Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightപരിഷ്കൃതകാലത്ത്...

പരിഷ്കൃതകാലത്ത് മാറുന്ന ചലച്ചിത്ര കഥകൾ

text_fields
bookmark_border
പരിഷ്കൃതകാലത്ത് മാറുന്ന ചലച്ചിത്ര കഥകൾ
cancel

മലയാളത്തിലെ പ്രതിഭാസമ്പന്നരായ ചില നായകരോട് കഥ പറയുമ്പോൾ അങ്ങാണ് ഈ കഥയിലെ നായകൻ എന്നു പറയുമ്പോൾതന്നെ തിരിച്ചും മറുപടി വരും. അപ്പോൾ ഞാൻ സിനിമയുടെ അവസാനം വില്ലനെ കൊല്ലേണ്ടി വരുമോ? അല്ലെങ്കിൽ വില്ലനാൽ ഞാൻ കൊലചെയ്യപ്പെടുമോ? ഇതൊരു പ്രേമകഥയാണ് സാർ എന്ന് പറയുമ്പോൾ അവസാനം കാമുകിയെ ഞാൻ വിവാഹം കഴിക്കേണ്ടിവരുമോ അതോ കാമുകി എന്നെ തേച്ചിട്ട് പോകുമോ...അതോ കാമുകിയെ മറ്റൊരാൾ വിവാഹം കഴിക്കുമോ ?

ലോക ചലച്ചിത്ര മേഖലയിലെ കഥാതന്തുക്കളിലൊക്കെയും കാലങ്ങളാൽ നിലനിൽക്കുന്ന ഇത്തരം ക്ലീഷേ കഥാപാത്ര നിർമിതികളിൽ എല്ലായ്പ്പോഴും ഒരു വിജയ ഫോർമുല ഉണ്ടായിട്ടുണ്ട്. ഇതുതന്നെയാണ് സിനിമ എന്ന് പറഞ്ഞു പ്രഖ്യാപിക്കുമ്പോഴും ഇതല്ലാതെയും സിനിമയുടെ കഥ ഉണ്ടാകും എന്ന് പ്രതിഭാസമ്പന്നരായ ഫിലിം മേക്കേഴ്സ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. വ്യത്യസ്തമായ അനുഭവ പശ്ചാത്തലങ്ങളിലൂടെയും ക്രിയേറ്റിവായ കഥാതന്തുക്കൾ തിരഞ്ഞെടുക്കുന്നതിലൂടെയും മലയാള സിനിമ എന്നും ലോക സിനിമക്കു തന്നെ മാതൃകയായിരുന്നു. അടുത്തകാലത്ത് റിലീസായ തമിഴ് മൂവി പറന്തു പോം വ്യത്യസ്തമായ ചില കാഴ്ചപ്പാടുകൾ സിനിമ പ്രേമികൾക്ക് സമ്മാനിക്കുന്നുണ്ട്. റാം സംവിധാനം ചെയ്ത ശിവായും ഗ്രേസ് ആന്റണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മാറുന്ന കാലത്തെ മാറുന്ന അഭിരുചികളെ മുമ്പേ തിരിച്ചറിയുന്ന സിനിമയാകുന്നു. മലയാളത്തിലും അത്തരത്തിൽ വ്യത്യസ്തമായ ചില രാസഘടകങ്ങൾ രൂപപ്പെടുത്തി ചില സിനിമകൾ പ്രേക്ഷകരിൽ എത്തുന്നുണ്ട്. അതിൽ അടുത്തകാലത്ത് അത്തരത്തിൽ ശ്രദ്ധേയമായ ഒരു സിനിമയാണ് മൂൺവാക്ക് .

