വിടൈ വാളയാർ
text_fieldsഏകദേശം 60 വർഷം മുമ്പാണ് പാലക്കാടിന്റെയും കോയമ്പത്തൂരിന്റെയും അതിർത്തിയായ വാളയാറിൽ ചെക്ക്പോസ്റ്റ് ആരംഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ആ ചെക്ക്പോസ്റ്റ് ചരിത്രത്തിന്റെ ഭാഗമാവുകയാണ്
സ്പിരിറ്റ്, കുഴൽപ്പണം, മയക്കുമരുന്ന്... വാളയാർ ചെക്ക്പോസ്റ്റ് എന്ന് കേട്ടാൽ ഏതൊരാളുടെയും മനസിലൂടെ ആദ്യം കടന്നുപോകുന്ന കാര്യങ്ങളാണിവ. ലക്ഷങ്ങളുടെ കള്ളക്കടത്തും കൈക്കൂലി പണവും അഴിമതിയും നിറഞ്ഞൊരു വാളയാർ. നൂറുകണക്കിന് ജീവനക്കാർ ജോലിചെയ്തിരുന്ന വാളയാർ ചെക്ക്പോസ്റ്റ്. എന്നാൽ ഇന്ന് അങ്ങനെയല്ല അവസ്ഥ. ചെക്ക്പോസ്റ്റുകൾക്ക് മുന്നിൽ വാഹനങ്ങളുടെ പരിശോധനയില്ല.
ചരക്കുവാഹനങ്ങൾ സുഗമമായി അതിർത്തി കടന്ന് കേരളത്തിലെത്തുന്നു. പരിശോധനകളുടെ തിരക്കിലമർന്ന വാളയാറിലിപ്പോൾ പണ്ടത്തെ ഓർമകളുടെ അവശേഷിപ്പിലാണ് ഓരോ ചെക്ക്പോസ്റ്റുകളും. ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി വരുന്ന വാഹനങ്ങളിൽനിന്ന് നികുതി പിരിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഒരു ചെറിയ കേന്ദ്രം പിൽക്കാലത്ത് വലിയ വാണിജ്യ കേന്ദ്രമായി മാറിയതിന്റെ കഥയാണ് വാളയാർ ചെക്ക്പോസ്റ്റിനുള്ളത്.
വാളയാറിലെ ലോട്ടറി കടകൾ
കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ചരക്ക് ഗതാഗതം വർധിച്ചതോടെ രാജ്യത്തെതന്നെ പ്രധാന ചെക്ക്പോസ്റ്റുകളിലൊന്നായി വാളയാർ മാറി. നികുതി വെട്ടിപ്പ് തടയുകയും സാധനങ്ങൾ നിയമപരമായാണ് കൊണ്ടുവരുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനായി അരനൂറ്റാണ്ട് മുമ്പ് സ്ഥാപിക്കപ്പെട്ട വാളയാർ ചെക്ക്പോസ്റ്റ് ഓർമയാവുകയാണ്. അവശേഷിക്കുന്ന മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റ് കൂടി വിർച്വൽ ആകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ചെക്ക്പോസ്റ്റ് സംവിധാനമാണ് ചരിത്രത്തിന്റെ ഭാഗമാവുന്നത്.
ചരിത്രം
ഏകദേശം 60 വർഷം മുമ്പാണ് പാലക്കാടിന്റെയും കോയമ്പത്തൂരിന്റെയും അതിർത്തിയായ വാളയാറിൽ ചെക്ക്പോസ്റ്റ് ആരംഭിച്ചത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നും ഇതുവഴി വരുന്ന ചരക്ക് വാഹനങ്ങളിൽനിന്നും നികുതി പിരിക്കുന്നതിനുള്ള ചെറിയ കേന്ദ്രമായാണ് തുടക്കം.
