വിലയല്ല, കലയാണ്...നൃത്തശിൽപം തയാർ, അരങ്ങുണർത്താൻ കലാമണ്ഡലമെത്തുന്നു
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കുന്ന നൃത്തശിൽപത്തിന്റെ പരിശീലനം കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നടക്കുന്നു
ഷൊർണൂർ: കൗമാരകലാമേളക്ക് അരങ്ങുണർത്താനുള്ള ആമുഖ നൃത്താവിഷ്കാരത്തിന് ആരെന്ന ആശങ്കക്ക് ഇനി പൂർണ വിരാമം. പണമൂല്യത്തെക്കാളും പത്തരമാറ്റ് തിളക്കമാണ് കലാമൂല്യത്തിനെന്ന് ചുവടുകൾ കൊണ്ട് അടയാളമിട്ട്, കലയുടെ മഴവില്ലഴക് വിടർത്താൻ കേരള കലാമണ്ഡലത്തിലെ പ്രതിഭകളൊരുങ്ങുകയാണ്.
വില പറഞ്ഞുറപ്പിക്കുന്നത് മാത്രമല്ല, കലയെന്ന സന്ദേശം നാട്യകേരളത്തിന്റെ അഭിമാനസ്തംഭമായ കലാമണ്ഡലം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആദ്യവേദിയിൽ ചുവടുകൾ കൊണ്ട് സാക്ഷ്യപ്പെടുത്തും.
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയെന്ന ഖ്യാതിയുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ 63ാം പതിപ്പിന് അരങ്ങുണരും മുമ്പേ അവതരണ നൃത്തശിൽപം വിവാദത്തിന്റെ വേദി കയറിയിരുന്നു. സംഘാടകർ ആദ്യം സമീപിച്ച നർത്തകി നൃത്തശിൽപം അവതരിപ്പിക്കാൻ അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതാണ് വിവാദമായത്.
ഇക്കാര്യം വെളിപ്പെടുത്തിയ മന്ത്രി തന്നെ പ്രസ്താവന പിൻവലിച്ചപ്പോഴും അരങ്ങുണർത്താൻ ആരു വരുമെന്ന ശൂന്യതയിൽ നിൽക്കുമ്പോഴാണ് കലാമണ്ഡലം സ്വയംസന്നദ്ധമായത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം അംഗീകരിച്ചതോടെ, കാര്യങ്ങൾക്ക് ചടുല വേഗം.
കലാമണ്ഡലത്തിൽ എം.എക്കും പ്ലസ് ടുവിനും പഠിക്കുന്നവരും തൃശൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ളവരുമായ 40 വിദ്യാർഥികളാണ് കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ കലോത്സവ ഉദ്ഘാടന വേദിയുടെ മനംകവരാനുള്ള അവസാന ചുവടുകളുറപ്പിക്കുന്നത്.
അവതരണ ഗാനത്തിന്റെ രചനയിൽ ഉൾപ്പെടെ സവിശേഷതകളേറെ. തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ മേൽശാന്തി ശ്രീനിവാസൻ തൂണേരിയാണ് രചന. ‘ആരംഭം നടനമയമാം രംഗം; ശ്രുതിഭര സംഗീതം അറബനയുടെ കൈത്താളം’ എന്ന് തുടങ്ങുന്ന വരികൾക്ക് ഈണമിട്ടിരിക്കുന്നത് കാവാലം ശ്രീകുമാറാണ്. കേരള സംസ്കാരത്തിന്റെ പരിച്ഛേദമാകുന്ന ഗാനത്തിന് നൃത്താവിഷ്കാരമൊരുക്കുകയെന്ന ദൗത്യം കലാമണ്ഡലത്തിൽ ആരംഭിച്ചിട്ട് ഒരാഴ്ചയോളമായി.
കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഒപ്പന, മാർഗംകളി, തിരുവാതിരക്കളി, കളരിപ്പയറ്റ് എന്നീ കലകളെല്ലാം സമ്മേളിക്കുന്ന നൃത്തം ഒമ്പതര മിനിറ്റ് ദൈർഘ്യമുള്ളതാണ്. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രചിത രവിയാണ് സംവിധാന മേൽനോട്ടം വഹിക്കുന്നത്.