‘നിറഞ്ഞുകവിഞ്ഞ്’ ലഹരിമുക്തി കേന്ദ്രങ്ങൾ; ലഹരി ചികിത്സ തേടി കുഞ്ഞുങ്ങളും
text_fieldsകോട്ടയം: ലഹരിമുക്തി തേടിയെത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ ഡീഅഡിക്ഷൻ സെന്ററുകൾ നിറയുന്നു. സർക്കാർ ലഹരിമുക്തി കേന്ദ്രങ്ങളിൽ എത്തുന്നത് ഉൾക്കൊള്ളാൻ കഴിയുന്നതിനെക്കാൾ ഇരട്ടിയാണ്. ചികിത്സ തേടിയെത്തുന്നവരിൽ 10 വയസ്സിന് താഴെയുള്ളവരുമുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നതിലും ഭൂരിഭാഗം ലഹരിക്ക് അടിപ്പെട്ടവരാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ക്രിമിനൽ കേസുകൾ വർധിക്കുന്നതും ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചതിനാലാണെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കി.
വീട്ടമ്മമാർ വരെ
സിന്തറ്റിക് ഡ്രഗ് വ്യാപകമായതോടെ യുവതികളും വീട്ടമ്മമാരും കൂടുതലായി ഇതിന് അടിമയാകുന്നെന്ന വിവരങ്ങളും പുറത്തുവരുന്നു. സിന്തറ്റിക് ഡ്രഗുകൾ ശീതളപാനീയത്തിൽ ഉൾപ്പെടെ യുവതികൾക്കും വീട്ടമ്മമാർക്കും നൽകി അവരെ ഇതിന് അടിമകളാക്കുന്ന തന്ത്രമാണ് പയറ്റുന്നതെന്ന് അധികൃതർ പറയുന്നു. അടുത്തിടെ കുട്ടികളെ ഉൾപ്പെടെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ വീട്ടമ്മയും പരീക്ഷക്ക് തോറ്റതിന്റെ പേരിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയും മയക്കുമരുന്നിന് അടിപ്പെട്ടിരുന്നുവെന്ന് എക്സൈസ് ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു.
വിമുക്തി സെന്ററുകളിൽ തുരുതുരാ വിളി
എക്സൈസ് വകുപ്പിനുകീഴിലുള്ള ജില്ലകളിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററുകളിൽ നിത്യേന എത്തുന്നവരുടെ എണ്ണവും ലഹരിയിൽനിന്ന് മുക്തി തേടി വിമുക്തി കാൾ സെന്ററുകളിലേക്ക് വിളിക്കുന്നവരുടെ എണ്ണവും വൻതോതിൽ വർധിച്ചു. മയക്കുമരുന്നിന്റെ ഉപയോഗമാണ് ഇപ്പോൾ കൂടുതൽ പേരിലും മാനസികപ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഈ സെന്ററുകളിലെ സൈക്കോളജിസ്റ്റ്, കൗൺസിലർമാർ ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് ആത്മഹത്യയിൽ സാരമായ വർധനയുണ്ടാകുന്നതിന്റെ പ്രധാന കാരണവും മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണെന്നും ഇവർ പറയുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും അതിന് ആനുപാതികമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിക്കുകയാണ്.
മയക്കുമരുന്നിൽ മുന്നിൽ കോട്ടയം, അബ്കാരി കേസുകളിൽ കോഴിക്കോട്
സംസ്ഥാനത്ത് കഴിഞ്ഞവർഷം എക്സൈസ് പിടികൂടിയ മയക്കുമരുന്ന് കേസുകളിൽ കോട്ടയവും അബ്കാരി കേസുകളിൽ കോഴിക്കോടും മുന്നിൽ. മയക്കുമരുന്ന് നിരോധന നിയമപ്രകാരം (എൻ.ഡി.പി.എസ്) രജിസ്റ്റർ ചെയ്ത ആയിരത്തിലധികം കേസുകളിൽ 134 എണ്ണം കോട്ടയത്തും 120 എണ്ണം പത്തനംതിട്ടയിലും 92 എണ്ണം കണ്ണൂരുമാണ്.
അബ്കാരി കേസുകൾ കൂടുതൽ കോഴിക്കോട്ടാണ്. 132 കേസാണ് ജില്ലയിൽ. വയനാട്ടിൽ 98, പത്തനംതിട്ട 91 കേസുകൾ രജിസ്റ്റർ ചെയ്തു.
നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിന് കോട്പ നിയമപ്രകാരം കൂടുതൽ കേസുകൾ പാലക്കാടാണ് -681. മലപ്പുറത്ത് 574, കണ്ണൂരിൽ 449 കേസുകൾ രജിസ്റ്റർ ചെയ്തു. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണിത്. പൊലീസും സമാന വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞവർഷം എക്സൈസ് പിടികൂടിയ കേസുകൾ
ജില്ല | അബ്കാരി | എൻ.ഡി.പി.എസ് | കോട്പ |
തിരുവനന്തപുരം | 32 | 40 | 355 |
കൊല്ലം | 62 | 56 | 419 |
പത്തനംതിട്ട | 91 | 120 | 396 |
ആലപ്പുഴ | 40 | 83 | 435 |
കോട്ടയം | 58 | 134 | 444 |
ഇടുക്കി | 54 | 73 | 236 |
എറണാകുളം | 7 | 82 | 116 |
തൃശൂർ | 37 | 59 | 313 |
പാലക്കാട് | 84 | 78 | 681 |
മലപ്പുറം | 45 | 6 | 574 |
കോഴിക്കോട് | 132 | 36 | 147 |
വയനാട് | 98 | 55 | 291 |
കണ്ണൂർ | 23 | 92 | 449 |
കാസർകോട് | 81 | 24 | 384 |