നിറങ്ങളുടെ 'തെയ്യക്കാലം'
text_fieldsവടക്കൻ കേരളത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന അതുല്യ കലാരൂപമാണ് തെയ്യം. നിറങ്ങളാലും ശബ്ദങ്ങളാലും ആചാരങ്ങളാലും ദൈവവിശ്വാസത്തെയും ജനകീയ സാംസ്കാരിക പൈതൃകത്തെയും ഒരുമിപ്പിക്കുകയാണ് തെയ്യക്കോലങ്ങൾ. തുലാം പത്തിന് മറ്റൊരു തെയ്യക്കാലം കൂടി പിറന്നിരിക്കുന്നു. ഓരോ തെയ്യക്കോലവും അത് കെട്ടിയാടുന്ന ഗ്രാമത്തിന്റെ തനത് സംസ്കാരത്തിന്റെ ഭാഗംകൂടിയാണ്.
അണ്ടല്ലൂർക്കാവ്
കണ്ണൂർ ജില്ലയിലെ പ്രശസ്ത ആരാധനാലയമാണ് അണ്ടല്ലൂർക്കാവ്. ഉത്തര കേരളത്തിലെ മറ്റ് കെട്ടിയാട്ട കാവുകളിൽനിന്നും വ്യത്യസ്തമായി ശ്രീരാമനും സീതയും ലക്ഷ്മണനും ഹനുമാനുമാണ് ഇവിടെ ആരാധിക്കപ്പെടുന്നത്. ധർമടം, പാലയാട്, അണ്ടല്ലൂർ, മേലൂർ എന്നീ നാല് ദേശവാസികൾ സാഹോദര്യത്തോടെയും വ്രതശുദ്ധിയോടെയും ആഘോഷിക്കുന്ന ഉത്സവമാണ് അണ്ടല്ലൂർ കാവിലെ തിറ മഹോത്സവം. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായ പൗരാണിക ചടങ്ങുകളോടുകൂടി നടക്കുന്നതാണ് അണ്ടല്ലൂർ കാവിലെ ഉത്സവം.
പനോളി, കുരങ്ങൽ പനോളി, തട്ടാല്ലിയത്ത്, ചന്ദ്രമ്പത്ത്, വളപ്പിൽ, തോട്ടത്തിൽ എന്നീ ആറ് ഇല്ലങ്ങളാണ് നിലവിൽ കാവിലെ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. അണ്ടല്ലൂർ കാവിലെ സ്ഥാനികർ അച്ചൻമാരെന്ന് അറിയപ്പെടുന്നു. കാവിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളിലും മരുമക്കത്തായ സമ്പ്രദായമാണ് ഇന്നും പിന്തുടരുന്നത്. ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ വലിയൊരു ഗോത്രസമൂഹത്തിന്റെ പിൻതലമുറക്കാരാണ് ഈ തറവാട്ടുകാർ. മകരം 15 മുതൽ കുംഭം 15 വരെ നീണ്ടുനിൽക്കുന്ന ഒരു മാസക്കാലത്തെ ഉത്സവകാലം.
ദൈവത്താർ
ദൈവത്താർ ഈശ്വരൻ എന്നറിയപ്പെടുന്ന ശ്രീരാമനും അങ്കക്കാരനായ ലക്ഷ്മണനും ബാപ്പുരാൻ എന്ന ഹനുമാനുമാണ് അണ്ടല്ലൂരിലെ പ്രധാന ആരാധനാമൂർത്തികൾ. ഇവർക്ക് പ്രത്യേകം തെയ്യക്കോലങ്ങളുമുണ്ട്. കൂടെ സീതാദേവിയും മക്കളായ ലവ-കുശൻമാരും കിരാത മൂർത്തി, നാഗം തുടങ്ങിയ ദേവതമാരുമുണ്ട്. അണ്ടല്ലൂർ കാവിന്റെ മേലേക്കാവ് അയോധ്യയും താഴേക്കാവ് ലങ്കയുമെന്നാണ് വിശ്വാസം.
