ഒരു ഫാൻ ബോയിയുടെ കുട്ടി വരകൾ
text_fieldsജ്യോ ജോൺ
1990ൽ ഡീഗോ മറഡോണയുടെ അർജന്റീന ലോകമാമാങ്കത്തിന്റെ കലാശപ്പോരിൽ ജർമനിയോട് തോറ്റ് തലകുനിച്ച് മടങ്ങുമ്പോൾ ലയണൽ മെസ്സിയുടെ പ്രായം മൂന്ന് വയസ്. തൊട്ടടുത്ത ലോകകപ്പിൽ ദുംഗയുടെ ബ്രസീൽ കിരീടമുയർത്തിയപ്പോൾ നെയ്മറിന് വയസ് രണ്ട്. 2002ൽ സെനഗലിനോട് തോറ്റ് സിനദൈൻ സിദാന്റെ ഫ്രഞ്ച് പട ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ കിലിയൻ എംബാപ്പെ നാലാം വയസിൽ പന്തു തട്ടി തുടങ്ങിയിരുന്നു.
ഈ കാലങ്ങളിലെല്ലാം ഇവരുടെ രൂപവും മുഖഛായയും എങ്ങിനെയായിരിക്കുമെന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ. എറണാകുളം പറവൂർ സ്വദേശി ജ്യോ ജോൺ മുല്ലൂരിന്റെ ചിത്രങ്ങൾ പറഞ്ഞു തരുന്നുണ്ട് ഈ ഇതിഹാസ താരങ്ങളുടെ കുട്ടിക്കാലം. ലോകകപ്പ് കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജ്യോ വരച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയും അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്.
ഫാൻ ബോയ്
അർജന്റീനയുടെയും ലയണൽ മെസ്സിയുടെയും കട്ട ഫാൻ എന്ന നിലയിൽ തുടങ്ങിവെച്ച വരയാണ് പിന്നീട് വൈറലായത്. ലോകകപ്പ് തുടങ്ങും മുൻപേ മെസ്സി കപ്പുയർത്തി നിൽക്കുന്ന ചിത്രം വരച്ച് പോസ്റ്റ് ചെയ്തിരുന്നു. പിന്നീടാണ് മെസ്സിയുടെ കുട്ടിക്കാല ചിത്രം വരച്ചത്. ഇത് മറ്റുള്ളവർ ഏറ്റെടുത്തതോടെ മറ്റ് താരങ്ങളുടെയും കുട്ടിക്കാലം ജ്യോയുടെ മനസിലെത്തി. പിന്നീട് ഇത് രണ്ട് സീരീസായി ക്രമപ്പെടുത്തി. ഇപ്പോഴത്തെ താരങ്ങൾക്ക് പുറമെ മുൻകാല ഇതിഹാസങ്ങളും ജ്യോയുടെ കാൻവാസിലേക്കെത്തി.
ലോകകപ്പിലെ ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ജ്യോയുടെ ചിത്രങ്ങളുടെ എണ്ണവും വർധിച്ചുവന്നു. മെസ്സിക്ക് പിന്നാലെ ക്രിസ്റ്റ്യാനോയും നെയ്മറും എംബാപ്പെയും ലൂക്ക മോഡ്രിച്ചും ഹാരി കെയ്നും ഗ്രീസ്മാനുമെല്ലാം ക്യൂട്ടായ കുട്ടികളായി സാമൂഹിക മാധ്യമങ്ങളിൽ തെളിഞ്ഞു നിന്നു. മൊറോക്കോയുടെ ലോകകപ്പ് പ്രയാണം തുടർന്നമ്പോൾ ചെമ്പടയിലെ നാല് താരങ്ങളെയും ജ്യോ വരച്ചിട്ടു.
രണ്ടാം ഘട്ടമായാണ് പെലെയും മറഡോണയും ബെക്കൻബോവറും റൊണാൾഡോയും ഡേവിഡ് ബെക്കാമും റൊണാൾഡീഞ്ഞോയുമെല്ലാം ഉടലെടുത്തത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ജ്യോ താരങ്ങളുടെ കുട്ടിക്കാലത്തിലേക്ക് കടന്നു ചെന്നത്. താരങ്ങളുടെ പഴയ ചിത്രങ്ങളും പരിശോധിച്ചു. പരമാവധി ക്യൂട്ട് ആക്കാനായിരുന്നു ശ്രമം. അതുകൊണ്ടാണ് ചിത്രങ്ങൾ കൂടുതൽ സ്വീകരിക്കപ്പെട്ടതും. ഒരാൾ വലുതാവുമ്പോൾ അയാളുടെ കണ്ണ് മാത്രമാണ് മാറാത്തത് എന്ന് ജ്യോ പറയുന്നു.
