വടക്കൻ പാട്ടിന്റെ പ്രഭാകരൻ
text_fieldsഒഞ്ചിയം പ്രഭാകരൻ
പാട്ടുകൾ ഏറെയുള്ള നാട്. അതാണ്, കേരളം. ഇവയിൽ ഏറ്റവും കരുത്തുള്ള പാട്ട് വടക്കൻപാട്ടാണ്. വീരേതിഹാസങ്ങളുടെ വാഴ്ത്തുപാട്ടുകൾ വടക്കൻപാട്ടിന് സ്വന്തം. പ്രതികാരത്തിന്റെയും കരുത്തിന്റെയും ചതിയുടെയും കഥകൾ നിറഞ്ഞ പാട്ടുകൾ. വടക്കെ മലബാറിലെ പഴയ കടത്തനാട്, കോലത്തുനാട്, കതിരൂർ തുടങ്ങിയ പ്രദേശങ്ങളിലെ വീരചരിതമാണ് വടക്കൻപാട്ടുകൾ. യാഥാർഥ്യമെന്നോ, സങ്കൽപമെന്നോ തീർപ്പുകൽപിക്കാൻ കഴിയാത്ത കഥകൾ.
തീർച്ചയായും ഇതിലേറെയും അതിരുവിട്ട വീരാരാധനയാണ്. എല്ലാം പിറന്നതാകട്ടെ, പാടത്താണ്, അഥവാ തൊഴിലിടത്തിലാണ്. തൊഴിലാളികളുടെ ചുണ്ടത്താണ്. വാമൊഴിയെ വരമൊഴിയായി സംരക്ഷിച്ചിരിക്കുകയാണ് കാലം. പുതിയകാലം അത്, തൊട്ടറിയുേമ്പാൾ കൊയ്ത്തൊഴിഞ്ഞ പാടത്തെ വീണ്ടും കാണുന്നു. ആൺ, പെൺ വ്യത്യാസമില്ലാതെ, ഇല്ലായ്മയും വല്ലായ്മയും മറന്ന് അവർ പാടുകയാണ്. ഉഴുതുമറിക്കുകയാണ്. പുതിയ കാലത്തിന് വിളവൊരുക്കയാണ്... വടക്കൻപാട്ടിന്റെ കുലപതി ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരിൽനിന്നും നാട്ടുപാട്ടിന്റെ പെട്ടി വാങ്ങി തെളിമ ചോരാതെ പതിറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന മനുഷ്യന്റെ പേരാണ് ഒഞ്ചിയം പ്രഭാകരൻ.
ഒഞ്ചിയം പ്രഭാകരൻ ഫോക് ലോർ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങുന്നു
ശരിക്കും വടക്കൻപാട്ടിന്റെ കാവലാൾ. ഈ പേര് കേൾക്കുേമ്പാൾതന്നെ പ്രൗഢഗംഭീരമായ ശബ്ദമാണ് ആസ്വാദകരുടെ മനസ്സിൽ ഓടിയെത്തുക. വടക്കൻപാട്ടിന്റെ വഴികളിലെത്തിയതുൾപ്പെടെ തന്റെ കലാപ്രവർത്തനത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് ഒഞ്ചിയം പ്രഭാകരൻ. നാടകനടൻ, സംവിധായകൻ, വടക്കൻപാട്ട് കലാകാരൻ, നാടക-സീരിയൽ-ഡോക്യുമെന്ററി സംവിധായകൻ, എല്ലാറ്റിലും ഉപരി ഒഞ്ചിയം എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ എന്നീനിലകളിൽ നാടിന്റെ വഴികളിൽ പ്രഭാകരൻ മാസ്റ്റർ ഉണ്ടായിരുന്നു. അനുകരിക്കാൻ അസാധ്യമായ വ്യക്തിത്വമായി.
പാട്ടുവഴിയിലെ ആ രാത്രി
പാട്ട് പണ്ടേ എന്റെ ഒപ്പമുണ്ടായിരുന്നു. പക്ഷേ, വടക്കൻപാട്ടിന്റെ വഴിയിൽ ഇങ്ങനെ സഞ്ചരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. നാടകത്തിന്റെ ഭാഗമാകുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, എല്ലാ മുൻധാരണകളും തെറ്റിച്ച ആ രാത്രി ഇപ്പോഴും ഓർമയിലുണ്ട്. എല്ലാം ഇന്നലെയെന്നോണം പച്ചപിടിച്ചു കിടക്കുകയാണ്. രാത്രി ഏകദേശം 12.30 സമയം. ഞാൻ, ഓർക്കാേട്ടരി മണപ്പുറത്തുനിന്ന് നാടക റിഹേഴ്സൽ കഴിഞ്ഞ് നടന്നുവരുകയായിരുന്നു.
