ബുൾഡോസർ രാജും എസ്.ഐ.ആറും നിറഞ്ഞ് കലോത്സവ വേദി
text_fieldsതൃശൂർ: ബുൾഡോസർ രാജും എസ്.ഐ.ആറും പ്രമേയങ്ങളായി കലോത്സവ വേദി. പുതിയ തലമുറക്ക് നിലപാടുകളില്ലെന്നും രാഷ്ട്രീയമില്ലെന്നും പറയുന്നവർക്കുള്ള ചുട്ട മറുപടിയായിരുന്നു മോണോ ആക്ട് വേദിയിലെ പ്രമേയങ്ങൾ.
ആധാർ കാർഡുള്ളവർ പോലും ഇന്ത്യക്കാരനല്ലെന്ന് പ്രഖ്യാപിക്കുന്ന എസ്.ഐ.ആറിന്റെ നേർചിത്രം എറണാകുളം തേവര സേക്രഡ് ഹാർട്ട് സ്കൂളിലെ മനോവ ഔസേപ്പ് ആണ് അവതരിപ്പിച്ചത്. ഡൽഹിയിൽ നാനൂറോളം ചേരികൾ നിരത്തിയ ബുൾഡോസർ രാജും മനോവ വിഷയമാക്കി.
പാലങ്ങളും റോഡുകളും നിർമാണഘട്ടത്തിൽ തന്നെ തകരുന്നതിലെ അഴിമതി, മോഷണക്കുറ്റം ചുമത്തി പൊലീസുകാർ ദ്രോഹിച്ച തിരുവനന്തപുരത്തെ വീട്ടുജോലിക്കാരി ബിന്ദു, വിദ്യാർഥികളാൽ ആക്രമിക്കപ്പെടുന്ന അധ്യാപക സമൂഹത്തിന്റെ ദുരവസ്ഥ, മയക്കുമരുന്ന് പിടിമുറുക്കിയ പുതുതലമുറ, തെരുവുനായ് ശല്യം, മഴദുരിതം അനുഭവിക്കേണ്ടി വരുന്നവരുടെ നേർകാഴ്ച എന്നീ വിഷയങ്ങളും വേദിയിൽ മുഴങ്ങിക്കേട്ടു.


