പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും; മനിലയുടെ വരകൾക്ക് പറയാനുണ്ട് ഒരുപാട്
text_fieldsമനില സൈമൺ
കഥയും കാര്യവും പറയാൻ കലയൊരു പ്രധാന ഉപാധിയാണ്. പല തരം ആർട്ടുകളിലൂടെ പറയാനുള്ളത് പറയാതെ പറയും ആർട്ടിസ്റ്റുകൾ. ബോധവത്കരണവും സാമൂഹിക മൂല്യങ്ങളുമൊക്കെ വരച്ചു ചിന്തിപ്പിക്കുന്ന നിരവധി ആർട്ടിസ്റ്റുകളുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാനും സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കാനുമൊക്കെയായി അബൂദബി സസ്റ്റൈനബിൾ വീക്ക് ഡിജിറ്റൽ ആർട് കോമ്പറ്റിഷൻ 2025ൽ ശ്രദ്ധ നേടിയിരിക്കുകയാണ് കോട്ടയം സ്വദേശിനിയായ മനില സൈമൺ. 20 രാജ്യങ്ങളിൽ നിന്നായി 230 മത്സരാർഥികളിക്കിടയിൽ നിന്ന് തിരഞ്ഞെടുത്ത മൂന്ന് ഫൈനലിസ്റ്റുകളിൽ മനിലയുമുണ്ട്.
കാലാവസ്ഥ മാറ്റത്തെ കുറിച്ച് ബോധവത്കരണം നൽകുന്നതിനും ആളുകളെ സുസ്ഥിരത പരിശീലിപ്പിക്കാൻ പ്രചോദിപ്പിക്കുന്ന ആർട്ടുകൾ തയാറാക്കുന്നതിനുമാണ് അബൂദബിയിൽ സസ്റ്റൈനബിൾ വീക്ക് ആർട് കോമ്പറ്റീഷനുകൾ നടത്താറുള്ളത്. 20 ഓളം രാജ്യങ്ങളിൽനിന്നുള്ള 230 പേർ പങ്കെടുത്ത മത്സരത്തിൽ ഒരു ചൈനീസ് ആർട്ടിസ്റ്റും ഇറാനിയൻ ആർട്ടിസ്റ്റും ഒപ്പം ഇന്ത്യൻ ആർട്ടിസ്റ്റായി മനിലയുമാണ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചത്.
കുടുംബത്തിനുള്ളിൽ നിന്നാണ് ഓരോ മാറ്റത്തിന്റെയും തുടക്കമെന്നും ആ മാറ്റം സാധ്യമായാൽ ഒരു സമൂഹത്തിന്റെ തന്നെ മാറ്റത്തിന് കാരണമാകുമെന്നും മനില പറയുന്നു. തന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് മൂന്ന് കൈകൾ മനിലയുടെ ആർട്ടിലുണ്ട്. തന്റെയും ഭർത്താവിന്റെയും ഒന്നര വയസ്സുള്ള മകളുടെയും കൈകളെയാണ് അത് സൂചിപ്പിക്കുന്നത്. സമൂഹത്തിനുള്ള ഈ വലിയ മാറ്റത്തിൽ താനും കുടുംബവും പങ്കാളികളായി എന്ന് പറയാതെ പറയുക കൂടിയാണിത്. നമ്മളോരോരുത്തരും പ്രകൃതിയോട് ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകൾ മാറ്റിയാൽ അത് വലിയൊരു കാര്യം തന്നെയാണെന്ന് മനില തന്റെ ആർട് വർക്കുകളിലൂടെ പറയുന്നത്. ഉദാഹരണത്തിന് ഓരോരുത്തരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാതിരുന്നാൽ, അല്ലെങ്കിൽ ഭക്ഷ്യ മാലിന്യം കുറച്ചാൽ അത് ആരോഗ്യമുള്ളൊരു ഭൂമിയുണ്ടാക്കാൻ കാരണമാകും. സാമൂഹിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും കല ഒരു ശക്തമായ ഉപകരണമാണെന്നും സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് നിർമിത ബുദ്ധി സഹായിക്കുമെങ്കിലും യഥാർഥ പുരോഗതിക്ക് ഓരോ മനുഷ്യന്റെയും ഇടപെടലാണ് കാരണമെന്നും മനില പറയുന്നു.