വീടിനടുത്തെത്തി. നാടൻ പാട്ടുകലാകാരന്മാരായ കുന്നത്ത് കുമാരൻ, മാനോളി കുമാരൻ, കെ.ടി. കുഞ്ഞിരാമൻ നായർ, താഴെകുന്നത്ത് ഗോപാലൻ, മുണ്ടോളംകുനി കുമാരൻ തുടങ്ങിയവർ പെട്രോമാക്സുമായി എന്നെ കാത്തിരിക്കുകയാണ്. അവരെ കണ്ടയുടനെ ഞാൻ പരിഭ്രമിച്ചു. വീട്ടിലെന്തോ... പല ചിന്തകളായി.
അന്ന്, അവർ ഒഞ്ചിയം സ്കൂളിൽ വടക്കൻപാട്ട് അവതരിപ്പിച്ചിരുന്നു. പരിപാടിയെ ചിലർ പരിഹസിച്ചു. അതാണ്, അവർ എല്ലാവരുംകൂടി എന്നെ കാണാൻ തീരുമാനിച്ചത്. അവരുടെ വടക്കൻപാട്ടുസംഘത്തിന് നേതൃത്വം കൊടുക്കണമെന്നാണാവശ്യം.
ഞാൻ ആകെ വല്ലാതായി. ഇപ്പോൾ നാടകം കൂടെയുണ്ട്. ഇതോടൊപ്പം വടക്കൻപാട്ടുകൂടി കൊണ്ടുനടക്കാൻ കഴിയില്ല. ഞാൻ തയാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. അവർ, വിടാൻ കൂട്ടാക്കിയില്ല. എന്നെ വീട്ടിലേക്ക് വിടാതെ വഴിയിൽ തടഞ്ഞ് ചർച്ച തന്നെ. ഞാൻ വാശിപിടിച്ചു. എനിക്ക് ഉറങ്ങണം. നാളെയും റിഹേഴ്സലുണ്ട് എന്നൊക്കെ പറഞ്ഞു നോക്കി. നേരം വല്ലാതെ വൈകുന്നു. അവർ, വിടുന്നില്ല. ഒടുവിൽ ഞാൻ സമ്മതിച്ചു. പക്ഷേ, അന്നു രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മനസ്സ് മുഴുവൻ വടക്കൻപാട്ടിന്റെ പിന്നാലെയാണ്. കുട്ടിക്കാലത്ത് വീടിന്റെ മുന്നിൽ വലിയ വയലാണ്. അവിടെ, തൊഴിലാളികൾ പാടുന്ന പാട്ട് കേട്ടാണ് വളർന്നത്. അന്നേ, ആ പാട്ടുകൾ എന്റെ ഹൃദയത്തിൽ ചേക്കേറിയിരുന്നു. അവർക്ക് കുടിക്കാൻ വെള്ളം കൊടുക്കുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. പച്ചമാങ്ങയും ഉപ്പും കൂട്ടി കൊടുക്കും. ഇതിനുകാരണം തന്നെ പാട്ട് കേൾക്കാനുള്ള ഇഷ്ടമാണ്. പിന്നെ, അവർക്ക് ആവേശം ഏറും. അവർ സന്ദർഭത്തിനനുസരിച്ച് പാട്ടുണ്ടാക്കും.
