അപ്പീലും തുണച്ചില്ല, ഗൗരി ചമയങ്ങളില്ലാതെ മടങ്ങി
text_fieldsതൃശൂർ: ജില്ല സ്കൂൾ കലോത്സവത്തിൽ നങ്ങ്യാർകൂത്ത് മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ഗൗരി നായർക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ ഭാഗ്യം തുണച്ചില്ല. ഇതോടെ വിധികർത്താക്കൾ മനപ്പൂർവ്വം തഴഞ്ഞെന്ന പരാതിയുമായി അധികൃതരെ സമീപിച്ചു. പിന്നാലെ അപ്പീലും നൽകി.
സാഹിത്യ അക്കാദമി ഹാളിൽ വെള്ളിയാഴ്ച അരങ്ങേറിയ മത്സരത്തിന് മുന്നെ കോടതി വഴി പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷ. അതും നഷ്ടപ്പെട്ടതോടെ സങ്കട കണ്ണീരുമായി ഗൗരി മടങ്ങി.തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് പ്ളസ് ടു വിദ്യാർഥിയാണ് ഗൗരി.കലാമണ്ഡലം സംഗീതയുടെ കീഴിലാണ് കൂത്ത് പഠിച്ചത്.
ഇരിങ്ങാലക്കുടയിലായിരുന്നു ജില്ല കലോത്സവം. ഫലം വന്നപ്പോൾ അപ്പീൽ പോലും കൊടുക്കാൻ സാധിക്കാത്ത സ്ഥിതി. ഇനി ഒരു അവസരമില്ലാത്തതിനാൽ അവസാന ശ്രമമെന്ന നിലയിലാണ് കോടതിയെ സമീപിച്ചത്. വിധി അനുകൂലമാകുമെന്ന പ്രതീക്ഷയിൽ .അമ്മ ഐശ്വര്യക്കും ചിറ്റമ്മ, അമ്മമ്മ എന്നിവർക്കൊപ്പമാണ് ഗൗരി എത്തിയത്. സങ്കടം തീർക്കാൻ കുംഭമാസത്തിലെ ക്ഷേത്രോത്സവത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഗൗരി.


