കോവിഡ് മഹാമാരിക്കാലത്തെ കാണാനന്മകൾക്ക് ഒരു സ്മാരകം
text_fieldsകോവിഡ് സ്മൃതി ശിൽപം
അതുവരെ നാം ജീവിച്ച എല്ലാ ശീലങ്ങളെയും പൊളിച്ചെഴുതിയിരുന്നു ആ മഹാമാരിക്കാലം. കോവിഡ് കാലത്തെ നാം അതിജീവിച്ചത് മരുന്നുകൊണ്ടും ആരോഗ്യ സംവിധാനങ്ങൾ കൊണ്ടും മാത്രമല്ല മറിച്ച് സ്നേഹം കൊണ്ടാണ്.
ആ കാലം ഓരോരുത്തരിലും ഉണർത്തുന്നത് വ്യത്യസ്തമായ ഓർമകളാണ്. മാസ്ക്കുകൾ, സാനിറ്റൈസറുകൾ, കോവിഡ് കാല ടെസ്റ്റുകൾ, ക്വാറന്‍റൈനുകൾ, ഇല്ലാത്ത ആഘോഷങ്ങൾ, നിശ്ചിത അകലം പാലിച്ച സ്നേഹപ്രകടനങ്ങൾ, കൊട്ടിയടച്ച പാതകൾ... ഭൂരിപക്ഷം പേരും രോഗാണുവിനെ പേടിച്ച് വീടും മനസും കൊട്ടിയടച്ച ആ കാലത്ത് ഒന്നിനേയും ഭയക്കാതെ നമ്മെ സഹായിക്കാനെത്തിയ കുറേ നല്ല മനുഷ്യരുണ്ടായിരുന്നു. ആ സാധാരണമനുഷ്യർക്ക് സ്മൃതി ശില്പത്തിലൂടെ ആദരം അർപ്പിക്കുകയാണ് വെങ്ങാട് യു.പി സ്കൂൾ.
രാജ്യത്ത് ആദ്യമായാണ് കോവിഡിനെതിരെ പോരാടിയവർക്കുള്ള ആദരസൂചകമായി ഒരു ശിൽപം നിർമിക്കപ്പെടുന്നത്. ലോക്ക് ഡൗൺ അക്ഷരാർത്ഥത്തിൽ ജനജീവിതത്തെ സ്തംഭിപ്പിച്ചിരുന്നു. വീടുകളിൽ നിന്നും പുറത്തിറങ്ങാനാവാത്ത ജനങ്ങൾക്ക് ഭക്ഷണം എത്തിക്കാനും മരുന്നിനും അവശ്യസാധനങ്ങൾക്കുമായി കോവിഡ് വളണ്ടിയർ മാത്രമാണ് ഉണ്ടായിരുന്നത്.
കോവിഡ് കാല സംവിധാനത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു സാമൂഹ്യ അടുക്കള. ഓരോ പഞ്ചായത്തിലും ഇത്തരം അടുക്കളകൾ വഴി വളണ്ടിയർമാരുടെ സഹായത്തോടെ അടച്ചിടപ്പെട്ട വീടുകളിലേക്ക് കൃത്യസമയത്ത് ഭക്ഷണം എത്തിച്ചു. മൂർക്കനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൻ വെങ്ങാട് ടി.ആർ.കെ.യു.പി സ്കൂളിലെ അടുക്കളയിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. നീണ്ട 64 ദിവസമാണ് ഈ വിദ്യാലയത്തിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ചത്.
പഞ്ചായത്തിൻറെ വിവിധ പ്രദേശങ്ങളിലുള്ള ഇരുപതോളം പേരായിരുന്നു ഇവിടത്തെ പാചകക്കാർ. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതയാണ് ഭക്ഷണം പാകം ചെയ്യാനായി നിസ്വാർത്ഥമായും ആത്മാർത്ഥമായും ഇവർ പ്രവർത്തിച്ചത്. 64-ാം ദിവസം അതായത് സാമൂഹ്യ അടുക്കള അവസാനിപ്പിച്ച ദിവസം അടുക്കള പൂട്ടി താക്കോൽ ഏൽപ്പിച്ച് അവർ പടിയിറങ്ങി. ആ പാചകക്കാർക്കും മഹാമാരി പടർന്നുപിടിക്കുമെന്ന ഭീതിക്കിടയിലും അത് വിതരണം ചെയ്യുന്ന ജോലി സ്വയം ഏറ്റെടുക്കുകയും ചെയ്ത ചെറുപ്പക്കാർക്കും ഉള്ള ആദരവും അംഗീകാരവുമായാണ് 'കമ്മ്യൂണിറ്റി കിച്ചൻ' എന്ന പേരിൽ ശിൽപം നിർമിക്കപ്പെട്ടത്.
കോവിഡുകാലത്ത് സ്കൂളിലെ സമൂഹ അടുക്കളയിൽ ഉണ്ടാക്കിയഭക്ഷണം ടിഫിൻ കാരിയറുകളിൽ വീടുകളിൽ എത്തിച്ചുകൊടുക്കാനായി സൈക്കിളിൽ മരുന്നും ഭക്ഷണവുമായി മാസ്കണിഞ്ഞ് ദൃഢനിശ്ചയത്തോടെ കുതിക്കുന്ന വളണ്ടിയർ എല്ലാവരുടെയും പ്രതിനിധിയാണ്. കോവിഡ് കാലത്ത് നിസ്വാർഥ സേവനത്തിലേർപ്പെട്ട അനേകം പാചകത്തൊഴിലാളികൾക്കുള്ള ആദരസൂചകമാണ് ഈ സൃഷ്ടി. വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ പി.കെ.സുഭാഷിന്റെ ചിന്തയിലാണ് ശിൽപം ആദ്യം രൂപംകൊണ്ടത്. നിർമാണച്ചെലവ് സ്കൂൾ മാനേജർ ടി.കെ.സുശീല ഏറ്റെടുത്തു. ഇതേ സ്കൂളിലെ തന്നെ പല ശിൽപങ്ങളും ചെയ്ത പ്രമുഖ ശിൽപി സി.പി.മോഹനാണ് ശിൽപം നിർമിച്ചത്. ഏഴു മാസത്തെ കഠിനാധ്വാനത്തിനൊടുവിൽ ‘ദ വൊളന്റിയർ’ എന്ന ശിൽപത്തിന്‍റെ പ്രകാശന കർമം വി.കെ ശ്രീരാമൻ നിർവഹിച്ചത് എല്ലാ കോവിഡ് പോരാളികൾക്കുമുള്ള ഹൃദയാഞ്ജലിയായി മാറി.
ഒരു മഹാമാരിയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ എങ്ങനെ കഴിയുമെന്ന സന്ദേശം പുതിയ തലമുറയിലേക്ക് കൈമാറേണ്ടതുണ്ടെന്നും അതാണ് ടി.ആർ.കെ സ്കൂൾ സാക്ഷാത്ക്കരിച്ചതെന്നും മുൻമന്ത്രി ശൈലജ ടീച്ചർ ആശംസാ സന്ദേശത്തിൽ പറഞ്ഞു.
മാനവികതയിലൂന്നി ഒന്നിച്ചുനിന്ന് ഒരു മഹാവിപത്തിനെ നേരിട്ടത്തിന്റെ സ്‌മരണയായും സ്കൂളിലെ വരും തലമുറക്ക് പ്രചോദനമായും ഈ പോരാളി സ്കൂളങ്കണത്തിൽ എന്നും തലയുയർത്തി നിൽക്കും.