പാടിപ്പതിഞ്ഞ വടക്കൻപാട്ടുകൾ എന്ന് നാം പറയാറുണ്ട്. അത്, ശരിയല്ല. ഒന്നും പാടിപ്പതിഞ്ഞവയൊന്നുമല്ല. പാടുന്നവരുടെ മനോഗതിക്ക് അനുസരിച്ച് വരികൾ മാറും. അങ്ങനെയാണ് നാടൻപാട്ടുകൾ. ഇന്ന്, നാം അറിയുന്ന പാട്ടുകൾ മാത്രമല്ല. അനേകായിരം മനുഷ്യർ അനേകം സന്ദർഭങ്ങളിൽ പാടിയ പാട്ടുകൾ കാണും. അന്നത്തെ കാലത്ത് കേൾവി മാത്രമാണ്. കേട്ട് പഠിച്ചവർ കൊണ്ടുനടക്കും. അങ്ങനെ തലമുറകളിൽനിന്നും തലമുറകളിലേക്ക്, ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കും. അതാണ്, നാടൻപാട്ടിന്റെ വഴി. വടക്കൻപാട്ടും ഇങ്ങനെതന്നെ. കൊടുത്ത വാക്ക് പാലിക്കാതെ വയ്യ. ഞാൻ, അവർക്കൊപ്പം സഞ്ചരിക്കാൻ തുടങ്ങി.
പാട്ട് അറിയുന്നവരുടെ അടുത്ത് പോയി കേട്ടെഴുതിയാണ് ആദ്യകാലത്ത് പാട്ടുകൾ സ്വന്തമാക്കിയത്. പൂർണമായി വാമൊഴി എന്നതല്ല, കേൾവിക്കാർക്ക് മനസ്സിലാക്കാൻ വരമൊഴി കൂടി ചേർത്താണ് ഞങ്ങൾ പാട്ടൊരുക്കിയത്. പുതിയ കാലത്ത് വടക്കൻപാട്ടുകളുടെ സീഡി ഒരുക്കി. അതിലേക്ക് നയിച്ചത് തിരുവള്ളൂരിലെ ബാലൻ നായർ എന്നയാളാണ്. എനിക്ക് വ്യക്തിപരമായി അയാളെ അറിയില്ല. ഒരുദിവസം അയാളുടെ കത്ത് വന്നു. എന്റെ അമ്മക്ക് മാഷുടെ വടക്കൻപാട്ടുകൾ ഏറെ ഇഷ്ടമാണ്. അത്, സ്ഥിരമായി കേൾക്കാൻ വല്ലാതെ ആഗ്രഹമുണ്ട്. അന്നെനിക്ക് സീഡിയെ കുറിച്ച് അറിയില്ല. ഒടുവിൽ സീഡിയാക്കി. 500 സീഡിയാണ് തയാറാക്കിയത്. വടകരയിൽനിന്ന് പ്രകാശനം.
പ്രകാശന ചടങ്ങിൽ, 150 സീഡിയുടെ വിൽപന നടന്നു. ബാക്കി വന്ന 350 സീഡി വിൽക്കാൻ വാഹനത്തിൽ വലിയ സൗണ്ട് സംവിധാനം ഒരുക്കി ടൗണിൽ ഇറങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ സീഡികൾ വിറ്റുപോയി. വിൽക്കാൻ പോയവാഹനം ഉടൻ തിരിച്ചുവരുന്നത് കണ്ടപ്പോൾ ആദ്യം ഞെട്ടി. എന്തെങ്കിലും പ്രശ്നമുണ്ടായോ എന്നാണ് ആദ്യം കരുതിയത്. പക്ഷേ, വാഹനത്തിലുള്ളവർ എല്ലാം ചിരിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എല്ലാം ഉടൻ വിറ്റുപോയി എന്ന് മനസ്സിലായത്. അതൊരു വല്ലാത്തൊരു അനുഭവമായിരുന്നു. പിന്നീട് എത്രയോ പാട്ടുകൾ സീഡിയിലാക്കി.
ആകാശവാണിയുടെ വാതിൽ
വടക്കൻപാട്ടിനെക്കുറിച്ച് ചിന്തിക്കുേമ്പാഴെല്ലാം ആകാശവാണി തുറന്നു തന്ന ആ വാതിൽ ഒരിക്കലും മറക്കാൻ കഴിയില്ല. 1984ലാണ് കോഴിക്കോട് ആകാശവാണിയിൽ വടക്കൻപാട്ടുമായി ചെന്നുകയറുന്നത്. ആദ്യ പ്രക്ഷേപണത്തിനു തന്നെ ആകാശവാണി അര മണിക്കൂർ സമയം വടക്കൻ പാട്ടിനായി അനുവദിച്ചു. കോഴിക്കോട് ആകാശവാണിതന്നെയാണ് ഞങ്ങളുടെ പാട്ടുകളെ വടകര താലൂക്കും കോഴിക്കോട് ജില്ലയും വിട്ട് കേരളത്തിനകത്തും പുറത്തും എത്തിച്ചത്. തുടക്കത്തിൽ മാസത്തിൽ രണ്ട് അവസരങ്ങളാണ് ആകാശവാണി തന്നത്. പിന്നീടത്, മൂന്നായി. ശ്രോതാക്കളുടെ അഭിപ്രായം തേടിയുള്ള ‘എഴുത്തുപെട്ടി’യെന്ന പരിപാടിയിലൂടെ വടക്കൻപാട്ടുകൾക്കുള്ള ആരാധകർ വർധിക്കാൻ തുടങ്ങി.
