ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
text_fieldsരഞ്ജിത്ത്
ചേർപ്പ്: നിരവധി ക്രിമിനൽ, മയക്കുമരുന്ന്, മോഷണ കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ഒല്ലൂർ പുഴമ്പള്ളം സ്വദേശി കുട്ടി രഞ്ജിത്ത് എന്ന രഞ്ജിത്തിനെയാണ് (34) ചേർപ്പ് പൊലീസ് പിടികൂടിയത്.
വെങ്ങിണിശ്ശേരിയിൽ ഒരു വീട്ടിൽ വഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ആൾക്കൂട്ടത്തിൽനിന്ന് രഞ്ജിത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
മതിലുകൾ ചാടി ഓടിയ ഇയാളെ പൊലീസ് സംഘം പിൻതുടർന്നെത്തി ഏറെ നേരത്തേ മൽപ്പിടിത്തത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
ചേർപ്പ് സ്റ്റേഷനിൽ നാല് കേസുകളിലും ഒല്ലൂർ സ്റ്റേഷനിൽ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ രഞ്ജിത്ത് 2022ൽ പാലക്കാട് ജില്ലയിലെ ആലത്തൂരിൽ എം.ഡി.എം.എ കേസിലും പ്രതിയാണ്. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്റ്റേഷനിൽ മൂന്നും തിരുവനന്തപുരം പാലോട് സ്റ്റേഷനിൽ ഒന്നും കളവുകേസിലും ഉൾപ്പെട്ടിട്ടുണ്ട്. മണ്ണുത്തി പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, എസ്.ഐമാരായ ടി.എ. റാഫേൽ, അജയഘോഷ്, സി.പി.ഒമാരായ എം.യു. ഫൈസൽ, കെ.എ. ഹസീബ്, സി.പി. റിൻസൻ, ജി. ഗോകുൽദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.