വയോധികക്ക് നേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ
text_fieldsഷാനവാസ്
കണ്ണനല്ലൂർ: വയോധികയെ അക്രമിച്ച കേസിൽ യുവാവിനെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് മുളവറക്കുന്നിൽ കിഴങ്ങുവിള തെക്കതിൽ വീട്ടിൽ ഷാനവാസ് (37)ആണ് പിടിയിലായത്. അയൽവാസിയായ വയോധിക അടുത്തിടെ വീട്ടിൽ സി.സി ടി.വി കാമറ സ്ഥാപിച്ചു. ഒരു കാമറ വീടിന്റെ മുൻവശത്തെ റോഡിലെ ദൃശ്യങ്ങൾ പതിയുന്ന രീതിയിലാണ് സ്ഥാപിച്ചത്. എന്തിനാണ് റോഡിലേക്ക് തിരിച്ചുവെച്ചതെന്ന് ചോദിച്ചെത്തിയ ഷാനവാസ് കാമറ തല്ലിത്തകർത്തു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ വയോധിക എന്താണ് പ്രശ്നം എന്ന് ചോദിച്ചു. പ്രകോപിതനായ ഇയാൾ വയോധികയെ അസഭ്യം പറയുകയും കഴുത്തിന് പിടിച്ച് തള്ളി താഴയിടുകയും ചെയ്തതായാണ് പരാതി. നിലവിളി കേട്ട് ഓടിയെത്തിയ വയോധികയുടെ ഭർത്താവിനെയും മർദിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണനല്ലൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ സി.ഐ എസ്. ശ്രീകുമാറിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ജിബിൻ, ഹരിസോമൻ, സി.പി.ഒമാരായ അത്തിഫ്, ഷാനവാസ്, ഹുസൈൻ, ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.