തൊഴിലാളികളുടെ മൊബൈലുകൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ
text_fieldsസുനീർ ബാബു
നിലമ്പൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിക്കുന്ന യുവാവ് നിലമ്പൂരിൽ പിടിയിൽ. പാണ്ടിക്കാട് കൊളപറമ്പ് കുന്നുമ്മൽ സുനിൽ ബാബു എന്ന സുനീർ ബാബുവിനെയാണ് (41) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറസ്റ്റ് ചെയ്തത്. നിലമ്പൂർ ജില്ല ആശുപത്രിക്കുന്നിലെ കിളിയംതൊടി രുഗ് മിണി അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാളി സ്വദേശികളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും സുനീർ ബാബു മോഷ്ടിച്ചു.
പണിയുണ്ടെന്ന് പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ സമീപിക്കുകയും പ്രവൃത്തി നടക്കുന്ന പുതിയ കെട്ടിടങ്ങളിൽ കൊണ്ടുപോയി കരാറുകാരനും കെട്ടിടത്തിന്റെ ഉടമയെന്നും ചമഞ്ഞ് പലവിധ പണികൾ ചെയ്യാൻ ആവശ്യപ്പെടും. പണിയെടുക്കാൻ തൊഴിലാളികൾ വസ്ത്രങ്ങൾ മാറുന്നതിനൊപ്പം ഫോണുകളും പണവും സൂക്ഷിച്ച് മാറ്റിവെക്കും. ശേഷം പണിയെടുക്കുന്നതിനിടെ ഫോണുകളും പണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ പരാതിക്കാരുടെ പണവും ഫോണുകളും ഇയാൾ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വദേശികളുടേതും ഇതര സംസ്ഥാന തൊഴിലാളികളുടേതും ഉൾപ്പടെ നിരവധി ആളുകളുടെ ഫോണുകൾ ഇത്തരത്തിൽ അപഹരിക്കപ്പെടുന്നതായി പൊലീസ് പറഞ്ഞു.