പെണ്മക്ക് നിറം നൽകി സൂരജ
text_fieldsകെ.എസ്.സൂരജ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലെ ചിത്രപ്രദർശനത്തിൽ
കോട്ടയം: കസേരയിൽ അടുക്കിവെച്ചിരിക്കുന്ന വസ്ത്രങ്ങളെ കാണുന്നയാൾക്ക് എന്താണ് ആദ്യം തോന്നുക? അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന തുണികളെ വൃത്തിയാക്കി അടുക്കുന്ന മാനസികവ്യാപാരത്തെ ഒരു കാൻവാസിൽ പകർത്തിയാൽ എങ്ങനെയുണ്ടാകും? നാലുചുവരുകളിലെ ദിനചര്യകൾക്ക് വർണ്ണങ്ങൾ നൽകിയാണ് സൂരജ ചിത്രകലാ ലോകത്ത് വ്യത്യസ്തയാകുന്നത്.
സ്വന്തം അനുഭവങ്ങളെയാണ് സൂരജ കാൻവാസിലേക്ക് വരഞ്ഞിടുന്നത്. അക്രലിക്, പേപ്പർ, നാച്ചുറൽ കളേഴ്സ് കൂടാതെ വാഴനാരുകളിലും ജീവിതത്തിന്റെ പലഭാവങ്ങളെ പുനഃസൃഷ്ടിച്ചിരിക്കുകയാണ്. ഡി.സി കിഴക്കേമുറി ഇടം കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിലാണ് കെ.എസ്.സൂരജയുടെ ഏകാംഗ ചിത്രപ്രദർശനം നടക്കുന്നത്.
സ്ത്രീജീവിതത്തിന്റെ വ്യത്യസ്തത വിശദീകരിക്കുന്ന 75ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിയാണ് സൂരജ. തിരുവനന്തപുരം ആർട്സ് കോളജിൽ നിന്നും ചിത്രകലയിൽ ബിരുദവും തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭർത്താവ് സുധിനും ചിത്രകലാ ബിരുദധാരിയാണ്. മകൻ കൃഷാൻ.