ലങ്കയിൽവെച്ച് നടക്കുന്ന രാമ-രാവണ യുദ്ധമാണ് തെയ്യത്തിന്റെ ഇതിവൃത്തം. ശ്രീരാമ കഥാകഥനം നടത്തുന്ന കാളീക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്. അതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. രാവണ വധവും ദാരിക വധവും ഒരേ സമയത്തായതിനാൽ ദേവിക്ക് രാവണ വധം കാണാൻ സാധിച്ചില്ല. അതിനാൽ രാമ-രാവണ യുദ്ധത്തിന്റെ കഥ പറഞ്ഞ് ദേവിയെ പ്രസാദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതേപോലെ അണ്ടല്ലൂർ കാവിലും നിലീനമായിരിക്കുന്ന ദേവിക്ക് രാമ-രാവണ യുദ്ധം ആസ്വദിക്കാൻ തെയ്യരൂപേണ അവതരിപ്പിക്കുന്നു എന്നാണ് വിശ്വാസം.
ദൈവത്താറീശ്വരന്റെ തിരുമുടി
ദൈവത്താറീശ്വരന്റെ തിരുമുടിക്ക് പിന്നിലും ഐതിഹ്യമുണ്ട്. ചിറക്കൽ രാജവംശത്തിന്റെ പതനത്തോടെ അവർ ആരാധിച്ചിരുന്ന വിഗ്രഹങ്ങളുടെ പലക സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നു. മേലൂരിലുള്ള അടിവയൽ എന്ന സ്ഥലത്ത് വസ്ത്രം അലക്കുകയായിരുന്ന ഒരു വണ്ണാത്തി (വണ്ണാൻ സമുദായത്തിലെ സ്ത്രീ) അഞ്ചരക്കണ്ടി പുഴയിൽ ഒരു പലക ഒഴുകിവരുന്നത് കണ്ടു. വണ്ണാത്തി ഈ പലക എടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അത് പിന്നിലേക്ക് ഒഴുകി. ഇക്കാര്യം പനോളി തറവാട്ടിലെ മുത്തശ്ശിയെ അറിയിച്ചപ്പോൾ ഒരു മാറ്റ് (അലക്കി വൃത്തിയാക്കിയ മല്ലുമുണ്ട്) ഉപയോഗിച്ച് എടുക്കാൻ വേണ്ടി നിർദേശിച്ചു. അങ്ങനെ മാറ്റിലേക്ക് കയറിയ പലകയുമായി പനോളി തറവാട്ടിലേക്ക് വന്നു.
തുടർന്ന് ദൈവത്താറീശ്വരന്റെ തിരുമുടിപ്പലകയായി അത് ഉപയോഗിക്കാൻ തുടങ്ങി. പെരുവണ്ണാൻ സമുദായക്കാരാണ് ദൈവത്താറീശ്വരന്റെ പൊൻമുടി വെക്കുന്ന കോലധാരികൾ. മുന്നൂറ്റൻമാരാണ് ഉപദൈവങ്ങളുടെ കോലധാരികൾ. പതിനാറോളം കെട്ടിയാട്ടങ്ങളാണ് കാവിലുള്ളത്. ദൈവത്താർ തിരുമുടി അണിയുന്നതോടുകൂടി രാമായണ കഥയോട് സാമ്യമായാണ് പിന്നെ ഓരോ ചടങ്ങുകളും നടക്കുക. പൂർണമായും സ്വർണത്തിൽ നിർമിച്ചതാണ് ദൈവത്താറീശ്വരന്റെ തിരുമുടി.
അതിരാളൻ
അണ്ടല്ലൂർക്കാവിലെ പ്രഥമ കെട്ടിയാട്ടമാണ് അതിരാളൻ (സീത). അണിയറയിൽനിന്നും നേരെ അരയാൽ ചുവട്ടിൽ വന്ന് തിരുമുടിവെച്ച് വലിയ പ്രദക്ഷിണം ചെയ്യുമ്പോൾ ഒന്നാം അണിയറയിൽനിന്ന് മക്കളിൽ ഒരാളും രണ്ടാം അണിയറയിൽനിന്ന് രണ്ടാമത്തെ മകനും സീതയോടൊപ്പം ചേരും. രാമായണത്തിലെ കിഷ്കിന്ധാ കാണ്ഡത്തിലെ ബാലി-സുഗ്രീവ യുദ്ധവും ഇവിടെ കെട്ടിയാടുന്നു. വാദ്യമേളങ്ങളാലും തെയ്യച്ചുവടുകളാലും ഭക്തരെ ത്രസിപ്പിക്കുന്നതാണ് ബാലി-സുഗ്രീവ യുദ്ധം. നിരവധി ആചാരങ്ങളാലും ചടങ്ങുകളാലും സമ്പന്നമാണ് ഈ തെയ്യോത്സവകാലം.


