വടകരയിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
text_fieldsമണികണ്ഠൻ
വടകര : കാറിൽ കടത്തുകയായിരുന്ന 21000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അറസ്റ്റിൽ. വടകര ഒന്തം റോഡിൽ കുന്നുംപുറത്ത് മണികണ്ഠനെ(21)യാണ് ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്. കാറിൽ പ്ലാസ്റ്റിക് ചാക്കുകളിലാക്കി കടത്തുകയായിരുന്ന പ്രതിയെ വെള്ളിയാഴ്ച്ച രാത്രിയിൽ വടകര പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ ബി.ഇ.എം സ്കൂൾ പരിസരത്താണ് പൊലീസ് പിടികൂടിയത്.
15000 പാക്കറ്റ് പുകയില ഉൽപന്നമായ ഹാൻസ്, 6000 പാക്കറ്റ് കൂൾ ലിപ് എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്. മാർക്കറ്റിൽ 10 ലക്ഷം രൂപയോളം വിലവരുന്ന പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരത്ത് നിന്നുമാണ് പുകയില ഉൽപന്നങ്ങൾ കടത്തിക്കൊണ്ടുവന്നത്. കാറിനകത്ത് പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഡാൻസാഫ് പിടികൂടിയ പ്രതിയെ വടകര പൊലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തി. മേഖലയിൽ പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണ് മണികണ്ഠൻ. സ്കൂൾ, കോളജ് വിദ്യാർഥികൾക്കാണ് ഇയാൾ പ്രധാനമായും പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നത്.
ഡാൻസാഫ് എസ്.ഐ. മനോജ് കുമാർ രാമത്ത്, എ.എസ്.ഐ.വി.വി. ഷാജി, സി.പി.ഒ. അനൂപ് സെൻ, വടകര എസ്.ഐ പി.വി. പ്രശാന്ത്, എസ്.സി.പി.ഒ. സീ വൻ, സുധീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