ലിജോ പല്ലിശ്ശേരി അവതരിപ്പിച്ച് വിനോദ് എ.കെ സംവിധാനം ചെയ്ത ലിസ്റ്റൺ സ്റ്റീഫനും ജാസ്മിൻ അഹമ്മദും ചേർന്ന് പ്രൊഡ്യൂസ് ചെയ്ത അനുനാഥ്, ഋഷി കൈനക്കര, സിദ്ധാർഥ ,സുജിത്ത് പ്രഭാകർ ' അർജുൻ മണിലാൽ തുടങ്ങിയവർ അഭിനയിച്ച മാജിക് ഫ്രെയിമിന്റെ മൂൺവാക്ക് അത്തരം ഒരു വേറിട്ട കാഴ്ച അനുഭവമാണ്.സിനിമ സങ്കല്പങ്ങളെ കീഴ്മേൽ മറിക്കുന്ന ചില ഇടപെടലുകൾ കാലാകാലങ്ങളിൽ സിനിമ ഇൻഡസ്ട്രിയിൽ സംഭവിക്കാറുണ്ട് അതിൽനിന്നാണ് സൂപ്പർതാരങ്ങളും മെഗാ താരങ്ങളും ഒക്കെ പിന്നീട് സൃഷ്ടിക്കപ്പെടുന്നത്. ട്വിസ്റ്റുകളെ കുറിച്ച് ചിന്തിക്കുമ്പോൾ കഥയിലെ ട്വിസ്റ്റുകൾക്കപ്പുറം പ്രേക്ഷകന്റെ മനോ വ്യാപാരങ്ങളെ കുറിച്ച് അഥവാ ഒരു പരിഷ്കൃത സമൂഹത്തിന്റെ സിനിമ സങ്കൽപത്തെ കുറിച്ചുള്ള ധാരണകൾ രൂപപ്പെടുത്താൻ മൂൺ വാക്കെന്ന സിനിമക്കും സംവിധായകനും ഈ സിനിമയിലൂടെ കഴിയുന്നുണ്ട്. കെ.വി. തമാർ തിരക്കഥയും സംവിധാനവും നിർവഹിച്ച ആസിഫ് അലിയും ദിവ്യപ്രഭയും പ്രധാന കഥാപാത്രങ്ങളായി വരുന്ന അജിത് വിനായക നിർമിച്ച സർക്കീട്ട് അത്തരമൊരു പുതുകാലത്തെ സിനിമ ലോകത്തിന് നൽകുന്നുണ്ട്. ഒരു ഹിറ്റ് സിനിമയുടെ ചേരുവകൾ ഒഴിവാക്കി ചില കാഴ്ചപ്പാടുകൾ പുതു ലോകത്തിന് നൽകുകയാണ് മേൽപ്പറഞ്ഞ സിനിമകൾ? എന്താണ് അവയുടെ പ്രത്യേകത.

അതിഭാവുകത്വത്തിന്റെയും അതി വൈകാരികതയുടെയും കെണിയിൽ നിന്ന് മാറുവാൻ ഏതൊരു കലാരൂപത്തെ പോലെയും സിനിമയും തനതായി ശ്രദ്ധിക്കുന്നുണ്ട്. ക്രൂരതകളെയും ക്രിമിനൽവത്കരണത്തെയും നെഗറ്റിവ് നരേഷിനെയും ഒക്കെ ഏറെക്കാലം വാഴ്ത്തിപ്പാടാനും അതാണ് ട്രെൻഡ് എന്ന് പറഞ്ഞുവെക്കാനും ശ്രമിക്കുന്നത് ചലച്ചിത്രമെന്ന കലാരൂപത്തെ ചെറുതാക്കി കാണിക്കുന്നതാണ്. വെർബൽ മർഡറിന്റെയും ബോഡി ഷെയിമിന്റെയും ഒക്കെ പുതിയ കാലത്ത് ശാരീരിക ചലനങ്ങൾക്ക് സംഭാഷണങ്ങളെക്കാളും അഭിനയത്തേക്കാളും വലിയ ഓളങ്ങൾ സൃഷ്ടിക്കാനാവുന്നു. നിശ്ശബ്ദത സാഗരം പോലെ സംസാരിച്ചു കൊണ്ടിരിക്കുന്നു. പുതിയ കാലത്ത് സിനിമക്കഥ എങ്ങനെയാകണം?

