എട്ട് ബജറ്റുകൾ, എട്ട് സാരികൾ: നിർമല സീതാരാമൻ ധരിച്ചത് മംഗള്‍ഗിരി സാരി മുതൽ മധുബനി വരെ...
text_fieldsന്യൂഡല്‍ഹി: ഇത്തവണയും ധനമന്ത്രി സീതാരാമന്റെ ബജറ്റ് അവതരത്തിലെ വസ്ത്ര ധാരണം ചർച്ചയാകുന്നു. ചരിത്രത്തിൽ ഇടം നേടി തുടര്‍ച്ചയായ എട്ടാമത് ബജറ്റ് അവതരണത്തിനെത്തിയ ധനമന്ത്രി ധരിച്ചിരിക്കുന്നത് ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരിയാണ്. (സീതാരാമനുമുമ്പ് മൊറാർജി ദേശായി ഈ റെക്കോർഡ് നേടിയിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ചിരുന്നില്ല). ചുവന്ന നിറത്തിലാണ് ബ്ലൗസ്. മധുബനി ചിത്രകലയാണ് സാരിയിലുള്ളത്. മത്സ്യത്തിന്റെ തീം ഡിസൈന്‍ ചെയ്ത എംബ്രോയഡറിയില്‍ സ്വര്‍ണക്കരയാണുള്ളത്.
പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ഇത്തരത്തിൽ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിഹാറിലെ മിഥില മേഖലയില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ് മധുബനി. കടുത്ത വൈബ്രന്റ് നിറങ്ങളുടെയും പ്രതീകാത്മക അവതരണങ്ങളും മധുബനിയുടെ സവിശേഷതയാണ്. പ്രഗത്ഭയായ ചിത്രകാരി കര്‍പ്പൂരി ദേവിയില്‍നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.
ദുലാരി ദേവി
2021-ലാണ് ദുലാരി ദേവിക്ക് പത്മശ്രീ ലഭിക്കുന്നത്. മിഥില ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോഴാണ് നിര്‍മല സീതാരാമന്‍ ദുലാരി ദേവിയെ പരിചയപ്പെടുന്നത്. ബജറ്റ് അവതരണ ദിനത്തില്‍ ധരിക്കണമെന്നാവശ്യപ്പെട്ട് ദുലാരി ദേവി നല്‍കിയ സാരിയാണ് ഇന്ന് ധനമന്ത്രി ധരിച്ചിരിക്കുന്നത്.
ശൈശവ വിവാഹം, എയ്ഡ്‌സ്, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ തന്റെ ചിത്രങ്ങളിലൂടെ അവബോധം പകരുന്നയാളാണ് ദുലാരി ദേവി. 50-ലധികം പ്രദര്‍ശനങ്ങളിലായി പതിനായിരത്തോളം ചിത്രങ്ങള്‍ ദുലാരി ദേവി വരച്ചിട്ടുണ്ട്. മധുബനി കലാകാരിയായ മഹാസുന്ദരി ദേവിയുടെ വീട്ടിൽ വീട്ടുവേലക്കാരിയായി ജോലിചെയ്യുമ്പോഴാണ് ദുലാരി ദേവി മധുബനി ശൈലിയിൽ വരക്കാൻ പഠിച്ചത്.
2019ലെ ആദ്യ ബജറ്റ് അവതരണത്തിനെത്തിയപ്പോള്‍ പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി ആയിരുന്നു നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്. സ്വര്‍ണക്കരയായിരുന്നു ഈ സാരിക്കുണ്ടായിരുന്നത്. 2020ല്‍ കടും മഞ്ഞ-സ്വര്‍ണ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചത്. 2021ല്‍ ധരിച്ച ഓഫ് വൈറ്റ്- ചുവപ്പ് കോമ്പിനേഷനിലുള്ള പോച്ചാംപള്ളി സാരിക്ക് പച്ചക്കരയായിരുന്നു ഉണ്ടായിരുന്നത്. തെലങ്കാനയിലെ പരമ്പരാഗത നെയ്ത്താണ് പോച്ചാംപള്ളി. 2022ല്‍ ബ്രൗണും ഓഫ് വൈറ്റും ചേര്‍ന്ന ബോംകൈ സാരിയാണ് മന്ത്രി തിരഞ്ഞെടുത്തത്. വെളുപ്പ് നിറത്തിലായിരുന്നു സാരിയുടെ കര.
2023ല്‍ കസൂതി തുന്നലോട് കൂടിയ ടെമ്പിള്‍ ബോര്‍ഡറിലുള്ള കറുപ്പും ചുവപ്പും ചേര്‍ന്ന സാരിയും 2024ല്‍ കാന്ത കൈത്തറി ചെയ്ത നീല നിറത്തിലുള്ള ടസര്‍ സില്‍ക് സാരിയുമാണ് മന്ത്രി ധരിച്ചത്. ഇതിനിടെ, ഇത്തവണ ബിഹാറിൽ നിന്നുള്ള സാരി ധരിച്ചതിനു പിന്നിൽ ബിഹാറിനോടും നിതീഷ് കുമാറിനോടുള്ള അമിത വിധേയത്വമാണെന്നുള്ള ആക്ഷേപം ഉയർന്നുകഴിഞ്ഞു. എന്നാൽ, ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുക്കുന്ന സാരികളിലെല്ലാം രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യത്തനിമയും കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് പറയുന്നവരും ഏറെയാണ്.