കണ്ണാടിപോലെ തിളങ്ങും ഇത് കണ്ണാടിപ്പായ
text_fieldsകണ്ണാടിപ്പായ നെയ്യുന്നവർ
വെളിച്ചം വീഴുമ്പോൾ കണ്ണാടിപോലെ തിളങ്ങും. വർഷങ്ങളോളം ഈട്. തുണിപോലെ മൃദുവായതിനാൽ ഒരു മുളങ്കുറ്റിയിൽ ചുരുട്ടിെവച്ച് സൂക്ഷിക്കാം. തീരുന്നില്ല കണ്ണാടിപ്പായയുടെ വിശേഷങ്ങളും കൗതുകങ്ങളും. ഒരു ഗോത്രവർഗ ഉൽപന്നത്തിന് ഭൗമസൂചികാ പദവി കിട്ടിയ സന്തോഷത്തിലാണ് ഇടുക്കി വെൺമണിയിലെ ആദിവാസി സമൂഹം.
ആള് പണ്ടേ പുലിയാ
പുൽപ്പായ, തഴപ്പായ എന്നിവയിൽനിന്ന് വ്യത്യസ്തമാണ് കണ്ണാടിപ്പായ. കൗതുകകരമായ രൂപകൽപനയാണ് കണ്ണാടിപ്പായയുടെ ഹൈലൈറ്റ്. കണ്ണാടിപോലെ മിനുസമാർന്ന പായയുടെ പ്രതലം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാലാണ് ഈ പേര് വന്നത്. ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹങ്ങൾ രാജാക്കന്മാർക്കും മറ്റ് പ്രധാന നേതാക്കള്‍ക്കും ഒരു കാലത്ത് ഈ പായ സമ്മാനമായി നൽകിയിരുന്നു. 1976ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇടുക്കി അണക്കെട്ട് ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ ഈ പായ സമ്മാനിച്ചിട്ടുണ്ട്.
ഒരു പ്രത്യേക പ്രദേശത്ത് മാത്രം ഉണ്ടാകുന്ന അതുല്യമായ ഗുണങ്ങളുള്ള ഉൽപന്നങ്ങള്ക്കാണ് ജി.ഐ ടാഗ് നല്‍കുന്നത്. പ്രാദേശിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപന്നങ്ങള്ക്ക് കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും സഹായകമാണ് കണ്ണാടിപ്പായയുടെ ഇപ്പോഴത്തെ ഭൗമ സൂചിക പദവി. ഊരാളി, മന്നാൻ, മുതുവാൻ ഗോത്ര സമൂഹങ്ങളാണ് ഈ ഉൽപന്നം നിർമിക്കുന്നത്. 10 സെന്റി മീറ്ററിൽ താഴെ വ്യാസമുള്ള ഒരു കുഴലായി ഇത് ചുരുട്ടാൻ സാധിക്കുമെന്നത് കൗതുകമാണ് .
ഭൗമസൂചികയിലെ താരം
ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഉല്പന്നം എന്ന ഖ്യാതിയും കണ്ണാടിപ്പായയെ വ്യത്യസ്തമാക്കുന്നു. ഒരു മാസത്തിലധികം സമയമെടുത്താണ് ഒരു കണ്ണാടിപ്പായ നിർമിക്കുന്നത്. കാട്ടില്‍നിന്ന് ശേഖരിക്കുന്ന ഞൂഞ്ഞിലീറ്റയുടെ നേർത്ത കഷ്ണങ്ങൾ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. നല്ല തണുപ്പു നല്കുന്ന പായ 10 വര്‍ഷം വരെ ഈടുള്ളതാണ്. മുളയുടെ ഇത്രയേറെ നേര്‍ത്ത പാളികൊണ്ട് നിര്‍മിക്കുന്ന പായ വേറെയില്ല. മടക്കുകയോ ഒടിക്കുകയോ ചെയ്യാം.
പായ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസി സമൂഹങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിന് പുതിയ അംഗീകാരം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുരുക്കം ചില ആളുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കണ്ണാടി പായ എന്ന കരകൗശല ഉൽപന്നം ഈ നേട്ടം സ്വന്തമാക്കിയതോടെ പുതിയ തലമുറക്ക് ഈ കരവിരുത് പകർന്നു നൽകാനുള്ള പരിശീലന കളരിയും ഒരുങ്ങുന്നുണ്ട്.
പീച്ചിയിലെ വനഗവേഷണ കേന്ദ്രത്തിന്റെ ശ്രമഫലമായാണ് കണ്ണാടിപ്പായ ഭൗമസൂചിക പദവിയിലേക്കെത്തിയത്. നിർമാണം വ്യാപകമാക്കി കണ്ണാടിപ്പായ വലിയ തോതിൽ കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് വനഗവേഷണകേന്ദ്രം.
പായ ഉപയോഗിച്ച് ക്ലോക്ക് ഫ്ലവര്‍വേസ്, ട്രേകള്‍ തുടങ്ങിയ കരകൗശല ഉല്പന്നങ്ങളും നിർമിക്കുന്നുണ്ട്. ഒരു സ്ക്വയര്‍ ഫീറ്റിന് ആയിരം രൂപ മുതലാണ് ഇവയുടെ വില. ഇടുക്കിക്ക് പുറമെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആദിവാസി വിഭാഗങ്ങളും കണ്ണാടിപ്പായ നിർമിക്കുന്നുണ്ട്.