പുതുകാലത്തെ ഒരു പ്രേക്ഷകൻ ഒരു സിനിമ കണ്ടിറങ്ങുമ്പോൾ അയാളുടെ ഹൃദയം കീറിമുറിക്കപ്പെടാൻ താൽപര്യപ്പെടുന്നില്ല എന്നു അയാൾ പറയുന്നത് അയാളുടെ ജനാധിപത്യ അവകാശമായി മാറുന്നു. ഒരു സിനിമയിലൂടെ താൻ ബോഡി ഷെയിമിങ്ങിനെ പ്രമോട്ട് ചെയ്യുന്നില്ല എന്ന് പ്രേക്ഷകൻ ചിന്തിക്കുന്ന കാലം വരുകയാണ് . കുട്ടികൾക്കെതിരായിട്ടുള്ള കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്ക് എതിരായുള്ള പെരുമാറ്റങ്ങൾ അത്തരം സിനിമകളെ താൻ കാണാനാഗ്രഹിക്കുന്നില്ല എന്ന് പ്രേക്ഷകൻ തീരുമാനിക്കുന്ന കാലത്തേക്ക് നാം എത്തുകയാണ്. ആത്മ നിന്ദയോട് കൂടി തിയറ്റർ വിട്ടിറങ്ങുന്ന ഒരു പ്രേക്ഷകൻ വരുംകാലത്ത് ഉണ്ടാകണമെന്നില്ല .ഒരു കോമഡി സീൻ പോലും പാർശ്വവത്കരിക്കപ്പെടുന്നവരെയും പീഡിതരെയും അപമാനിക്കുന്നതല്ല എന്ന് പ്രേക്ഷകൻ ഉറപ്പുവരുത്തുന്ന കാലം അടുത്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ മുമ്പ് പറഞ്ഞ സിനിമകൾ പ്രസക്തമാകുന്നു. അത് കാലത്തിനു മുമ്പേ നടന്നു പോകുന്ന സിനിമകളാകുന്നു.

അനാവശ്യമായ സംഘർഷങ്ങളിലേക്ക് പ്രേക്ഷകനെ കൊണ്ടുപോവുകയും അവ ആ സിനിമയുടെ അവസാനം റിലീസ് ചെയ്തു കൊടുക്കുകയും ചെയ്യുന്ന ട്രെൻഡും ഏറക്കാലം മുമ്പോട്ടു പോകില്ല .അതെ..... ലോകം മാറുകയാണ്.....ലോകത്ത് കുറ്റകൃത്യങ്ങൾ വർധിക്കുകയും നെഗറ്റിവ് നറേഷനുകൾക്ക് പ്രാധാന്യമേറുന്നു എന്നു പറയുമ്പോഴും ബഹുഭൂരിപക്ഷം ജനങ്ങളും പ്രേക്ഷകരും ശരിയുടെയും നന്മയുടെയും ഭാഗത്തു നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് എന്നുള്ളത് ഒരു പൊതുജ്ഞാനമാണ്. അതുകൊണ്ടുതന്നെ അനാവശ്യസംഘർഷങ്ങൾ ഇല്ലാതെ ആഹ്ളാദഭരിതമായി കലാരൂപങ്ങളെ ആസ്വദിക്കാൻ സിനിമ എന്ന കലാരൂപത്തിന് കഴിയുമെന്നും അത്തരം സിനിമകൾ ഇനിയും പടികടന്നെത്തുക തന്നെ ചെയ്യുമെന്നും കാലം നമുക്ക് ഉറപ്പു തരുന്നുണ്ട്.


Show Full Article
TAGS:Culture News world cinema Cinema News 
News Summary - Film stories that change in the modern era
Next Story