നിലമേലിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsചടയമംഗലം: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ ചടയമംഗലം പൊലീസ് പിടികൂടി. കിളിമാനൂർ പഴയകുന്നുമ്മൽ തട്ടത്തുമല അനീസ് മൻസിലിൽ നിജിൻ (27), ചടയമംഗലം നെട്ടെത്തറ ലക്ഷംവീട് കോളനിയിൽ അർഷാദ് (26) എന്നിവരാണ് പിടിയിലായത്.
ചടയമംഗലം പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് നിലമേലിൽനിന്ന് ഇവർ പിടിയിലായത്.
സ്കൂട്ടറിൽ നിലമേൽ ഭാഗത്തുനിന്ന് ആയൂരിലേക്ക് വരുകയായിരുന്ന യുവാക്കൾ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസ് തുടർന്ന് നടത്തിയ പരിശോധനയിൽ നിജിന്റെ പാന്റിന്റെ പോക്കറ്റിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന 840 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സ്വന്തം ഉപയോഗത്തിനും വിൽപനക്കുമാണ് എം.ഡി.എം.എ കൊണ്ടുവന്നതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. അർഷാദ് മുമ്പ് കഞ്ചാവ് കേസിൽ പ്രതിയാണ്. ചടയമംഗലം എസ്.എച്ച്.ഒ എൻ. സുനീഷ്, എസ്.ഐ മോനിഷ്, കൊല്ലം റൂറൽ ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ, പ്രൊബേഷൻ എസ്.ഐ ശ്യാം, ഡാൻസാഫ് സി.പി.ഒമാരായ സജു, ദിലീപ്, എ.എസ്.ഐ ജയറാണി, സിവിൽ പൊലീസ് ഓഫിസർമാരായ നിഷാദ്, അജിത്, അനിൽ പ്രസാദ്, ഉല്ലാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.