കലയുടെ തെരുവൊരുക്കാൻ കൊൽക്കത്തയുടെ സ്വന്തം മഞ്ഞ ടാക്സികൾ
text_fieldsകൊൽക്കത്ത: കൊൽക്കത്തയുടെ മഞ്ഞ ടാക്സി വെറുമൊരു ഗതാഗത മാർഗമല്ല. നഗരത്തിന്റെ ഉത്സവത്തിന്റെ വികാരങ്ങളുമായി ഇഴുകിച്ചേരുന്ന ഒരു നിശബ്ദ കൂട്ടാളിയാണ്.
ബംഗാളിന്റെ ദേശീയ ഉൽസവമായ ദുർഗാപൂജയുടെ സമയങ്ങളിൽ, അത് വിഗ്രഹങ്ങളെ ഉണ്ടാക്കാനുള്ള വൈക്കോലും കളിമണ്ണും കൊണ്ടുപോവും. ചിലപ്പോൾ, ഉൽസവത്തിന്റെ ആവേശത്തിൽ കുടുംബങ്ങളോടൊപ്പം ഓടും. പണ്ടു കാലങ്ങളിൽ പന്തലുകളും റേഡിയോ ഗാനങ്ങളും മുതൽ ഇന്നത്തെ ഡിജിറ്റൽ ലൈറ്റുകളുടെ തിളക്കം വരെ അത് വഹിച്ചിട്ടുണ്ട്. ഇങ്ങനെയെല്ലാം ഓരോ ദശകത്തിലും പൂജയുടെ ഒരു പുതിയ മുഖം അനാവരണം ചെയ്തു പോന്നു.
എന്നാൽ, ഇത്തവണ മറ്റൊരു ദൗത്യം കൂടിയുണ്ട് ഈ വാഹനത്തിന്. കൊൽക്കത്തയുടെ തെരുവുകളെ കൺകുളിർപ്പിക്കുന്നതാണത്. ബോഡിയിൽ നിറയെ ഇനി വർണപ്പൂക്കളും ചിത്രങ്ങളുമായി വിഖ്യാതമായ മഞ്ഞ ടാക്സികൾ യാത്രക്കാരെ കാത്തിരിക്കും. സംസ്ഥാനത്തിന്റെ സമൃദ്ധമായ സംസ്കാരിക പാരമ്പര്യത്തെയും കലയെയും പ്രതിഫലിപ്പിക്കൽ ഇതിലൂടെ ലക്ഷ്യമിടുന്നു.