മനില പഠിച്ചതും വളർന്നതുമൊക്കെ തമിഴ്നാട്ടിലാണ്. കോയമ്പത്തൂരുനിന്ന് ആർക്കിടെക്ചർ ബിരുദവും നേടി.
ചെറുപ്പം മുതൽ ആർട് വർക്കുകളോട് പ്രിയമുള്ളയാളാണ് മനില. പരമ്പരാഗതമായ ആർട്ടുകളോടായിരുന്നു കുട്ടിക്കാലം മുതൽ പ്രിയം. ക്രോസ്സ് സ്റ്റിച്ചിങ്ങും, ഹാൻഡ് എംബ്രോയ്ഡറിയുമൊക്കെ ഏറെ ഇഷ്ടമായിരുന്നു. ചെറുപ്പത്തിൽ അമ്മയും അമ്മമ്മയും മനോഹരമായി ഹാൻഡ് എംബ്രോയിഡറി ചെയ്യുന്നത് കണ്ടുവളർന്ന മനിലക്ക് ക്രാഫ്റ്റുകളോടും ചിത്രം വരയോടും പെയിന്റിങ്ങിനോടുമൊക്കെ ഇഷ്ടമാണ്. അതുകൊണ്ട് തന്നെയാണ് ആർക്കിടെക്ട് എന്ന പ്രൊഫഷൻ തിരഞ്ഞെടുത്തതും.
കോവിഡ് സമയത്താണ് ഡിജിറ്റൽ ആർട്ടുകൾ ചെയ്ത തുടങ്ങിയത്. കോവിഡ് ബോധവത്കരണം എന്ന രീതിയിലായിരുന്നു അന്ന് ആർട്ടുകൾ ചെയ്തത്. ചിപ്സ് ആർട് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഇവ പങ്കുവെക്കുകയും ചെയ്തു. ചിപ്പി എന്ന തന്റെ വിളിപ്പേരിൽനിന്നാണ് മനില ചിപ്സ് ആർട് എന്നു പേര് നൽകിയത്. കോമിക് ആർട്ടുകൾ ചെയ്യാനും ഏറെ ഇഷ്ടമാണ്. മനില ചെയ്ത ഡിജിറ്റൽ ക്യാരിക്കേച്ചറുകൾ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. സ്വന്തം കല്യാണക്കുറി ക്യാരിക്കേച്ചർ രൂപത്തിൽ തയ്യാറാക്കിയാണ് തുടക്കം. അതിഷ്ടപ്പെട്ട് പലർക്കും ഇത്തരം ഇ കാർഡുകൾ തയ്യാറാക്കി കൊടുക്കാറുണ്ട്. ഇത് മാത്രമല്ല ലോഗോ ഡിസൈനിങ്, പോസ്റ്ററുകൾ, 2ഡി ആനിമേഷൻ, ടൈം ട്രാവൽ ക്യാരിക്കേച്ചറുകൾ എന്നിവയും ചെയ്യാറുണ്ട്. ഒരാളുടെ ചെറുപ്പത്തിലെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും വെച്ചു ഒരു കുടുംബം പോലെയാക്കി രസകരമായ ക്യാരിക്കേച്ചറുകൾ തയാറാക്കും. ഇത്തരം ചിത്രങ്ങൾ ആളുകൾ അത്ഭുതത്തോടെയാണ് കാണാറുള്ളത്. മനിലയുടെ ആർട് വർക്കുകൾ ഇത്തിരി വ്യത്യസ്തവുമാണ്. ആദ്യം ഓരോ ആളുടെയും ഇഷ്ടങ്ങളും, പ്രൊഫഷനും ഒക്കെ ചോദിച്ചറിഞ്ഞ് അവർക്ക് ഇഷ്ടമുള്ള രീതിയിലാകും തയ്യാറാകുക.