സ്വത്വബോധത്തെ ചോദ്യങ്ങളാലുലച്ച് ‘ഹയവദന’
text_fieldsഇറ്റ്ഫോകിൽ ആക്ടർ മുരളി തിയറ്ററിൽ അരങ്ങേറിയ ‘ഹയവദന’ നാടകത്തിൽ നിന്ന്
തൃശൂർ: ഇന്ത്യൻ നാടകവേദി എക്കാലവും എഴുന്നേറ്റുനിന്ന് കൈയടിച്ചിട്ടുള്ള പേരുകളിൽ ഒന്നാമതുള്ളയാളാണ് ഗിരീഷ് കർണാട്. ഹയവദനയും നാഗമണ്ഡലയും യയാതിയുമൊക്കെ എത്രകാലം പിന്നിട്ടാലും പുതിയ മാനങ്ങൾ തീർത്തുകൊണ്ട് മുന്നേറും. ആക്ടർ മുരളി തിയറ്ററിൽ അരങ്ങേറിയ ‘ഹയവദന’ കാഴ്ചകക്കാർക്ക് അപൂർവമായ തിയറ്റർ അനുഭവമാണ് നൽകിയത്.
ഭാവനക്കും യാഥാർഥ്യത്തിനും ഇടയിലൂടെ മനുഷ്യ മനസ്സുകളെ കീഴ്മേൽ മറിക്കുന്ന ചിന്തകളാണ് നാടകം പങ്കുവെച്ചത്. പ്രശസ്ത സംവിധായിക നീലാം മാൻസിങ് ചൗധരിയുടെ 100 മിനിറ്റ് നീണ്ട ഹിന്ദി നാടകം ബംഗളൂരുവിലെ ഭൂമിക ട്രസ്റ്റ് ആണ് ഒരുക്കിയത്. ഗിരീഷ് കർണാടിന്റെ ആധുനിക ക്ലാസിക് എന്നറിയപ്പെടുന്ന ‘ഹയവദന’, സ്വത്വബോധം, മനുഷ്യന്റെ ദുർബലത എന്നിവയെ ചോദ്യം ചെയ്തുകൊണ്ട് ‘ഞാൻ ആരാണ്?’ എന്ന അടിസ്ഥാന ചോദ്യത്തിലേക്ക് പ്രേക്ഷകരെ എത്തിച്ചു.
നാടകത്തിലുടനീളം പൂർണനാകാൻ കൊതിക്കുന്ന ഒരു കുതിരത്തലയുള്ള പുരുഷൻ, തന്റെ സമ്പൂർണതയിലേക്ക് മടങ്ങുന്ന ഒരു ദൃശ്യം പോലെ നിലനിന്നു. മനുഷ്യന്റെ ആത്മാന്വേഷണത്തിന് പുതിയ ദിശകളും ചിന്തകളും ചേർത്തുവെക്കുന്നതായിരുന്നു നാടകം.
പാട്ടുകൾ, സംഭാഷണങ്ങൾ, പാരമ്പര്യവും പുതുമയും കൂട്ടിച്ചേർത്ത ദൃശ്യവത്കരണം എന്നിവ നാടകത്തെ മികവുറ്റതാക്കി. ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ’ എന്ന ഇറ്റ്ഫോക് പ്രമേയത്തോട് പൊരുത്തപ്പെടുന്ന അവതരണം, നർമവും ശോകവും പ്രണയവും അസൂയയും പ്രതീക്ഷയും നിരാശയും സമന്വയിപ്പിച്ച്, ആധുനിക തലമുറയുടെ ചിന്താഗതികളെ ആഴത്തിൽ സ്പർശിച്ചു എന്നതിൽ തർക്കമില്ല.