പുനഃപ്രക്ഷേപണത്തിനായും ശ്രോതാക്കൾ ആവശ്യപ്പെട്ടതോടെ ആകാശവാണിയുടെ തുടർവിദ്യാഭ്യാസ പരിപാടി (സാക്ഷരതയുമായി ബന്ധപ്പെട്ട് എഴുതിയ വടക്കൻപാട്ടുകൾ), ആരോഗ്യ രംഗം പരിപാടി (എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങൾക്കുവേണ്ട സുരക്ഷ), തുടങ്ങി നിരവധി ബോധവത്കരണ പരിപാടികൾ ആകാശവാണിക്കായി അവതരിപ്പിച്ചു. ഇത്തരം പരിപാടികൾക്കു വേണ്ട പാട്ടുകൾ എഴുതിയത് തിരുടംവെള്ളി ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു. കുഞ്ഞാലി മരയ്ക്കാരുടെ മഹത്വം പറഞ്ഞ് ശ്രീധരൻ വേക്കോട്ടിന്റെ വരികളും ആകാശവാണിയിൽ അവതരിപ്പിച്ചു. ആകാശവാണി ഫോക്ലോർ മേധാവി ജി. ഭാർഗവൻപിള്ളയുടെ നിർദേശപ്രകാരമാണ് ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരുടെ അടുത്ത് എത്തുന്നത്. അന്ന്, ടി.എച്ച് നൽകിയ സ്വീകരണവും പിന്തുണയും മറക്കാൻ കഴിയില്ല.
1983 മുതൽ ഞങ്ങൾ പൊതുവേദികളിൽ അവതരിപ്പിച്ച് തുടങ്ങി. അക്കാലത്ത് ചില വിശേഷങ്ങളിൽ പുലർച്ച വരെ വിവിധ ഇടങ്ങളിലെ വേദികളിലായി പാടിയിട്ടുണ്ട്. അത്രയും ഞങ്ങളെ കാത്തിരുന്ന ആസ്വാദക സമൂഹം അക്കാലത്തുണ്ടായിരുന്നു. അന്ന്, വെറും കൈത്താളത്തിലാണ് അവതരിപ്പിക്കാറുള്ളത്. 1989ലാണ് ദൂരദർശൻ തിരുവനന്തപുരത്തിന്റെ ക്ഷണം തീർത്തും അപ്രതീക്ഷിതമായി ഞങ്ങളെ തേടിവരുന്നത്. മൂടാടി ദാമോദരൻ മാസ്റ്റർ എഴുതിയ കേളപ്പജിയെ കുറിച്ചുള്ള വരികളാണ് ദൂരദർശനിൽ ആദ്യം അവതരിപ്പിച്ചത്. പ്രിയ കവി വി.ടി. കുമാരൻ മാസ്റ്ററും പാട്ട് വരികൾ നൽകി ഞങ്ങൾക്ക് വഴികാട്ടിയായി.
അണിയറയിൽനിന്ന് അരങ്ങത്തേക്ക്...
നാടകത്തിന്റെ ഭാഗമായത് തികച്ചും യാദൃച്ഛികമായാണ്. ഓർക്കാേട്ടരി ഹൈസ്കൂളിൽ പഠിക്കുേമ്പാൾ വാർഷികാഘോഷത്തിന് നാടകത്തിന്റെ പിൻ പാട്ടുകാരനായിരുന്നു. റിഹേഴ്സലിനിടെ വാല്യക്കാരന്റെ വേഷം ചെയ്ത കൂട്ടുകാരൻ അവധിയായി. മാഷ് എന്നോട് വെറുതെ നിന്നാൽ മതിയെന്ന് പറഞ്ഞ് അരങ്ങിന്റെ ഭാഗമാക്കി. പക്ഷേ, ആദ്യദിനംതന്നെ മാഷിന്റെ മനസ്സിൽ ഇടം നേടി. ഇനി നീ ചെയ്താൽ മതി ഈ വേഷമെന്നായി. ഒടുവിൽ, നാടകം അവതരിപ്പിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുത്തു.
