ജ്ഞാനപ്പാന പുരസ്‌കാരം വൈക്കം രാമചന്ദ്രനും പ്രഫ. വി. മധുസൂദനന്‍ നായര്‍ക്കും
text_fieldsവൈക്കം രാമചന്ദ്രന്, വി. മധുസൂദനന്‍ നായര്‍
ഗുരുവായൂര്‍: ഭക്തിസാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന ബഹുമതിയായ ജ്ഞാനപ്പാന പുരസ്‌കാരം വൈക്കം രാമചന്ദ്രനും പ്രഫ. വി. മധുസൂദനന്‍ നായര്‍ക്കും (2023 ലേത്) നൽകും. 50,001 രൂപയും ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പൂന്താന ദിനമായ ഫെബ്രുവരി 22ന് രാവിലെ 10.30 ന് പൂന്താനം ഓഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ പുരസ്‌കാരങ്ങള്‍ നല്‍കും.
പുരസ്‌കാര നിര്‍ണയത്തിനു മതിയായ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ട് തെക്കന്‍ പറവൂര്‍ സ്വദേശി രതീഷ് മാധവന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈകോടതി ഇടപ്പെട്ടതിനാലാണ് 2023ൽ മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ കഴിയാതെ പോയത്. മധുസൂദനന്‍ നായര്‍ക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനമെടുത്തപ്പോള്‍ പുരസ്‌കാരത്തിന് മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
2020ല്‍ പ്രഭാ വര്‍മക്ക് പുരസ്‌കാരം നല്‍കാനുള്ള തീരുമാനവും കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ജ്ഞാനപ്പാന പുരസ്‌കാരം സ്വീകരിക്കാന്‍ താത്പര്യമില്ലെന്ന് പ്രഭാവര്‍മ സത്യവാങ്മൂലം നല്‍കിയതോടെ ആ വര്‍ഷത്തെ പുരസ്‌കാരം പിന്നീട് പ്രഖ്യാപിച്ചില്ല.


