വിധിപ്രസ്താവം 15 വർഷങ്ങൾക്കുശേഷം; 44 സാക്ഷികളെ വിസ്തരിച്ചു, 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി
text_fieldsവിധി പ്രസ്താവത്തിനുശേഷം കോടതി മുറിയിൽ നിന്ന് പുറത്തേക്കുവരുന്ന പ്രതിഭാഗം അഭിഭാഷകരും സി.പി.എം നേതാക്കളും.
തലശ്ശേരി: ന്യൂമാഹി ഇരട്ടക്കൊലക്കേസിൽ വിധി പറയുന്നത് 15 വർഷങ്ങൾക്ക് ശേഷം. സി.പി.എം പ്രവർത്തകരായ 14 പ്രതികളെയാണ് കേസിൽ കോടതി വിട്ടയച്ചത്. 16 പ്രതികളുള്ള കേസിൽ രണ്ടു പ്രതികൾ സംഭവത്തിനുശേഷം മരിച്ചു. പൊലീസ്സ മർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കപ്പെട്ടതൊന്നും സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നതിനാലാണ് പ്രതികളെ വിട്ടയച്ചത്. കേസിന്റെ വാദപ്രതിവാദം 14 ദിവസം നീണ്ടു. വിജിത്തിന്റെ അമ്മ രാജമ്മ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പി. പ്രേമരാജനെ നിയമിച്ചു.
ന്യൂമാഹിയിൽ കൊല്ലപ്പെട്ട ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരായ എം.കെ. വിജിത്ത്, കെ. ഷിനോജ്.
മാഹി കോടതി ശിരസ്ദാർ ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 63 തൊണ്ടിമുതലും 140 രേഖകളും ഹാജരാക്കി. ബുധനാഴ്ച വിധി പ്രസ്താവം കേൾക്കാൻ പാർട്ടി നേതാക്കളും നിരവധി പ്രവർത്തകരും കോടതിയിൽ എത്തിയിരുന്നു. കനത്ത പൊലീസ് ബന്തവസ് കോടതിക്ക് ചുറ്റും ഏർപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേമരാജൻ പ്രതിഭാഗത്തിന് വേണ്ടി അഡ്വ.സി.കെ. ശ്രീധരൻ, അഡ്വ.കെ. വിശ്വൻ എന്നിവരാണ് കേസിൽ ഹാജരായത്.
‘വിധി നിരാശജനകം’
തലശ്ശേരി: ന്യൂ മാഹി ഇരട്ടക്കൊല കേസിലെ വിധി അപ്രതീക്ഷിതവും നിരാശാജനകവുമാണെന്ന് കേസിൽ ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേമരാജൻ പറഞ്ഞു. സാക്ഷി മൊഴികളും തെളിവുകളും ഉണ്ടായിട്ടും പ്രതികളെ വെറുതെ വിടുകയാണ് ഉണ്ടായത്. വിധി പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാം. കോടതിയിൽ നിന്നുള്ള വിധിപകർപ്പ് കിട്ടിയശേഷം മരിച്ചവരുടെ ബന്ധുക്കളും സഹപ്രവർത്തകരുമായി ആലോചിച്ച് അപ്പീൽ കോടതിയെ സമീപിക്കും. നീതി ഇവിടെ തീരുന്നില്ലല്ലോ എന്നും പ്രേമരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ പ്രതിയായ കൊടി സുനിയെ പൊലീസ് കോടതിയിലേക്ക് കൊണ്ടുവരുന്നു