മുൻപ് വരച്ച ചിത്രങ്ങൾ എൻ.എഫ്.ടിയിൽ വിൽപനക്ക് വെച്ചെങ്കിലും താരങ്ങളുടെ ചിത്രങ്ങൾ വിൽക്കാൻ ഉദ്ദേശമില്ല. ഒരു ഫാൻ ബോയ് എന്ന നിലയിൽ അവർക്കുള്ള ആദരമായി വരച്ച ചിത്രങ്ങളാണിത്. അർജന്റീന കപ്പടിച്ചതിൽ അതിയായി ആഹ്ലാദിക്കുന്ന ജ്യോ ഇത്തവണ മെസ്സി കിരീടം നേടുമെന്ന് ഉറപ്പിച്ചിരുന്നതായി പറയുന്നു. അതുകൊണ്ടാണ് മെസ്സി കപ്പുയർത്തുന്ന ചിത്രം നേരത്തെ വരച്ചിട്ടത്.
യു.എ.ഇയെ കാൻവാസിലാക്കിയ ജ്യോ
യു.എ.ഇയുടെ വിവിധ സ്ഥലങ്ങളെയും സംസ്കാരങ്ങളെയും വ്യത്യസ്തമായ രീതിയിൽ വരച്ച് ജ്യോ നേരത്തെ തന്നെ ശ്രദ്ധേയനായിരുന്നു. ഭാവി യു.എ.ഇയുടെ സങ്കൽപങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു വരകൾ. മഞ്ഞിൽ പൊതിഞ്ഞുനിൽക്കുന്ന അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, എമിറേറ്റ്സ് പാലസ്, ഫെറാറി വേൾഡ്, മഞ്ഞുപെയ്തിറങ്ങുന്ന ബുർജ് ഖലീഫ, ബുർജ് അൽ അറബ്, അറ്റ്ലാന്റിസ്, ചുവപ്പ് പരന്ന ചൊവ്വാ ഗ്രഹത്തിൽ നിലകൊള്ളുന്ന ദുബൈ ഫ്യൂച്ചർ മ്യൂസിയം, വനത്തിന് നടുവിലൂടെ ചീറിപ്പായുന്ന ദുബൈ മെട്രോ, പച്ച പുതച്ച ഹത്ത, കൊടും കാട്ടിൽ പുല്ലുമേയുന്ന അറേബ്യൻ ഒറിക്സ്... അങ്ങിനെ സങ്കൽപങ്ങൾക്കപ്പുറമുള്ള ലോകത്തെ സാധ്യതകൾ ജ്യോ നേരത്തെ വരച്ചിരുന്നു.
അസാധ്യമെന്നു തോന്നുന്ന ഈ ചിത്രങ്ങളെല്ലാം ചേർത്ത് യു.എ.ഇയുടെ ദേശീയ പതാകയും ഒരുകി. നാലു പ്രോജക്ടുകളിൽ നാലു നിറങ്ങളിലായി (ചുവപ്പ്, പച്ച, കറുപ്പ്, വെള്ള) തയാറാക്കിയ ചിത്രങ്ങൾ ചേർത്താണ് ദേശീയ പതാകയുണ്ടാക്കിയത്. കഴിഞ്ഞ ദേശീയ പതാക ദിനത്തിൽ ഈ അപൂർവ പതാകകൾ എൻ.എഫ്.ടി വഴി പൊതുജനങ്ങളിലേക്കെത്തിച്ചു. 17 വർഷമായി പോറ്റിവളർത്തുന്ന നാടിനുള്ള സ്നേഹാദരമാണ് പതാകകൾ സമർപ്പിച്ചത്. ഈ ചിത്രങ്ങളെല്ലാം ചേർത്ത് യു.എ.ഇയുടെ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും തയാറാക്കിയിട്ടുണ്ട്.
യു.എ.ഇയിൽ സ്വകാര്യ ഏജൻസിയിൽ സ്റ്റുഡിയോ ഹെഡ് ആയ ജ്യോ ഭാര്യ ഡിംബിളിനും മകൾ ജൊവാനക്കുമൊപ്പമാണ് താമസം. അബൂദബിയിൽ ക്രിയേറ്റിവ് ചീഫായി ജോലി ചെയ്യുന്ന മൂത്ത സഹോദരൻ ബിനോയ് ജോണാണ് ജ്യോയുടെ ഏറ്റവും വലിയ പ്രോത്സാഹനം. മൂന്ന് പുതിയ ത്രിഡീ സോഫ്റ്റ്വെയറുകൾ പഠിച്ചാണ് ജ്യോ തന്റെ പാഷൻ നിറവേറ്റുന്നത്.