1968 മുതൽ അമച്വർ നാടകത്തിന്റെ ഭാഗമാണ്. ഒട്ടേറെ തെരുവുനാടകങ്ങളും സംവിധാനം ചെയ്തു. ഓർക്കാട്ടേരി കൈരളി കലാനിലയത്തിലൂടെയാണ് പൂർണമായും കലാരംഗത്ത് എത്തുന്നത്. കെ.പി. കുഞ്ഞിരാമൻ മാസ്റ്റർ, കെ. അപ്പുണ്ണിക്കുറുപ്പ് മാസ്റ്റർ, കെ.സി.ജി. നമ്പൂതിരി, ബാബു മാസ്റ്റർ എന്നിവരാണ് അന്ന് നാടകപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൈരളിക്കുവേണ്ടി ‘അവൻ വീണ്ടും പട്ടാളത്തിലേക്ക്’ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. ഓർക്കാേട്ടരി പി.എച്ച്.സിക്ക് വേണ്ടിയുള്ള ധനശേഖരണാർഥം ടിക്കറ്റ് വെച്ച് കളിച്ച ‘ശാന്തമാകാത്ത കടൽ’ എന്ന നാടകത്തിൽ പ്രധാന നടനായി. ഇങ്ങനെ, അഭിമാനം തോന്നിയ അനുഭവങ്ങൾ ഏറെയാണ്. പിന്നീട്, ഒട്ടേറെ നാടകങ്ങളിൽ നടനായി, സംവിധായകനായി.
അമച്വർ നാടകങ്ങൾ അരങ്ങുവാണ എൺപതുകളിൽ വടകര താലൂക്കിലെ നിരവധി കലാസമിതികളുടെ നാടക സംവിധായകനായി. ഇതിന്റെ തുടർച്ചയായാണ് രംഗശ്രീ പിറക്കുന്നത്. തുടക്കത്തിൽ ഒഞ്ചിയം രംഗശ്രീ എന്നായിരുന്നു. പിന്നീടത്, വടകര രംഗശ്രീയായി. ഞാൻ എഴുതിയ ‘വടക്കൻപാട്ടുകളിലെ ചരിത്ര സ്വാധീനം’ എന്ന സമഗ്ര പഠനഗ്രന്ഥം ഫോക് ലോർ അക്കാദമി 2023ൽ പ്രസിദ്ധീകരിച്ചു. വടക്കൻപാട്ടുകളെ ആധാരമാക്കിയുള്ളതുൾപ്പെടെ 12 നാടകങ്ങൾ വടകര രംഗശ്രീയുടെ ബാനറിൽ സംവിധാനം ചെയ്തു. കുഞ്ഞിത്താലു, ലോകനാർ കാവിലമ്മ സാക്ഷി, കടത്തനാട്ട് തമ്പുരാൻ എന്നിവ ഇതിൽപ്പെടും.
കുഞ്ഞിത്താലു എന്ന വടക്കൻപാട്ടിന്റെ നാടകാവിഷ്കാരവും നിർവഹിച്ചു. കാലം ഏറെ മാറി. പുതിയ സാങ്കേതികവിദ്യകൾ വന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും ഇന്നലെകളുടെ വിയർപ്പാറ്റിയ ഈ പാട്ടുകൾ കാലാതീതമായി സഞ്ചരിക്കുമെന്നാണ് തോന്നുന്നത്. കാരണം, പുതിയ കുട്ടികളും ഏറ്റുപാടുകയാണ് നാടിന്റെ വേരുറപ്പുള്ള പാട്ടുകൾ... പറയാൻ ഏറെയുണ്ട്... അത്രയേറെ അനുഭവങ്ങൾ... എല്ലാം പിന്നൊരിക്കലാവാം... പ്രഭാകരൻ മാഷ് പറഞ്ഞു നിർത്തുന്നു.
.