മുത്തശ്ശിക്കൊരു കേരളനടനാഞ്ജലി
text_fieldsഡോ. പൊമി പ്രദീപ് രംഗവിലാസം കൊട്ടാരത്തില്‍ കേരള നടനം കച്ചേരി അവതരിപ്പിക്കുന്നു
നേമം: ‘ഓമനതിങ്കള്‍ കിടാവോ...’ താരാട്ടിന്റെ ശീലുകളുയര്ന്നപ്പോള് കുട്ടിക്കാലത്ത് മുത്തശ്ശി കൊഞ്ചിച്ചു പാടിയുറക്കിയത് ഓര്‍ത്തെടുത്തു ഡോ. പൊമി പ്രദീപ്. പിന്നെ നൃത്തശില്പമായി മാറി ഡോ. പൊമി.
കലാരംഗത്തേക്ക് തന്നെ കൈപിടിച്ചുയര്‍ത്തിയ മുത്തശ്ശി പരേതയായ ക്ഷേത്ര സംഗീതജ്ഞ കോട്ടയ്ക്കകം നിര്മലാദേവിക്കുള്ള നൃത്താഞ്ജലിയായിരുന്നു ഡോ. പൊമി രംഗവിലാസം കൊട്ടാരത്തില്‍ അവതരിപ്പിച്ച കേരളനടനത്തിന്റെ മൂര്‍ത്തീഭാവമായ കേരളനടനം കച്ചേരി.
ചരിത്ര ഗവേഷകന് വിളപ്പില്‍ശാല കുന്നുപുറം ദ്വാരകയില്‍ മഹേന്ദ്രനാഥ് താലിചാര്‍ത്തി തൊട്ടടുത്തദിസം മണ്മറഞ്ഞ ഗുരുതുല്യയായ മുത്തശ്ശിക്കായി പൊമി നൃത്തമാടുകയായിരുന്നു. ഗണപതി വന്ദനത്തില്‍ തുടങ്ങി, ഗീതഗോവിന്ദം, ദശാവതാരം, നളചരിതം, സ്വാതി തിരുനാള്‍ കൃതികളായ കനകമയം, ഭോഗീന്ദ്രശായിനം തുടങ്ങിയവയും തില്ലാനയും സമന്വയിപ്പിച്ച് രണ്ട് മണിക്കൂറാണ് ഡോ. പൊമി കേരളനടനം കച്ചേരിയാടി സദസ് കീഴടക്കിയത്. ചടങ്ങ് പ്രശസ്ത നര്‍ത്തകി പ്രൊഫ. ലേഖ തങ്കച്ചി ഉത്ഘാടനം ചെയ്തു. മഹേന്ദ്രനാഥ് ‘നൃത്തവും ദേശീയതയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ചടങ്ങില്‍ നാട്യശ്രീ വിനയചന്ദ്രന്, കലാമണ്ഡലം കൃഷ്ണപ്രസാദ് എന്നിവരെ ആദരിച്ചു.