കാലക്രമേണ ഇത് വലിയ വാണിജ്യ കേന്ദ്രമായി മാറുകയും കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും ചരക്ക് ഗതാഗതം എളുപ്പമാക്കുന്നതിന് സഹായിക്കുകയും ചെയ്തു. വാണിജ്യനികുതി, മോട്ടോർ വാഹന വകുപ്പ്, വനം, എക്സെെസ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ ചെക്ക്പോസ്റ്റുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഇത്രയും ചെക്ക്പോസ്റ്റുകളിലായി ഇരുന്നൂറോളം ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു.
മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ്
എന്നാൽ 2017ൽ ജി.എസ്.ടി (ചരക്ക് സേവന നികുതി) പ്രാബല്യത്തിൽ വന്നതോടെ വാണിജ്യനികുതി ഉൾപ്പെടെ എല്ലാ ചെക്ക്പോസ്റ്റുകളുടെയും പ്രവർത്തനം അവസാനിച്ചു. ഇതോടെ വാളയാറിൽ പതിവുകാഴ്ചയായിരുന്ന വാഹനങ്ങളുടെ നീണ്ടനിരയും ഇല്ലാതായി. ഏറ്റവും കൂടുതൽ തിരക്കുണ്ടായിരുന്ന വാളയാർ ചെക്ക്പോസ്റ്റിൽ തിരക്ക് പഴങ്കഥയായി.
കേരളത്തിലെയും തമിഴ്നാട്ടിലെയും വാണിജ്യത്തിൽ വാളയാർ ചെക്ക്പോസ്റ്റ് സുപ്രധാന പങ്ക് വഹിച്ചിരുന്നു. വാളയാർ, വേലന്താവളം, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം, നടുപ്പുണി, ഒഴലപ്പതി, ചെമ്മണാമ്പതി, ആനക്കട്ടി എന്നീ ചെക്ക്പോസ്റ്റുകളാണ് ജില്ലയിലുള്ളത്.
കൈക്കൂലിയിൽ കുപ്രസിദ്ധി
ചരക്ക് നീക്കത്തിൽ പ്രാധാന്യം നേടിയതിനൊപ്പം കള്ളക്കടത്തിലും കൈക്കൂലിയിലും കുപ്രസിദ്ധിയും വാളയാറിന് സ്വന്തമായി. വാളയാർ ചെക്ക്പോസ്റ്റിലൂടെയുള്ള സ്പിരിറ്റ് കടത്ത് പ്രമേയമാക്കി മലയാളത്തിൽ സിനിമകൾ വരെയുണ്ടായി. അക്കാലത്ത് വാളയാർ, മീനാക്ഷിപുരം ചെക്ക്പോസ്റ്റുകളിലെ എക്സൈസ് ചെക്ക്പോസ്റ്റുകളിലൂടെയാണ് കേരളത്തിലേക്ക് ടാങ്കർ ലോറികൾ വന്നിരുന്നത്.
ചില ചരക്കുവാഹനങ്ങൾ ചില ചെക്ക്പോസ്റ്റുകളിലൂടെ മാത്രമേ വരാവൂ എന്നുണ്ടായിരുന്നു. രണ്ടായിരത്തിന്റെ ആരംഭത്തിൽ ഓലപ്പുരയിലായിരുന്നു വാളയാറിൽ എക്സൈസ് ചെക്ക്പോസ്റ്റ് പ്രവർത്തനം. കേരളത്തിലേക്ക് പ്രവേശിക്കുന്ന ടാങ്കർ ലോറികൾക്ക് എക്സൈസിന്റെ സീൽ നിർബന്ധമായിരുന്നു.
വാഹനങ്ങൾ നിർത്തി എവിടുന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, എന്താണ് ലോഡ്, രേഖകളെല്ലാം കൃത്യമാണോ എന്നെല്ലാമാണ് പരിശോധിച്ചിരുന്നത്. നാല് മീറ്റർ നീളമുള്ള സ്റ്റീൽ കമ്പി കൊണ്ട് കുത്തി നോക്കിയായിരുന്നു പരിശോധന. എല്ലാം കൃത്യമാണെങ്കിൽ മാത്രമേ കടത്തിവിടൂ. ഈ പരിശോധന ഒഴിവാക്കാനും വരിയിൽ നിൽക്കാതെ ലോറികളെ വേഗത്തിൽ കടത്തിവിടാനുമായിരുന്നു കൈക്കൂലി. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ സ്പിരിറ്റ് ഒഴുകിയെത്തിയത് വാളയാർ ചെക്ക്പോസ്റ്റ് വഴിയായിരുന്നു.
മുട്ടയിലും സ്പിരിറ്റ്
പച്ചക്കറി, ഉള്ളി, ഇലക്ട്രോണിക് ഉപകരണങ്ങൾ, മീൻ, കന്നുകാലികൾ, കോഴി എന്നിവ കടത്തുന്ന വാഹനങ്ങളിൽ രഹസ്യ അറകളിൽ ഒളിപ്പിച്ച് സ്പിരിറ്റ് കടത്താൻ ശ്രമം നടന്നിട്ടുണ്ട്. പ്ലാസ്റ്റിക് മുട്ട ഉണ്ടാക്കി ചുറ്റും വെച്ച് നടുക്ക് സ്പിരിറ്റ് ഒളിപ്പിച്ച് കടത്താനും ശ്രമമുണ്ടായി. ജീവനക്കാർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. അക്കാലത്ത് അത് വലിയ വാർത്തയുമായി.
1996ൽ ചാരായം നിരോധിച്ച ശേഷമാണ് കേരളത്തിലേക്ക് അനധികൃത മദ്യക്കടത്ത് കൂടിയത്. 8000-9000 ലിറ്റർ സ്പിരിറ്റ് വരെ അക്കാലത്ത് ചില ദിവസങ്ങളിൽ പിടികൂടിയിരുന്നു. ബംഗളൂരു, ചെന്നൈ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന മാഫിയയാണ് കേരളത്തിലേക്ക് സ്പിരിറ്റ് കടത്തുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നത്. എക്സൈസിന്റെ ഫലപ്രദമായ ഇടപെടലിൽ കുറേ പ്രമാണിമാർ അറസ്റ്റിലാവുകയും ചെയ്തു.
പരിശോധന ഒഴിവാക്കി ജി.എസ്.ടി നിയമം
ജി.എസ്.ടി നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്ത് ചെക്ക്പോസ്റ്റുകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു. ജി.എസ്.ടി വന്നതോടെ വാളയാറിൽ വാഹനങ്ങളുടെ നീണ്ട വരി അപ്രത്യക്ഷമായി. വാഹനങ്ങളെ നിർത്തി പരിശോധിക്കുന്നത് ജി.എസ്.ടി നിയമങ്ങൾക്ക് വിരുദ്ധമാണ്. ദേശീയപാതയിൽ വാഹനങ്ങൾ നിർത്തി പരിശോധിക്കരുതെന്ന് നാഷനൽ ഹൈവേ അതോറിറ്റിയും നിഷ്കർഷിക്കുന്നു. എങ്കിലും ഓരോ മണിക്കൂർ കൂടുമ്പോഴും ക്രമരഹിതമായ പരിശോധന നടത്താറുണ്ട്.
എക്സൈസ് ചെക്ക്പോസ്റ്റ്
വാളയാർ ഡാമിനടുത്തായി എക്സെെസിന്റെ കണ്ടെയ്നർ പ്രവർത്തിക്കുന്നുണ്ട്. ഒരു സിവിൽ എക്സൈസ് ഓഫിസർ, മൂന്ന് ഇൻസ്പെക്ടർ ഉൾപ്പെടെ 24 ഓളം ഉദ്യോഗസ്ഥർ മൂന്നു ഷിഫ്റ്റുകളിലായി ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിക്കുണ്ട്. നിലവിൽ എൻ.ഡി.പി.എസ് കേസുകളാണ് എക്സൈസ് കൂടുതലായി പിടിക്കുന്നത്. ടാസ്ക് ഫോഴ്സും സ്ക്വാഡും പരിശോധനക്കുണ്ട്. നിലവിൽ കേരളത്തിലെ ഒരു ചെക്ക്പോസ്റ്റിലും ചരക്കുവാഹനം നിർത്തി പരിശോധന നടക്കുന്നില്ല.
അഴിമതി നിറഞ്ഞ വാളയാർ
അഴിമതിക്കും കൈക്കൂലിക്കും പേരുകേട്ട വാളയാർ ചെക്ക്പോസ്റ്റ് സർക്കാരിന് എപ്പോഴും തലവേദനയായിരുന്നു. നീണ്ട വരികളിൽ കുടുങ്ങാതെ പെട്ടെന്ന് അതിർത്തി കടക്കാനും മറ്റുമായി വാഹന ഉടമകൾ കൈക്കൂലി പണം ഒഴുക്കി. ഇതിൽ വീണ ഉദ്യോഗസ്ഥരും ഏറെ.
വാളയാറിലെ അഴിമതിക്ക് തടയിടാൻ അന്നത്തെ ധനവകുപ്പ് മന്ത്രി തോമസ് ഐസക് വിവിധ പദ്ധതികളും ആവിഷ്കരിച്ചു. മന്ത്രി നേരിട്ട് ചെക്ക്പോസ്റ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്ന സാഹചര്യവുമുണ്ടായി. അഴിമതിരഹിത വാളയാർ എന്ന പേരിൽ കാമ്പയിനും നടത്തി. എങ്കിലും ഇവക്കൊന്നും വാളയാറിലെ അഴിമതിക്ക് കടിഞ്ഞാണിടാൻ സാധിച്ചില്ലെന്നത് വസ്തുത.
വാണിജ്യനികുതി ചെക്ക്പോസ്റ്റ്
സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ നല്ലൊരു ശതമാനവും സംഭാവന ചെയ്തിരുന്ന ചെക്ക്പോസ്റ്റാണ് വാളയാറിലെ വാണിജ്യനികുതി ചെക്ക്പോസ്റ്റ്. ഏറ്റവും കൂടുതൽ ജീവനക്കാർ ജോലി ചെയ്തിരുന്ന ഇവിടെ ദിനംപ്രതി നല്ലൊരു തുക നികുതിയിനത്തിൽ തന്നെ ലഭിച്ചിരുന്നു.
അതുകൊണ്ട് തന്നെ അഴിമതിയും കൂടുതലായിരുന്നു. പച്ചക്കറി, പലവ്യഞ്ജനം, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി വാളയാർ വഴി കടന്നുപോകാത്ത ചരക്കുകൾ കുറവായിരുന്നു. 24 മണിക്കൂർ പ്രവർത്തിച്ചിരുന്ന ചെക്ക്പോസ്റ്റിനു മുന്നിൽ എപ്പോഴും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
വാണിജ്യ നികുതി വകുപ്പ് എൻഫോഴ്സ്മെന്റ് വിങ് കമാൻഡ് സെന്റർ
വാണിജ്യനികുതി വകുപ്പിലെ അഴിമതി കുറക്കുന്നതിന്റെ ഭാഗമായി മുമ്പ് 41 ഓളം വനിത ജീവനക്കാരെ ഇവിടെ നിയമിച്ചെങ്കിലും ഇതിൽ 35 പേർ മാത്രമാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്. എന്നാൽ സാധാരണ ജോലിയുടെ ഭാഗമായാണ് വനിതകളെ നിയമിച്ചതെന്നായിരുന്നു അധികൃതരുടെ നിലപാട്.
ചെക്ക്പോസ്റ്റുകൾ ഇന്റഗ്രേറ്റഡ് സംവിധാനത്തിന് കീഴിലാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയതിനാൽ ചെക്ക്പോസ്റ്റുകൾ വേണ്ടെന്ന കേന്ദ്രം നിർദേശം വന്നതോടെ അതും ഉപേക്ഷിച്ചു. നിലവിൽ വകുപ്പിന് വാളയാറിൽ ചെക്ക്പോസ്റ്റില്ല. എൻഫോഴ്സ്മെന്റ് വിങ് കമാൻഡ് സെന്റർ പ്രവർത്തിക്കുന്നുണ്ട്.
വെർച്വലാവാനൊരുങ്ങി ആർ.ടി.ഒ ചെക്ക്പോസ്റ്റ്
ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് ഒരുക്കാനായി വാളയാറിലെ ഏറ്റവും വലിയതും പഴക്കമേറിയതുമായ മോട്ടോർ വാഹന ചെക്ക്പോസ്റ്റ് 2021ൽ പൊളിച്ചു മാറ്റിയിരുന്നു. പിന്നീടാണ് മലബാർ സിമന്റ്സ് കമ്പനിക്കു എതിർവശത്തെ റോഡിലേക്കു കണ്ടെയ്നർ ചെക്ക്പോസ്റ്റാക്കി മാറ്റിയത്. അതിർത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങൾ പരിശോധിക്കുന്നതിൽ മോട്ടോർ വാഹന ചെക്ക്പോസ്റ്റും നിർണായക പങ്ക് വഹിച്ചിരുന്നു.
അതുകൊണ്ടു തന്നെ അഴിമതിയിൽ ആർ.ടി.ഒ ചെക്ക്പോസ്റ്റും മുൻപന്തിയിലായിരുന്നു. വാളയാർ ഇൻ, വാളയാർ ഔട്ട് ചെക്ക്പോസ്റ്റുകളാണ് എം.വി.ഡി നിയന്ത്രിച്ചിരുന്നത്. കേരളത്തിൽനിന്നും പോകുന്ന ലോറികൾ, ടൂറിസ്റ്റ് ബസുകൾ തുടങ്ങിയവയാണ് വാളയാർ ഔട്ട് ചെക്ക്പോസ്റ്റിൽ പരിശോധിക്കുക.
വാളയാറിലെ ആർ.ടി.ഒ ഔട്ട് ചെക്ക്പോസ്റ്റ്
ഓൺലൈനായാണ് നികുതി അടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വരുന്ന വാഹനങ്ങളാണ് വാളയാർ ഇൻ ചെക്ക്പോസ്റ്റിൽ പരിശോധിക്കുന്നത്. വിജിലൻസ് പരിശോധനയിൽ പലപ്പോഴും ഇവിടെനിന്ന് കൈക്കൂലി പണം കണ്ടെത്തിയിട്ടുണ്ട്.
രണ്ടുമാസത്തിനകം ചെക്ക്പോസ്റ്റ് സംവിധാനം പൂർണമായി ഇല്ലാതാവും. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ ഇനി മുതൽ എ.ഐ കാമറകളും സ്കാനറുകളും മാത്രം ഉപയോഗിച്ചാകും പരിശോധിക്കുക. നിലവിൽ ജി.എസ്.ടി വകുപ്പിന്റെ നിരീക്ഷണ കാമറകളിലൂടെയാണ് ഇ-വേ ബിൽ പരിശോധിക്കുന്നത്.
വിർച്വൽ രീതിയിലേക്ക് മാറുമ്പോൾ പൂർണമായും മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറകളുടെയും സ്കാനറുകളുടെയും നിരീക്ഷണത്തിലൂടെയാകും ഇ-വേ ബിൽ പരിശോധിക്കുക. നിലവിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് ആർ.ടി.ഒ ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്നത്. മൂന്നു ഷിഫ്റ്റുകളിലായി മുപ്പതോളം പേർ ജോലി ചെയ്തിരുന്നിടത്ത് ഇപ്പോൾ പകൽ ഒറ്റ ഷിഫ്റ്റിലായി ഒരു എ.എം.വി.ഐയും ഒരു ഓഫിസ് അസിസ്റ്റന്റും മാത്രമാണുള്ളത്.
ഉദ്യോഗസ്ഥരെ മുഴുവൻ പിൻവലിച്ചു ചെക്ക്പോസ്റ്റുകൾ നിർത്തലാക്കുന്നതോടെ ചരക്കു വാഹനങ്ങൾക്ക് ഒരിടത്തും നിർത്താതെ സംസ്ഥാനത്തേക്ക് പ്രവേശിക്കാനാകും. വർഷങ്ങൾക്ക് മുമ്പുതന്നെ ചരക്കു വാഹനങ്ങളുടെയും ടൂറിസ്റ്റ്, യാത്രാ വാഹനങ്ങളുടെയും പെർമിറ്റ്, ടാക്സ് തുടങ്ങിയവ പരിവാഹൻ സൈറ്റിലേക്ക് മാറ്റിയിരുന്നു. ഇത് ഓൺലൈനായി എടുത്തിട്ടുണ്ടോയെന്നു പരിശോധിക്കുക മാത്രമാണ് നിലവിൽ ചെക്ക്പോസ്റ്റിൽ ചെയ്യുന്നത്.
പേരുമാറ്റമില്ലാതെ ആർ.പി ചെക്ക്പോസ്റ്റ്
റിൻഡർപെസ്റ്റ് ചെക്ക്പോസ്റ്റ് (ആർ.പി) എന്ന പേരിലാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ് ഇപ്പോഴും അറിയപ്പെടുന്നത്. ഇതുമൂലം ഇപ്പോഴും ആളുകൾക്ക് ഈ ചെക്ക്പോസ്റ്റിനെ കുറിച്ച് അത്ര ധാരണയില്ല. രാജ്യത്ത് മുമ്പ് കുളമ്പുരോഗം പോലെ കന്നുകാലികളിൽ ഉണ്ടായിരുന്ന വൈറൽ രോഗബാധയാണ് റിൻഡർപെസ്റ്റ്.
പശുക്കളിൽ വയറിളക്കം ഉണ്ടാക്കുന്ന അസുഖമാണിത്. രാജ്യത്തുനിന്ന് ഇത് തുടച്ചുനീക്കിയെങ്കിലും ചെക്ക്പോസ്റ്റുകൾക്ക് ഇപ്പോഴും ഈ പേര് തന്നെയാണ്. ഇത് മാറ്റേണ്ട സമയമായെന്ന് അധികൃതർ തന്നെ പറയുന്നു. ജി.എസ്.ടിക്ക് മുമ്പ് ആർ.ടി.ഒ ചെക്ക്പോസ്റ്റിനോട് ചേർന്നാണ് മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്നത്. ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ പരിശോധനക്ക് നിർത്തുന്ന വാഹനങ്ങളെല്ലാം മൃഗസംരക്ഷണ വകുപ്പും പരിശോധിക്കും.
അക്കാലത്ത് മാസം 20 ലക്ഷത്തിലധികം രൂപ നികുതിയിനത്തിൽ മാത്രം ലഭിച്ചിരുന്നു. എന്നാൽ ജി.എസ്.ടി വന്നശേഷം മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്റ്റ് അപ്രസക്തമായി. നിലവിൽ വാളയാർ ഡാമിന് സമീപം സർവിസ് റോഡിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ ചരക്കുവാഹനങ്ങളൊന്നും പരിശോധനക്ക് നിർത്താറില്ല.
ദേശീയപാതയിൽ ബാരിക്കേഡ് വെച്ച് പരിശോധന നടത്താൻ പാടില്ലെന്ന് ജി.എസ്.ടി നിയമവും എൻ.എച്ച്.എ.ഐ നിയമവും അനുശാസിക്കുന്നതിനാൽ ഏതെങ്കിലും ചരക്കുവാഹനങ്ങൾ നിർത്തിയാൽ മാത്രമേ ജീവനക്കാർക്ക് പരിശോധന നടത്താനാവൂ. വാണിജ്യനികുതി വകുപ്പിന്റെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റ് നിലവിൽ എക്സൈസ് ചെക്ക്പോസ്റ്റിന് സമീപത്തേക്ക് പ്രവർത്തനം മാറ്റി. ഷീറ്റ് കൊണ്ടുണ്ടാക്കിയ ചെറിയൊരു ഷെഡിലാണ് നിലവിൽ പ്രവർത്തനം.
ഫോറസ്റ്റ് ചെക്ക്പോസ്റ്റ്
ചന്ദനം, തേക്ക്, കരി (ചാർക്കോൾ), തടി തുടങ്ങിയ വന ഉൽപന്നങ്ങളുടെ കടത്ത് ആണ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ പരിശോധിക്കാറുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളുടെ പാസ്, ജി.എസ്.ടി-നികുതി തുക എന്നിവ പിരിക്കും.
എന്താണ് ലോഡ്, എത്ര ലോഡുണ്ട്, എവിടേക്കാണ് കൊണ്ടുപോകുന്നത് തുടങ്ങിയ വിവരങ്ങളും പരിശോധിക്കും. കൂടാതെ കേസന്വേഷണത്തിന്റെ ഭാഗമായി ഏതെങ്കിലും വാഹനങ്ങൾ അതിർത്തി കടന്നുപോയിട്ടുണ്ടോ എന്നും പരിശോധിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ചെക്ക്പോസ്റ്റിൽ നിലവിൽ രണ്ട് ജീവനക്കാരാണുള്ളത്.
വ്യാപാര മേഖല ഇല്ലാതാകും
ഒട്ടേറെ കോടിപതികളെയും ലക്ഷപ്രഭുക്കളെയും സൃഷ്ടിച്ച ചെറുതും വലുതുമായ നൂറോളം ലോട്ടറിക്കടകളും തട്ടുകടകളും കച്ചവടകേന്ദ്രങ്ങളും ഇപ്പോൾ വാളയാറിലുണ്ട്. ചെക്ക്പോസ്റ്റുകൾ ഇല്ലാതാകുന്നതോടെ നൂറുകണക്കിനു പേർ ഉപജീവനം നടത്തുന്ന വാളയാറിലെ ഈ വ്യാപാര മേഖല ഇല്ലാതാകും. ഭാഗ്യദേവത കടാക്ഷിക്കുമോ എന്ന് പരീക്ഷിക്കാൻ തമിഴ്നാട്ടിൽനിന്നുൾപ്പെടെ നിരവധി പേരാണ് വാളയാറിലെ ലോട്ടറി കടകളിലെത്തുന്നത്.
ചെക്ക്പോസ്റ്റുകൾക്ക് സമീപത്തായി ധാരാളം ലോട്ടറി കടകൾ പ്രവർത്തിക്കുന്നുണ്ട്. ചരക്കുവാഹനങ്ങളിൽ വരുന്ന ഇതരസംസ്ഥാനക്കാരും സാധാരണക്കാരായ നാട്ടുകാരുമെല്ലാം ലോട്ടറി കടകളിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയും ഇവിടെ പതിവാണ്. കടകൾക്ക് പുറമേ പാതയോരത്ത് ലോട്ടറി കച്ചവടം നടത്തുന്നവരുമുണ്ട്. ഒരുകാലത്ത് സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ സുപ്രധാന ഭാഗം കൈകാര്യം ചെയ്തിരുന്ന വാളയാർ ചെക്ക്പോസ്റ്റ് ഇനി പഴങ്കഥകളിൽ സ്ഥാനം പിടിച്ച് ചരിത്രത്തിന്റെ ഭാഗമാകുകയാണ്.