Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനാല് വർഷമായി തുടരുന്ന...

നാല് വർഷമായി തുടരുന്ന വിചിത്രമായ സൈബർ വേട്ടയാടൽ: 9 തവണ ഫോൺ മാറിയിട്ടും രക്ഷയില്ലാതെ അധ്യാപിക; കടബാധ്യത 22 ലക്ഷമായി ഉയർന്നു

text_fields
bookmark_border
Soumya
cancel
camera_alt

സൗമ്യ

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയും അധ്യാപികയുമായ സൗമ്യ കഴിഞ്ഞ നാല് വർഷമായി കേട്ടുകേൾവിയില്ലാത്ത തരത്തിലുള്ള സൈബർ ആക്രമണവും വേട്ടയാടലുമാണ് നേരിടുന്നത്. 2022 മുതൽ ആരംഭിച്ച ഈ സൈബർ തട്ടിപ്പിൽ ഫോണുകളും ഇ-മെയിൽ ഐഡികളും തുടർച്ചയായി ഹാക്ക് ചെയ്യപ്പെടുകയും, ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യുന്നത് സൗമ്യയുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഇതുവരെ 2.5 ലക്ഷത്തോളം രൂപയാണ് നഷ്ടപ്പെട്ടത്. ഗൂഗിൾ പേ വൗച്ചറുകൾ വഴി ഗെയിമിങ് ആപ്പുകളിലേക്കാണ് പണം പോകുന്നതെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അക്കൗണ്ടുകളിൽ പണമില്ലാത്തതുമൂലം ഇ.എം.ഐ. ചെക്കുകൾ മുടങ്ങുകയും, ദിവസം 540 രൂപ വരെ ബൗൺസ് ചാർജ് ഈടാക്കുകയും ചെയ്തതോടെ സൗമ്യയുടെ കടബാധ്യത നാല് ലക്ഷത്തിൽ നിന്ന് 22 ലക്ഷം രൂപയായി ഉയർന്നു. വാടകവീട്ടിൽ കഴിയുന്ന ഇവരുടെ രണ്ടു മാസത്തെ വാടകയും മുടങ്ങിയിരിക്കുകയാണ്.

തട്ടിപ്പ് തുടർച്ചയായതോടെ ഒമ്പത് തവണയാണ് സൗമ്യക്ക് ഫോണുകളും സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും മാറ്റേണ്ടി വന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചോരുന്നതിന് തൊട്ടുപിന്നാലെ ഫോൺ തനിയെ 'ഫാക്ടറി റീസെറ്റ്' (Factory Reset) ആകുന്നതാണ് ഈ ഹാക്കിങ്ങിന്റെ പ്രധാന പ്രത്യേകത.

ഏറ്റവും ഒടുവിൽ, സൈബർ സെൽ നേരിട്ട് ഇടപെട്ട് പുതിയ മെയിൽ ഐഡിയും പാസ്‌വേഡും ഉണ്ടാക്കി നൽകിയെങ്കിലും മണിക്കൂറുകൾക്കകം ഫോൺ വീണ്ടും ഫാക്ടറി റീസെറ്റ് ആയി. ഇതിന് പിന്നാലെ മകളുടെ ഫോണും സമാനമായ രീതിയിൽ റീസെറ്റ് ആവുകയും മകളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാൻ തുടങ്ങുകയും ചെയ്തതായി സൗമ്യ പറയുന്നു. കൂടാതെ, ഫോണിലെ സാങ്കേതിക തടസ്സങ്ങൾ കാരണം ബയോമെട്രിക് സംവിധാനം ഓഫ് ചെയ്തുവെക്കേണ്ടി വന്നതിനാൽ റേഷൻ കടയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കുടുംബം.

2022 മുതൽ തുടരുന്ന ഈ സൈബർ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സൈബർ പൊലീസും എത്തിക്കൽ ഹാക്കർമാരും ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. സ്വന്തമായി ഒരു ഫോൺ പോലും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സൗമ്യ ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. നിലവിൽ സംഭവത്തിൽ സൈബർ സെല്ലും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തിവരികയാണ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Cyber Attack Cyber Fraud Cyber Police phone hacking Latest News 
News Summary - Wayanad Cyber Attack: Teacher's Phone Resets Itself as Debt Reaches ₹22 Lakhs
Next Story