ത്രിമാന ചിത്രകലയിൽ വിസ്മയം തീർത്ത് മലയാളി ദമ്പതികൾ
text_fieldsബഹ്റൈൻ ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് വരച്ച ചിത്രത്തിനരികെ ലിമിനേഷ് അഗസ്റ്റിനും ജിൻസി ബാബുവും
ബഹ്റൈൻ ഗ്രാൻഡ് പ്രീയെ ധന്യമാക്കിയ രണ്ട് ത്രിമാന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിലടക്കം വൈറലാണ്. അതിന് പിന്നിൽ രണ്ട് മലയാളികളാണെന്നതാണ് ഏറെ കൗതുകം. എറണാകുളം സ്വദേശി ലിമിനേഷ് അഗസ്റ്റിനും പ്രിയതമ കൊല്ലം സ്വദേശിനി ജിൻസി ബാബുവും. ലോകശ്രദ്ധയാകർഷിക്കുന്ന വേദികളിൽ ഇത്തരം ചിത്രങ്ങളൊരുക്കുക എന്നത് ഇവർക്ക് പുതുമയുള്ള കാര്യമല്ല എന്നതാണ് മറ്റൊരു വസ്തുത.
വിവിധ രാജ്യങ്ങളിലടക്കം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച രചനകൾ ഇന്നും വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ത്രിമാന ചിത്രങ്ങൾ ഒരുക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാൽ, കാണുന്നവനുള്ള അനുഭൂതി ഏറെയാണ്. ആരും കണ്ടാലൊരു നിമിഷം നോക്കിനിന്നുപോകുന്ന അപൂർവത. മനോഹര ചിത്രങ്ങളിൽ മനുഷ്യന്റെ കണ്ണുടക്കുന്നത് അതിലെ ആകർഷണീയത ഒന്നുകൊണ്ട് മാത്രമാണ്. ലിമിനേഷിന്റെയും ജിൻസിയുടെയും ചിത്രങ്ങൾ അത്തരം അനുഭൂതി നൽകുന്നതാണ്.
ബഹ്റൈൻ ഗ്രാൻഡ് പ്രീ വേദിയുടെ പ്രധാന ഭാഗത്ത് രണ്ട് ചിത്രങ്ങളൊരുക്കിയാണ് ഇരുവരും നിലവിൽ ജനശ്രദ്ധയാകർഷിക്കുന്നത്. സാഖിറിലെ ഗ്രാൻഡ് പ്രീ സർക്യൂട്ട് പരിസരത്ത് പടിക്കെട്ടുകളിലും ഒരു മതിലിലും റൈസിങ് കാറിന്റെ ത്രിമാന ചിത്രമാണ് ഇരുവരും ഒരുക്കിയത്.
ഇരുവരും തയാറാക്കിയ ത്രിമാന ചിത്രങ്ങൾ
ചെറുപ്പകാലം മുതലേ ചിത്രകലയിൽ വൈദഗ്ധ്യമുണ്ടായിരുന്ന ലിമിനേഷ് പഠിച്ചതും പ്രവർത്തിക്കുന്നതും മറ്റൊരു മേഖലയിലാണ്. എന്നിരുന്നാലും അഭിനിവേശത്തിന്റെ പുറത്തുള്ള വരകൾ മിനുക്കിയെടുക്കുന്നതിൽ ലിമിനേഷ് ശ്രദ്ധകൊടുത്തുകൊണ്ടിരുന്നു.
2004ലാണ് ബഹ്റൈനിലെത്തുന്നത്. മിനിസ്ട്രി ഓഫ് ഇന്റീരിയേഴ്സിൽ ഐ.ടി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. നിവവിൽ ഐ.ബി.എം പ്രൊജക്ട് മാനേജറായി തുടരുകയാണ്. 13 വർഷം മുന്നേ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാണ് ജിൻസിയെ. ചിത്രകലകളിൽ താൽപര്യമുണ്ടായിരുന്ന ജിൻസി ലിമിനേഷിനെ പിന്തുടരുന്നയാളായിരുന്നു. മലയാളികളാണെങ്കിലും മുംബൈയിൽ സ്ഥിരതാമസക്കാരായിരുന്നു ജിൻസിയും കുടുംബവും. കല്യാണ ശേഷം ജിൻസിയെ ലിമിനേഷ് ബഹ്റൈനിലേക്ക് കൂട്ടി. പിന്നീട് ഇരുവരും ചേർന്ന് ചിത്ര രചനകളിലെ പുതു തലങ്ങളെ സൃഷ്ടിച്ചുതുടങ്ങി.
ത്രിമാന ചിത്രകലകളിൽ വൈഭവം കണ്ടു തുടങ്ങിയ കാലയളവിലാണ് വലിയൊരു ചിത്രം നിർമിക്കാൻ ലിമിനേഷ് തീരുമാനിച്ചത്. അതിനായി 2012ൽ ന്യൂ ഹൊറിസോൺ സ്കൂളിന്റെ സഹകരണത്തോടെ അവിടെ ഗ്രൗണ്ടിൽ നിർമിച്ച ഭീമാകാരമായ ത്രീഡി ചിത്രം ഗിന്നസ് വേൾഡ് റെക്കോഡിനർഹമായി. അതോടെ ലിമിനേഷ് ആഗോള തലത്തിൽ ശ്രദ്ധയാർജിച്ചു തുടങ്ങി.
പിന്നീട് യു.എൻ തങ്ങളുടെ ഇവന്റുകൾക്കും എസ്.ഡി.ജി പ്രമോഷനുകളുടെ ഭാഗമായും ചിത്രങ്ങൾ നിർമിക്കാൻ ലിമിനേഷിനെ ക്ഷണിച്ചു. ഡബ്ല്യു.എച്ച്.ഒ, ഇന്ത്യൻ ഗവൺമെന്റ് അതോറിറ്റികൾ, ഇന്റർനാഷനൽ ഇവന്റുകൾ തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്ക, ജർമനി, ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് അടക്കം നിരവധി രാജ്യങ്ങളിൽ ലിമിനേഷിന്റെയും ജിൻസിയുടെയും രചനകളുണ്ട്. യു.എൻ ഡയറക്ടർ, ബഹ്റൈൻ രാജകുടുംബം, കിരീടാവകാശി, ശൈഖ് സൽമാൻ തുടങ്ങി നിരവധി പേരുടെ അഭിനന്ദനങ്ങൾക്കും അംഗീകാരങ്ങൾക്കും ഇരുവരും അർഹരായിട്ടുണ്ട്.
ചിത്രകലയിലെ വൈദഗ്ധ്യത്തിനപ്പുറം യൂറോപ്യൻ ലൈസൻസുള്ള ഒരു പൈലറ്റുകൂടിയാണ് ലിമിനേഷ്. യൂറോപ്യൻ പര്യടനങ്ങളിൽ സ്വകാര്യ ചെറു വിമാനങ്ങൾ വാടകക്കെടുത്താണ് ഇരുവരും സഞ്ചരിക്കാറ്. ഐ.ബി.എമ്മിലെ ജോലിയോടൊപ്പം വാർഷിക അവധികളും മറ്റും ക്രമീകരിച്ചാണ് ഇത്തരം ഇവന്റുകൾക്കായി സമയം കണ്ടെത്തുന്നത്.
ജിൻസി ഇപ്പോഴും പഠനം തുടരുന്നുണ്ട്. കൂടെ ഓൺലൈനായി ആർട്ട് അക്കാദമിയും നടത്തുന്നു.