത്തു. എക്സൈസ് സംഘത്തിൽപ്പെട്ട വനിത സിവിൽ എക്സൈസ് ഓഫിസർ ഷിംലയെ കയ്യേറ്റം ചെയ്ത രാജേഷ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ചാരായം കടത്തിയ പ്രതികളായ അശോകൻ, രാജൻ എന്നിവരെ എക്സൈസ് വാഹനത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതി ഷിംലയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഷിംല താമരശ്ശേരി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു.