നൃത്തത്തിലും വരയിലും തിളങ്ങി ദിയ സഞ്ജീവ്
text_fields
കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവർക്ക് വേണ്ട പ്രോത്സാഹനം വേണ്ട സമയത്ത് നൽകിയാൽ അവരുടെ തന്നെ പുതിയൊരു വേർഷൻ കലാകാരിയെയോ കലാകാരനെയോ നമുക്ക് കാണാനാകും. ചെറുപ്പത്തിൽ കോറിയിട്ട ചിത്രങ്ങൾക്കും താളംപിടിച്ച ചുവടുകൾക്കും ഒരു കലാകാരിയുടെ ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കൾ പ്രോത്സാഹനം നൽകിയാൽ അവ വെറുതെയാവില്ല. നൃത്തവും ചിത്രരചനയും മൂന്നര വയസ്സ് മുതൽ വളരെ താത്പര്യത്തോടെ പഠിച്ച ഒരു പെൺകുട്ടിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. ദിയ സഞ്ജീവ്, ഷാർജ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദിയ. മൂന്നര വയസ്സിൽ നൃത്തച്ചുവടുകൾ വെച്ച് തുടങ്ങിയ ഈ മിടുക്കി ചിത്രകലയിലും സംഗീതത്തിലും കാർവിംഗിലുമെല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ദിയ പിതാവ്
സഞ്ജീവ് പിള്ള
മാതാവ് അനുശ്രീ
എന്നിവരോടൊപ്പം
നൃത്തത്തോടുള്ള അതിയായ ഇഷ്ടമാണ് ദിയയെ ആദ്യം കലാരംഗത്തേക്ക് എത്തിച്ചത്. മൂന്നു വയസ്സുള്ളപ്പോഴാണ് ചുവടുകളിലെ താളം അച്ഛൻ സഞ്ജീവ് പിള്ളയും അമ്മ അനുശ്രീയും തിരിച്ചറിഞ്ഞത്. ഭരതനാട്യമാണ് ആദ്യം പരിശീലിച്ചു തുടങ്ങിയത്. നർത്തകിയും അഭിനേത്രിയുമായ ആശാ ശരത് യു.എ.ഇയിൽ നടത്തുന്ന കൈരളി കലാകേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിലാണ് ദിയ കഴിഞ്ഞ എട്ട് വർഷമായി നൃത്തം അഭ്യസിക്കുന്നത്. ആശാ ശരത്തിന്റെയും മറ്റ് അധ്യാപകരുടെയും പിന്തുണ ദിയയുടെ നൃത്ത ജീവിതത്തിലെ ഒരു വലിയ ഊർജ്ജമാണ്. ആദ്യം കൈരളിയിൽ തന്നെ അശോകൻ മാഷിന്റെ കീഴിയിലും ഇപ്പോൾ ശരത് മാഷിന്റെ കീഴിലുമാണ് ചിത്ര രചന അഭ്യസിക്കുന്നത്. ചിത്ര രചന പരിശീലനവും. മൂന്നര വയസ്സുള്ളപ്പോൾ തന്നെയാണ് ചിത്രങ്ങളോടുള്ള ഇഷ്ടവും തിരിച്ചറിഞ്ഞതും പരിശീലനം നൽകിയതും. ഗുരുവായൂരിൽ അരങ്ങേറ്റം നടത്താനായിരുന്നു ദിയയുടെ ആഗ്രഹമെങ്കിലും കോവിഡ് കാരണം യു.എ.ഇയിൽവെച്ച് തന്നെ നടത്തേണ്ടിവന്നു. നൃത്തം മാത്രമല്ല, കീബോർഡും ബോളിവുഡ് ഡാൻസും പെൻസിൽ ഡ്രോയിങ്ങും പെയിന്റിങ്ങുകളും കാർവിങ്ങുമെല്ലാം തന്റെ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ഇപ്പോൾ സംഗീതവും അഭ്യസിക്കുന്നു.
വർണങ്ങളുടെ ലോകം
നൃത്തം പോലെ തന്നെ ദിയക്ക് പ്രിയപ്പെട്ടതാണ് ചിത്രരചനയും. ചെറുപ്പത്തിൽ ദിയ ആദ്യമായി വരച്ച ചിത്രം കണ്ടാണ് അച്ഛൻ സഞ്ജീവ് മകളുടെ ഈ കഴിവ് തിരിച്ചറിഞ്ഞത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചുള്ളതാണ് ദിയ ചിത്രങ്ങൾ കൂടുതലും. പോർട്രെയ്റ്റുകളും കാർട്ടൂണുകളും ഡൂഡിലുകളും കാലിഗ്രഫിയും എല്ലാം ഈ കൊച്ചുമിടുക്കിയുടെ കൈകളിൽ ഭംഗിയുള്ള ചിത്രങ്ങളായി മാറും. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെയും കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂമിന്റെയും പെൻസിൽ ഡ്രോയിംഗുകൾ ദിയ വരച്ചിട്ടുണ്ട്. ദിയ വരച്ച ചിത്രങ്ങളെല്ലാം അച്ഛൻ സഞ്ജീവ് ‘Sajeev Pillai’ എന്ന ഫേസ്ബുക്ക് പേജിലൂടെ ആളുകളിലേക്ക് എത്തിക്കാറുണ്ട്.
നൃത്തവും ചിത്രകലയും കൂടാതെ ദിയയുടെ പുതിയ ഹോബിയാണ് സോപ്പ് കാർവിങ്. ഈ രംഗത്ത് ശ്രദ്ധേയനായ ബിജു സി.ജിയാണ് ദിയയുടെ പരിശീലകൻ. യു.എ.ഇയിലെയും നാട്ടിൽ കായംകുളത്തും മുതുകുളത്തുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും ദിയയുടെ കലാപരമായ വളർച്ചയ്ക്ക് വലിയ പിന്തുണ നൽകുന്നു. ചെറുപ്പത്തിൽ തന്നെ തന്റെ പാഷൻ കണ്ടെത്തി, അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ദിയ, ഭാവിയിൽ ഒരാർട്ടിസ്റ്റായി പാഷൻ തന്നെ പ്രൊഫഷൻ ആക്കാനുള്ള തയ്യാറെടുപ്പിലാണ്. കലയെയും പഠനത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ദിയ പഠനത്തിനും പാഷനും അതിന്റേതായ സമയം കണ്ടെത്താറുണ്ട്. നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുമുണ്ട്. സ്കൂളിൽ ഡാൻസ് മത്സരങ്ങളിലും ചിത്രരചനയിലുമൊക്കെ സമ്മാനങ്ങളും ഏറെ നേടി.
ദുബൈയിലെ ഒരു കമ്പനിയിൽ ബിസിനെസ്സ് ഡെവലപ്മെന്റ് മാനേജർ ആയി ജോലി ചെയ്യുകയാണ് അച്ഛൻ സഞ്ജീവ്. അമ്മ അനുശ്രീ ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആണ്. ഷാർജയിലാണ് താമസം. കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളിലും സ്വപ്നങ്ങളിലും വിശ്വസിക്കുക. അവരുടെ കഴിവുകളെ ചെറുപ്പത്തിലേ പരിപോഷിപ്പിക്കുക, വേണ്ട പ്രോത്സാഹനങ്ങൾ നൽകുക. ഓരോ മാതാപിതാക്കൾക്കും ദിയയുടെ മാതാപിതാക്കൾക്കു നൽകാനുള്ള സന്ദേശമാണിത്.