കണ്ണിൽ മുളക് പൊടിയെറിഞ്ഞു, കൈകൾ കെട്ടിയിട്ടു, അതിനു ശേഷം കുത്തി മലർത്തി; കർണാടക മുൻ ഡി.ജി.പിയെ ഭാര്യ കൊലപ്പെടുത്തിയത് ഇങ്ങനെ
text_fieldsബംഗളൂരു: കഴിഞ്ഞ ദിവസമാണ് കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിനെ ബംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേ ഔട്ടിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കൊലപാതകമാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. മരിക്കുന്നതിന് തൊട്ടുമുമ്പ് ഓം പ്രകാശും ഭാര്യയും തമ്മിൽ കലഹമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സ്വത്തുതർക്കമാണ് വഴക്കിന് കാരണം. വഴക്കിനിടെ പല്ലവി ഓം പ്രകാശിന്റെ കണ്ണിലേക്ക് മുളക് പൊടിയെറിഞ്ഞു.പിന്നീട് കൈകൾ കൂട്ടിക്കെട്ടി കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. 68 വയസുള്ള മുൻ ഡി.ജി.പിയെ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേൽപിക്കുകയും ചെയ്തു.
ഭാര്യ പല്ലവിയെ കൂടാതെ മകൾ കൃതിയും മറ്റൊരു കുടുംബാംഗവും വീട്ടിലുണ്ടായിരുന്നു.
ഓംപ്രകാശിന്റെ നെഞ്ചിനും വയറിനും കൈക്കും 10ഓളം കുത്തുകളേറ്റ പരിക്കുകളുണ്ട്. വയറ്റിൽ തന്നെ നാലോ അഞ്ചോ കുത്തുകളേറ്റു. ഓംപ്രകാശ് സ്വന്തം പേരിലുള്ള സ്വത്ത് ബന്ധുക്കളിലൊരാൾക്ക് നൽകിയിരുന്നു. ഇതിനെ ചൊല്ലിയാണ് ഭാര്യ വഴക്കിട്ടത്. ഭർത്താവ് കൺമുന്നിൽ പിടഞ്ഞുമരിക്കുന്നത് 10 മിനിറ്റോളം പല്ലവി കസേരയിലിരുന്ന് നോക്കിക്കണ്ടു. അതിനു ശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനോട് ഞാൻ ആ പിശാചിനെ കൊന്നു എന്ന് വിഡിയോ കോൾ ചെയ്ത് വിളിച്ച് പറയുകയും ചെയ്തു.
പല്ലവിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് മകൻ കാർത്തിക് പൊലീസിനോട് പറഞ്ഞത്. 12 വർഷമായി സ്കീസോഫ്രീനിയ എന്ന രോഗത്തോട് മല്ലിടുകയാണ് ഇവർ. ഭർത്താവ് തന്നെ ഉപദ്രവിക്കുമെന്നായിരുന്നു ഇവരുടെ ഭയം. അച്ഛനും അമ്മയും തമ്മിൽ പലതവണ വഴക്കിടാറുണ്ടായിരുന്നുവെന്നും കാർത്തിക് പൊലീസിനോട് പറഞ്ഞു.
പൊലീസ് എത്തിയപ്പോൾ പല്ലവി വീട് പൂട്ടി അകത്തിരിക്കുകയായിരുന്നു. വാതിൽ തുറക്കാനായി പൊലീസിന് ഏറെ നേരം പുറത്തു കാത്തുനിൽക്കേണ്ടി വന്നു. പല്ലവിയെയും മകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ 12 മണിക്കൂറോളം ചോദ്യം ചെയ്തു.
1981 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ബിഹാർ സ്വദേശിയായ ഓം പ്രകാശ്. 2015 മുതൽ രണ്ടു വർഷം ഡി.ജി.പിയായിരുന്നു.